ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വര്‍ഷം തടവ്
Kerala News
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 9:21 pm

തളിപ്പറമ്പ്: പതിനാറുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 52 വര്‍ഷം കഠിനതടവ്. ഞാറ്റുവയല്‍ സ്വദേശിയായ ടി.എം.പി ഇബ്രാഹിമിനെയാണ് (54) തടവിന് വിധിച്ചത്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് നടപടി.

തടവിന് പുറമെ മുന്നേക്കാല്‍ ലക്ഷം രൂപയും ഇയാള്‍ക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. ജഡ്ജി ആര്‍. രാജേഷാണ് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.

ശരീരത്തിലെ ബാധ ഒഴിപ്പിക്കുകയാണെന്ന വ്യജേന പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും കാല്‍വേദന ചികിത്സിക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി പാനീയം നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. ശേഷം പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും വിവരം പുറത്തുവിടരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 77,000 രൂപയും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും കൈപ്പറ്റിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇബ്രാഹിം അറസ്റ്റിലാകുന്നത്. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എന്‍.കെ. സത്യനാഥനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം ഇന്നലെ (വെള്ളിയാഴ്ച) ഏഴ് വയസുകാരനെ ലൈംഗികമായി ആക്രമിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയുടേതായിരുന്നു നടപടി. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (24)യാണ് കഠിനതടവിന് വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് 25,000 രൂപ പിഴയും ചുമത്തിയിരുന്നു.

ജഡ്ജി ആര്‍. രേഖയാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. പിഴ കൃത്യമായി നല്‍കാത്ത പക്ഷം പ്രതി രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.

Content Highlight: sorcerer sentenced for abusing teen in kannur