ഓസ്‌ട്രേലിയ വുമണ്‍സും- ബംഗ്ലാദേശ് വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
മത്സരത്തില്‍ ഓസീസ് ബൗളിങ്ങില്‍ സോഫി മോളിന്യൂക്‌സ് മിന്നും പ്രകടനമാണ് നടത്തിയത്. പത്ത് ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ 53 പന്തുകള്‍ ആണ് സോഫി റണ്‍സ് വിട്ടുനല്‍കാതെ എറിഞ്ഞത്. 1.00 എക്കണോമിയില്‍ ആയിരുന്നു താരം പന്തെറിഞ്ഞത്.
ഇതിനു പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് മോളിന്യൂക്‌സ് സ്വന്തമാക്കിയത്. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച എക്കോണമിയിലുള്ള ബൗളിങ് ആണിത്.
ബംഗ്ലാദേശ് താരങ്ങളായ ഫര്‍ഗാന ഹോക്യു, നിഗാര്‍ സുല്‍ത്താന, റിതു മോണി എന്നിവരെ പുറത്താക്കി കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരം കരുത്തുകാട്ടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 44.1 ഓവറില്‍ 97 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബൗളിങ്ങില്‍ സോഫി മോളിന്യൂക്‌സ് മൂന്ന് വിക്കറ്റും ആഷ്‌ലി ഗാര്‍ഡ്‌നെര്‍, അലന കിങ്, ജോര്‍ജിയ വരെഹാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ 47 പന്തില്‍ 22 റണ്‍സ് നേടിയ നാഹിദ അക്തര്‍ ആണ് ടോപ് സ്‌കോറര്‍.
ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 23.5 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. എലീസ് പെറി അമ്പതു പന്തില്‍ പുറത്താവാതെ 35 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ആഷ്‌ലി ഗാര്‍ഡ്‌നെര്‍ 23 പന്തില്‍ പുറത്താവാതെ 20 റണ്‍സും നേടി.
ബംഗ്ലാദേശ് നിരയില്‍ സുല്‍ത്താന കാട്ടൂണ്‍, റാബേയ കാട്ടൂണ്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് പരമ്പര സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. മാര്‍ച്ച് 27നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഷെര്‍ ഇ ബാംഗ്ലയാണ് വേദി.
Content Highlight: Sophie Molineux great bowling against Bangladesh