ന്യൂസിലാന്‍ഡ് വുമണ്‍സും-ഇംഗ്ലണ്ട് വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസിന് തകര്‍പ്പന്‍ വിജയം. നേരത്തെ പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ഇംഗ്ലണ്ടിനെതിരെ ആശ്വാസ വിജയത്തിന് ആയിരുന്നു ന്യൂസിലാന്‍ഡ് കളത്തിലിറങ്ങിയത്. അവസാന മത്സരത്തില്‍ ഇംഗ്ലീഷ് പടയെ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്.
സെഡൻ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 46.3 ഓവറില്‍ 194 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റിങ്ങില്‍ 52 പന്തില്‍ അന്‍പതു റണ്‍സ് നേടിയ ആമി ജോണ്‍സ് ആണ് ടോപ് സ്‌കോറര്‍. ആറ് ഫോറുകള്‍ ആയിരുന്നു താരം അടിച്ചെടുത്തത്. 64 പന്തില്‍ 38 റണ്‍സ് നേടി ചാര്‍ളി ഡീനും 50 പന്തില്‍ 31 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹേദര്‍ നൈറ്റും നിര്‍ണായകമായി.
ന്യൂസിലാന്‍ഡ് ബൗളിങ്ങില്‍ ജസ് കെര്‍, ഹന്ന റോവ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും അമേലിയ കെര്‍ രണ്ട് വിക്കറ്റും സൂസി ബേറ്റ്‌സ് ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 39 ഓവറില്‍ 7 വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്നു പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ കരുത്തിലാണ് കിവീസ് ജയിച്ചു കയറിയത്. 11 ഫോറുകളും നാല് സിക്‌സുകളും ആണ് താരം നേടിയത്.
ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിവന്ന സാഹചര്യത്തില്‍ ഡിവൈന്‍ 94 റണ്‍സുമായാണ് ക്രീസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 39 ആം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊണ്ട് ടീമിനെ വിജയത്തില്‍ എത്തിക്കാനും സെഞ്ച്വറി നേട്ടത്തില്‍ എത്താനും ഡെവിന് സാധിച്ചു.
ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ന്യൂസിലാന്‍ഡ് താരം സ്വന്തമാക്കിയത്. വുമണ്‍സ് ക്രിക്കറ്റില്‍ ഇത് ആദ്യമായാണ് ഒരു താരം സിക്‌സ് നേടിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുന്നതും സെഞ്ച്വറി നേടുന്നതും.
ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് -റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ ഇതിന് സമാനമായ രീതിയില്‍ സിക്‌സര്‍ നേടിക്കൊണ്ട് സെഞ്ച്വറിയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ആയിരുന്നു ഇത്തരത്തില്‍ സിക്‌സ് നേടി കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്.
അവസാന ഓവറില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടത് ഒരു റണ്‍സും ബട്‌ലറിന് സെഞ്ച്വറി നേടാന്‍ വേണ്ടത് ആറ് റണ്‍സും എന്ന അവസ്ഥയായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ ആദ്യ പന്തില്‍ സിക്സര്‍ പായിച്ചാണ് ബട്ലര്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.
Content Highlight: Sophie Devine create a new record in ODI