യുവതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിൽ ഇറങ്ങി വമ്പൻ വി
ജയമായ ചിത്രമാണ് ബാംഗ്ലൂർ ഡേയ്‌സ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് അൻവർ റഷീദും സോഫിയ പോളും ചേർന്നായിരുന്നു.
ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത്, നസ്രിയ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം അന്ന് ഇന്ത്യയൊട്ടാകെ സ്വീകാര്യത നേടിയിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് എന്നും മലയാളികൾ ഓർത്ത് വെക്കുന്ന സിനിമയായിരിക്കുമെന്ന് അൻവർ റഷീദ് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്ന് സോഫിയ പോൾ പറയുന്നു.
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അൻവർ ബാംഗ്ലൂർ ഡേയ്സിന്റെ കാര്യം പറഞ്ഞെന്നും അങ്ങനെയാണ് താനും ബാംഗ്ലൂർ ഡേയ്സിന്റെ നിർമാതാവിൽ ഒരാളാവുന്നതെന്നും സോഫിയ പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അവർ.
‘അൻവർ റഷീദിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യിപ്പിക്കാം എന്നൊക്കെയായിരുന്നു ആദ്യത്തെ പ്ലാൻ. അങ്ങനെയാണ് പുള്ളിയെ ചെന്ന് കാണുന്നതൊക്കെ. പക്ഷേ അന്ന് സംവിധാനത്തിൽ ഒരു ഇടവേളയെടുത്ത് പ്രൊഡക്ഷനിലോട്ട് ഇറങ്ങാനായിരുന്നു അൻവറിന്റെ പ്ലാൻ.
അങ്ങനെയാണ് പുള്ളി ബാംഗ്ലൂർ ഡേയ്സിനെ കുറിച്ച് പറയുന്നത്. നമ്മുടെ അടുത്തൊരു പ്രൊജക്റ്റ് ഉണ്ട് അഞ്ജലി മേനോനാണ് സംവിധാനം ചെയ്യുന്നത് ഞങ്ങൾക്കൊരു കോ – പ്രൊഡ്യൂസർ വേണം എന്നൊക്കെ. അൻവർ അപ്പോൾ തന്നെ എന്നോട് കഥ പറഞ്ഞു.
അതിന്റെ കൂടെ തന്നെ പുള്ളി ഒരു വാക്കും പറഞ്ഞു, ഇതെന്നും മലയാളികൾ ഓർക്കുന്ന ഒരു സിനിമയായിരിക്കുമെന്ന്. പുള്ളിക്ക് അത്രയും കോൺഫിഡൻസ് അതിനകത്ത് ഉള്ളത് കൊണ്ടായിരിക്കുമല്ലോ നമ്മളോട് അങ്ങനെ പറയുന്നത്. പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല.
ആദ്യം തന്നെ ഇറങ്ങിയത് നല്ലൊരു സിനിമയിലേക്കായിരുന്നു. അത് ഇന്ത്യയിൽ മൊത്തത്തിൽ എല്ലാവരും ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു.
ഇപ്പോൾ അതിന്റെ റീമേക്ക് വന്നു. ബാംഗ്ലൂർ ഡേയ്‌സ് അന്ന് ബാംഗ്ലൂരിലും 100 ദിവസം ഓടിയിരുന്നു,’ സോഫിയ പോൾ പറയുന്നു.
Content Highlight: Sophia Paul Talk About Bangalore days Movie