ഷെയ്ൻ അയച്ച ലെറ്റർ ലീക്കായതിൽ എനിക്ക് സങ്കടമുണ്ട്; അതത്ര നല്ലകാര്യമായി തോന്നുന്നില്ല
Entertainment
ഷെയ്ൻ അയച്ച ലെറ്റർ ലീക്കായതിൽ എനിക്ക് സങ്കടമുണ്ട്; അതത്ര നല്ലകാര്യമായി തോന്നുന്നില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th August 2023, 2:55 pm

പ്രൊഡ്യൂസർ അസോസിയേഷനിലേക്കായി ഷെയ്ൻ നിഗം നൽകിയ കത്തും താൻ സമർപ്പിച്ച കത്തും ലീക്കായതിൽ തനിക്ക് സങ്കടമുണ്ടെന്ന് നിർമാതാവ് സോഫിയ പോൾ. കത്തിലെ കാര്യങ്ങൾ പബ്ലിക്കായി സംസാരിക്കേണ്ടതായി തോന്നിയിരുന്നില്ലെന്നും അതുകൊണ്ടാണ് അതിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതെന്നും അവർ പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സോഫിയ.

ആർ.ഡി. എക്സ് എന്ന ചിത്രത്തിൽ തനിക്കായിരുന്നു ലീഡ് റോൾ എന്ന് നേരത്തെ പറഞ്ഞിരുന്നെന്നും എന്നാൽ ഷൂട്ടിങ് നടക്കുമ്പോൾ അങ്ങനെയല്ല എന്ന് തനിക്ക്‌ തോന്നിയതെന്നുമായിരുന്നു കത്തിൽ ഷെയ്ൻ പറഞ്ഞത്. കത്തിൽ പറയുന്നതിന്റെ വാസ്തവം എന്താണെന്നും സ്ക്രിപ്റ്റിൽ മാറ്റം വരുത്തിയിരുന്നോയെന്നുമുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സോഫിയ.

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നാൽ പ്രൊഡ്യൂസർമാർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കുന്ന അസോസിയേഷൻ ആണല്ലോ. ഞാൻ വളരെ കോൺഫിഡൻഷ്യൽ ആയി കൊടുത്ത ഒരു കത്താണ്. സ്വാഭാവികമായും അത് പബ്ലിക് ആകുമ്പോൾ നമുക്കത് വിഷമമാകും.

ലീക്കായപ്പോൾ അത് ഇത്രയും കോൺഫിഡൻഷ്യൽ ആക്കേണ്ടിയിരുന്നില്ലല്ലോ എന്ന് നമുക്ക് തോന്നും. മാത്രമല്ല, എല്ലാവരും അറിയാൻ ആണെങ്കിൽ അത് പബ്ലിക്കിൽ വന്ന് പറഞ്ഞാൽ പോരെ? അതുകൊണ്ട് അത് അസോസിയേഷനിൽകൊടുത്തു. കോൺഫിഡൻഷ്യൽ എന്ന് വിചാരിച്ച ഒരു സാധനം പരസ്യമായപ്പോൾ അത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നിയില്ല.

ഒരു ചാനലുകാരോടും ഞാൻ സംസാരിച്ചില്ല. പലരും എന്നെ വിളിച്ചിരുന്നു. പബ്ലിക്കലി സംസാരിക്കേണ്ട ഒരു കാര്യമല്ല, അതുകൊണ്ട് ഞാൻ ഇതിനെപ്പറ്റി സംസാരിക്കാൻ ഒരു ചാനലിലും വരില്ല.

പിന്നെ സ്ക്രിപ്റ്റിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടില്ല. ഒരു അഭിനേതാവിനോട് കഥ പറഞ്ഞിട്ട് പിന്നീടതിൽ മാറ്റങ്ങൾ വരുത്തില്ല. അത് സിനിമ കാണുമ്പോൾ അവർക്ക്‌ മനസിലാകും. അവർ സ്ക്രിപ്റ്റ് വായിച്ചതാണല്ലോ. ചെറിയ ചെറിയ മാറ്റങ്ങൾ എന്തായാലും ഉണ്ടാകും, വലിയ രീതിയിൽ മാറ്റം ഉണ്ടാകില്ല. അവരുടെ കഥാപാത്രം അങ്ങനെ തന്നെ ആയിരിക്കും,’ സോഫിയ പോൾ പറഞ്ഞു.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ നായകന്മാരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ഡി.എക്‌സ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Content Highlights: Sophia Paul on Shane Nigam