കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി ബന്ധപ്പെടുത്തി തങ്ങളുടെ പുതിയ സിനിമയായ ബിസ്മി സ്‌പെഷ്യലിനെതിരായ വാര്‍ത്തകള്‍ക്കെതിരെ നിര്‍മ്മാതാവ് സോഫിയ പോള്‍.
ആര്‍.എസ്.എസ് മുഖപത്രമായ ജന്മഭൂമിയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ജന്മഭൂമിയെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തിയെങ്കിലും ജന്മഭൂമിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്താന്‍ തയ്യാറായില്ലെന്ന് സോഫിയാ പോള്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മലയാള സിനിമാ നിര്‍മ്മാണ രംഗത്തുള്ള ‘വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ’ ബാനറില്‍ സോഫിയാ പോള്‍ എന്ന ഞാന്‍ നിര്‍മ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി എന്നീ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് സോഫിയ പോള്‍.
നേരത്തെ സ്വര്‍ണ്ണക്കള്ളക്കടത്തും മായാനദി സിനിമയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ക്കെതിരെ മറുപടിയുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും രംഗത്ത് എത്തിയിരുന്നു. താന്‍ നിര്‍മ്മിച്ച മായാനദി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാര്‍ത്ത പ്രചരിച്ചു കാണുന്നെന്നും എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകള്‍ക്ക് നിരക്കാത്ത വ്യാജ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു.
സോഫിയാ പോളിന്റെ പ്രതികരണം പൂര്‍ണരൂപം,
കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളില്‍ ‘ബിസ്മി സ്‌പെഷ്യല്‍’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമര്‍ശിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മലയാള സിനിമാ നിര്‍മ്മാണ രംഗത്തുള്ള ‘വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ’ ബാനറില്‍ സോഫിയാ പോള്‍ എന്ന ഞാന്‍ നിര്‍മ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തെറ്റായ വാര്‍ത്ത വന്ന മാധ്യമങ്ങളില്‍ ജന്മഭൂമി ദിനപത്രത്തിന്റെ ബഹുമാനപ്പെട്ട പത്രാധിപര്‍ ഞങ്ങള്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടന്‍ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രസിദ്ദീകരിച്ച മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടന്‍ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിത്തമില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ