| Tuesday, 12th February 2013, 10:03 am

സൂര്യനെല്ലി: ധര്‍മരാജനെതിരെ അറസ്റ്റ് വാറന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സൂര്യനെല്ലി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ മൂന്നാംപ്രതി ധര്‍മരാജനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.[]

കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് വാറന്റ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.

കോട്ടയം എസ്പിക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. പൊന്‍കുന്നം സിഐ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും.

ധര്‍മ്മരാജനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൈസൂരിലേക്ക് തിരിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും സംഘം തിരിക്കുക.

സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ധര്‍മരാജന്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി ധര്‍മരാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് കോടതിയില്‍ അറിയിച്ചത്.

ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇന്നലെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി സി.രാജഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചത്. സൂര്യനെല്ലി പീഡനത്തില്‍ പി.ജെ കുര്യന് പങ്കുണ്ടെന്ന് വ്യക്തമാക്കി ധര്‍മ്മരാജന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെയാണ് പി.ജെ കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി ന്യൂസ് ചാനലില്‍ ധര്‍മരാജന്‍ വന്നത്.  ഇതോടെ ധര്‍മരാജനെ പിടികൂടാന്‍ ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചു. കോട്ടയം എസ്.പിക്കാണ് ചുമതല. പൊന്‍കുന്നം സി.ഐ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും.

We use cookies to give you the best possible experience. Learn more