പരിഭവത്തോടെ ആകാശത്തേയ്ക്ക് പറന്നുയരവേ…….. അവള്‍ ചിലച്ചൂ…… നീയൊക്കെ മണ്ണില്‍ ഉറച്ചത്… നിന്റെയൊക്കെ കുശുമ്പുകൊണ്ടാ…. കണ്ടോ… എന്നെ ആകാശം ലാളിക്കുന്നത്…!
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
ഒരു പക്ഷി ചിലക്കുമ്പോള്‍, അത് അതിന്റെ ആത്മാവുകൊണ്ട് എന്താണ് പ്രകൃതിയോട് പറയാന്‍ ശ്രമിക്കുന്നത്..? ഒരുപക്ഷേ അത് അതിന്റെ ഇണയോട് പരിഭവിക്കുന്നതാവാം. അല്ലെങ്കില്‍ അവര്‍ കലഹിക്കുന്നതാവാം… അതോ പ്രകൃതി അവരെ പഠിപ്പിച്ചൊരു ഗാനം ആ പക്ഷിയുടെ എല്ലാ നിഷ്‌കളങ്കതയോടെയും ആലപിക്കാന്‍ ശ്രമിക്കുകയോ..?[]
ഒരു മനുഷ്യന്‍ അവന്റെ ആത്മാവിനാല്‍ സംസാരിക്കുന്ന ഒരു നിമിഷമെങ്കിലും ഉണ്ടോ…?
തെളിഞ്ഞ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും സുതാര്യതയോടെയും ഒരു വാക്ക്. അതൊരു നേര്‍ത്ത കരച്ചിലാവുമെന്ന് തോന്നുന്നു.
പെറ്റിടുന്നൊരു കുഞ്ഞിനോട് അമ്മയത് പറഞ്ഞിട്ടുണ്ടാവാം… ജീവിതം മുഴുവന്‍ ഒരിക്കല്‍ കൂടി അത്തരമൊരു മോഹിപ്പിക്കുന്ന വാക്ക് തേടിയാവാം പിന്നീട് അവന്റെ നടത്തം.
അവന്റെ പ്രണയിനിക്ക് മാത്രം പ്രണയത്തിന്റെയോ സ്വയം നഷ്ടമാകലിന്റെയോ നിമിഷത്തില്‍ ഒരുപക്ഷേ അത്തരമൊരു വാക്ക് അവനു നല്‍കാന്‍ സാധിച്ചേക്കാം.. അപ്പൊഴും പുരുഷന്‍ ഒരു പരാജയമായിരിക്കും. അല്ലെങ്കില്‍ അത്രയും പരാജയപ്പെട്ടവനായി വിജയിക്കണം.
ക്രിസ്തുവിനെപ്പോലെ ചാട്ടവാറടിയും കുരിശില്‍ പിടച്ചിലും ഉണ്ടായതിനു ശേഷം അമ്മയുടെയോ കാമുകിയുടെയോ മടിയില്‍ തലവെച്ച് ജീവന്റെ അവസാന തുള്ളിയില്‍ തൂങ്ങിക്കിടക്കവേ പ്രകൃതിയുടെ ആ കരച്ചില്‍ അവന്റെ തൊണ്ടയില്‍ നിന്നോ മിഴികളില്‍ നിന്നോ അടര്‍ന്നു വീണേക്കാം…!
ഞാന്‍ വലിയവനെന്ന് ചിന്തിക്കുന്നൊരാളില്‍ നിന്നും അത്തരമൊരു വാക്ക് പ്രതീക്ഷിക്കേണ്ടതില്ല… അത്തരം ആള്‍ക്കാര്‍ക്ക് ആരെയും ജീവിതത്തില്‍ സന്തോഷിപ്പിക്കാനും ആവില്ല !
പക്ഷി പരിഭവിക്കുന്നു… ഞങ്ങളെക്കുറിച്ച് പറയവേ സൂര്യാ നീ എപ്പോഴും മനുഷ്യനിലേക്ക് പോകുന്നതെന്തിന് …?
ഹേയ്, ഇല്ല…! പാടു പ്രിയപ്പെട്ട പക്ഷീ…
പരിഭവത്തോടെ ആകാശത്തേയ്ക്ക് പറന്നുയരവേ…….. അവള്‍ ചിലച്ചൂ…… നീയൊക്കെ മണ്ണില്‍ ഉറച്ചത്… നിന്റെയൊക്കെ കുശുമ്പുകൊണ്ടാ…. കണ്ടോ… എന്നെ ആകാശം ലാളിക്കുന്നത്…!
ഞാന്‍ എന്റെ മനസ്സില്‍ ചിറകടിച്ച പക്ഷിയെ കൂടുതുറന്ന് വിട്ടു പറഞ്ഞു …….. ചെല്ലൂ… ചെന്നാ പക്ഷിയെ തോല്‍പിച്ചിട്ട് വാ…..