ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
ഷെഹറസാദ് മയങ്ങിക്കിടക്കുന്നു. അവള്‍ക്കരികിലിരുന്ന് ഞാന്‍ അവളുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. രാവുകളില്‍ ഉറക്കമിളച്ച് അവളുടെ കണ്‍തടങ്ങള്‍ നീലിച്ചിരിക്കുന്നു. കണ്‍പീലികള്‍ ഉറക്കത്തില്‍ ചിമ്മുന്നു. ചുണ്ടുകള്‍ പറയാന്‍ വന്നൊരു കഥയെ കടിച്ചുവിഴുങ്ങി. അവള്‍ ഒരു പൈതലിനെപ്പോലെ അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നതുപോലെ ഉറങ്ങുന്നു.[]
കഥപറച്ചിലുകാരി…. എത്രയോ കാലം മുന്നെ എനിക്കിവളെ അറിയാം. മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്നെ കുതിരവണ്ടി ഇവളെയും വഹിച്ച് കൊട്ടാരത്തിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ ആ പോക്ക് നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസവും ഓരോ കന്യകയെ വിവാഹം കഴിച്ച് പിറ്റേന്ന് അവരെ കൊല്ലുന്ന ഷെഹരിയാര്‍ രാജാവിന്റെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികളുടെയും മുഖം ഞങ്ങള്‍ ചെറുപ്പക്കാര്‍ ആര്‍ത്തിയോടെയാണ് നോക്കിയിരുന്നത്. നാളെ കൊഴിഞ്ഞു പോകാവുന്നൊരു റോസാപുഷ്പത്തെയെന്നതുപോലെ. ആ നോട്ടങ്ങളില്‍ ആര്‍ത്തിപിടിച്ച കാമനകളായിരുന്നില്ല. “പ്രിയപ്പെട്ട പെണ്‍കുട്ടീ ഞങ്ങളൊട് ക്ഷമിക്കൂ” എന്ന നൊമ്പരമായിരുന്നു. അവരുടെ ഒരു നിമിഷത്തെ നോട്ടത്തെ ഞങ്ങള്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അങ്ങനെ എത്രയെത്ര നോട്ടങ്ങള്‍ ! ഒരു ദിവസം കഴിഞ്ഞ് പിറ്റേന്ന് നിര്‍ജ്ജീവമാകുന്ന കണ്ണുകള്‍.
ഷെഹറസാദ്, നീ അവസാനക്കാരിയായാണ് പോയത്. നമ്മുടെ രാജ്യത്തെ എല്ലാ കന്യകകളും അപ്പോള്‍ രാജാവിന്റെ ദേഷ്യത്തില്‍ അവസാനിച്ചിരുന്നു. ഒരു ദിവസം കൂടിക്കഴിഞ്ഞാല്‍ കന്യകകളെ കിട്ടാത്ത രാജാവ് ഓരോ ചെറുപ്പക്കാരന്റെയും കഥകഴിക്കുമെന്ന് ഞങ്ങള്‍ ഭയന്നിരുന്നു. തലവെട്ടുമ്പോള്‍ കബന്ധത്തില്‍ നിന്നും ചീറ്റിത്തെറിക്കുന്ന ചോരയില്‍ ഒരിക്കലെങ്കിലും രാജാവ് സംതൃപ്തനായാല്‍. പിന്നീട് എന്നുമൊരു രക്തബലി.
ഷെഹറാസാദ് നീയാണോ എന്നോട് സംസാരിച്ചത്. എത്രയ്ക്ക് മധുരമായിരുന്നു ആ ശബ്ദം. ആയിരത്തൊന്നു രാവുകളില്‍ ഈ മധുരശബ്ദം കേട്ടിരുന്ന രാജാവിന്റെ കാതുകളില്‍ തേനറകള്‍ രൂപപ്പെട്ടില്ലെന്നോ…? ഇത്രയും തേനൂറുന്ന വാക്കുകള്‍ നല്‍കി നീ രാജാവിന്റെ തലച്ചോറിനെ മധുരീകരിച്ചില്ലെന്നോ..?
ഷെഹറസാദ് ഒരു നിമിഷം റോസാദലനാവ് നീട്ടി ചുണ്ടുകള്‍ നുണഞ്ഞു .
ഷെഹറസാദ് നിന്നെ പിറ്റേന്ന് ഞങ്ങള്‍ കാത്തിരുന്നു. നിന്നെ രാജാവ് കൊന്നെന്നറിഞ്ഞ കാഴ്ചകാണാന്‍ കഴിയാതെ നിന്റെ പ്രിയപ്പെട്ടവര്‍ അന്ന് വീടിനു പുറത്തിറങ്ങിയില്ല. നീ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത കഥകള്‍ അവര്‍ പറഞ്ഞു നടന്നു. നിന്റെ കഥകള്‍ കൊട്ടാരത്തില്‍ മാത്രമല്ല ഞങ്ങളിലും പടര്‍ന്നു പിടിച്ചു.
എനിക്ക് ഉറങ്ങാന്‍ ഒരു കഥ പറയുമോ…? എന്റെ കണ്ണുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ല. കണ്ണടച്ചാല്‍ എന്റെ മുന്നില്‍ രാജാവാണു. കഥകള്‍ പറയാന്‍ ആജ്ഞാപിച്ചുകൊണ്ട്.. പ്രിയകൂട്ടുകാരാ ഒരു കഥ പറയൂ…. അവള്‍ മെല്ലെ മെല്ലെ തേങ്ങുന്നു…
ഷെഹറസാദ്, അമ്പരന്നു…
അതോ… ഈ മരങ്ങള്‍ ഭൂമിയില്‍ നടക്കുന്നവരായിരുന്നു. ചിലപ്പോള്‍ അവര്‍ അകാശങ്ങളില്‍ കാറ്റിനൊപ്പം പറന്നും നടന്നു. ആ കാലത്തൊരിക്കലാണ് വസന്തവുമായി അവര്‍ വെല്ലുവിളിച്ചത് ഞങ്ങളെ ഓടിച്ചിട്ട് പിടിക്കാമോയെന്ന്…? വസന്തം അതിന്റെ ശക്തിയെല്ലാം സംഭരിച്ച് വൃക്ഷങ്ങള്‍ക്ക് പിന്നാലെ പാഞ്ഞു.. എന്നാല്‍ മരങ്ങള്‍ വാല്‍വേരുമിളക്കി പറന്നു പോയി… ഇടയ്ക്ക് വസന്തത്തെ അവര്‍ വാല്‍വേരിളക്കി കളിയാക്കി. വസന്തം തളര്‍ന്നു.
ആ വര്‍ഷം ഒരു മരം പോലും പൂത്തുലഞ്ഞില്ല. കിളികള്‍ വിശന്നു കരഞ്ഞു. തേനീച്ചകള്‍ ചിറകുപൊഴിഞ്ഞ് നിലത്തുവീണു. ലോകം വിശപ്പായി മാറി. വിശപ്പിന്റെ നിലവിളികള്‍ എങ്ങുമുയര്‍ന്നു.
ഷെഹറസാദ് നീ ഉറങ്ങിയോ….. ?
ഇല്ല…. വിശക്കുന്നു… നിന്റെ കഥ എന്നെ വിശപ്പറിയിക്കുന്നു… പറയൂ….
ഇല്ല…. വിശക്കുന്നു… നിന്റെ കഥ എന്നെ വിശപ്പറിയിക്കുന്നു… പറയൂ….
മരങ്ങള്‍ മാത്രം ഭൂമിയില്‍ സന്തോഷിച്ചു. മറ്റുള്ളവയെല്ലാം മരങ്ങളോട് പിണങ്ങി നിന്നു. അപ്പോഴാണു മരം മരച്ചിയെ നോക്കിയത്… അവന്‍ അവളുടെ ഇലകളില്‍ തൊട്ടു നോക്കി. അവള്‍ അവനോട് ചേര്‍ന്നു നിന്നു. അവനും അവളും ചേര്‍ന്നു പറന്നു. ഒരുമിച്ച് നടന്നു. അവര്‍ എല്ലാ ആകുലതകള്‍ക്കും അപ്പുറത്തേയ്ക്ക് കടന്നു ചെന്നു. അവനും അവളും എല്ലാം മറന്ന് കണ്ണുകളില്‍ നോക്കിയിരുന്നു. നോക്കി നോക്കിയിരിക്കേ വേരുകള്‍ വെള്ളമന്വേഷിച്ച് മണ്ണിനടിയിലേക്ക് നൂണ്ടിറങ്ങി.
ആ വര്‍ഷം വസന്തം വന്നു. അവള്‍ ഓരോ മരത്തിനെയും പുളകമണിയിച്ചു. ഭൂമിയില്‍ ആദ്യ പൂ വിരിഞ്ഞപ്പോള്‍ ആദ്യ കിളി ചിറകടിച്ചു. പിന്നെയും പൂ വിരിഞ്ഞപ്പോള്‍ കിളികള്‍ പാടി. പൂക്കള്‍ തളര്‍ന്നു കിടന്ന പൂമ്പാറ്റകള്‍ക്ക് സുഗന്ധമരുന്നു നല്‍കി ഉണര്‍ത്തി. അവ പറന്നു ചെന്നു തേന്‍ നുകര്‍ന്ന് നൃത്തം ചെയ്തു. ശലഭച്ചിറകുകളില്‍ സൂര്യന്‍ പതിച്ച് ഭൂമിയില്‍ വര്‍ണ്ണവിസ്മയമൊരുങ്ങി…
അപ്പോഴും നിറയെ പൂത്തുലഞ്ഞ മരങ്ങള്‍ ഒന്നുമറിയാതെ നോക്കിയിരുന്നു..!
“ഷെഹറാസാദ്……. നീ കേള്‍ക്കുന്നുവോ… അപ്പോള്‍ വസന്തത്തിന് അതിശയമായിരുന്നു… ഈ പൂക്കള്‍ക്ക് താന്‍ നിറം മാത്രമല്ലേ നല്‍കുന്നുള്ളൂ… ആരാണീ സുഗന്ധം നല്‍കുന്നത്…?”
ഷെഹറസാദ് ഉറക്കത്തില്‍ മന്ത്രിച്ചു.
പ്രണയം.!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: