ഷെഹറസാദ്, ഉറങ്ങിക്കൊള്ളൂ…, നിന്റെ കരള്‍ പറിച്ച് തിന്നുന്നൊരു രാജാവല്ല ഞാന്‍.. നിന്നെ ഇഷ്ടപ്പെടുന്നൊരു മനുഷ്യനാണ്…
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
1. കഥപറച്ചിലുകാരി..
ഇന്നലെ രാത്രി ഷെഹറാസാദ് സ്വപ്നത്തില്‍ വന്നു… ഉറങ്ങാതിരുന്നതിനാല്‍ അവളുടെ കണ്ണുകളില്‍ ഉറക്കം കെട്ടിക്കിടന്നിരുന്നു…
ഞാനവളെ നോക്കിയപ്പോള്‍ അവള്‍ ചോദിച്ചു “എന്തേ കഥകേള്‍ക്കണോ…?”
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ പറഞ്ഞു…
“വേണ്ട…!”
അവള്‍ സംശയിച്ചപ്പോള്‍ ഞാന്‍ വാക്കുകളെ നോവിക്കാതെ പറഞ്ഞു…[]
“ഷെഹറസാദ്, ഉറങ്ങിക്കൊള്ളൂ….., നിന്റെ കരള്‍ പറിച്ച് തിന്നുന്നൊരു രാജാവല്ല ഞാന്‍…. നിന്നെ ഇഷ്ടപ്പെടുന്നൊരു മനുഷ്യനാണ്… കഥകള്‍ പറഞ്ഞ് പറഞ്ഞ് നാവു നീരുവന്ന, കഥകള്‍ ചിന്തിച്ച് ചിന്തിച്ച് തല മരവിച്ച നിന്നെ ഞാന്‍ അറിയുന്നു…എല്ലാ കഥകളും ഉപേക്ഷിച്ച്, എല്ലാ ആകുലതകളുമുപേക്ഷിച്ച്, പ്രിയപ്പെട്ട കൂട്ടുകാരീ നീ ഉറങ്ങൂ… ഞാന്‍ കഥ പറയാം…!”
“പ്രിയനേ ഇതാ നിനക്കെന്റെ ഹൃദ…” മുഴുമിക്കുന്നതിനു മുന്നെ അവളുടെ മിഴികള്‍ കൂമ്പിയടഞ്ഞു…
2. ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…
ഉറക്കത്തില്‍ ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍ അവളെ സ്‌നേഹിച്ച നിലാവെട്ടം അവളുടെ മിഴികളിലേക്ക് പാഞ്ഞു കയറി. നിലാവു കയറിയ മിഴികള്‍ അല്പസമയം അവള്‍ തുറന്നുവെച്ചു. പിന്നെ ആയാസത്തോടെ മിഴികള്‍ പൂട്ടി. മിഴികള്‍ക്കും കൃഷ്ണമണികള്‍ക്കുമിടയില്‍ കുരുങ്ങിയ നിലാത്തുള്ളികളെക്കുറിച്ചോര്‍ത്ത് അസൂയപ്പെട്ട് നിലാവ് വീണ്ടും കാത്തു നില്‍ക്കെ, എനിക്കവളോട് ഇരുട്ടിനെക്കുറിച്ചൊരു കഥ പറയാനാണ് തോന്നിയത്.
ലോകാരംഭം സര്‍വ്വത്ര ഇരുട്ടിലായിരുന്നു. ഇരുട്ടില്‍ ഒരു വെട്ടം വീണപ്പോള്‍ ഇരുട്ട് ഞെട്ടിത്തരിച്ചിരിക്കാം. ഇരുട്ടിന്റെ നെഞ്ചുതുളച്ച വെളിച്ചത്തെ അത് ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷേ വെളിച്ചത്തെ എപ്പോഴും അവന്‍ ഭയന്നു. വെളിച്ചം കടന്നുവരുന്നിടത്തുനിന്നൊക്കെ അവന്‍ ജീവനുംകൊണ്ട് പാഞ്ഞു. എന്നാല്‍ വെളിച്ചത്തിന്റെ അതിരില്‍ അവന്‍ കാത്തുകാത്തു നിന്നു. വെളിച്ചത്തിന്റെ ആരോഗ്യം ക്ഷയിക്കുന്ന ആ നിമിഷം അതിനെ ആക്രമിച്ചു കീഴടക്കാനും ഇരുട്ടിന്റെ അപ്രമാദിത്വം സ്ഥാപിക്കാനും.
ഇരുട്ടിനെ മരണത്തിന്റെ കൂട്ടുകാരിയെന്നു വിളിക്കാം. വെളിച്ചത്തെ ജീവിതത്തിന്റെ കൂട്ടുകാരിയെന്നും.
ലോകാരംഭം സര്‍വ്വത്ര ഇരുട്ടിലായിരുന്നു. ഇരുട്ടില്‍ ഒരു വെട്ടം വീണപ്പോള്‍ ഇരുട്ട് ഞെട്ടിത്തരിച്ചിരിക്കാം. ഇരുട്ടിന്റെ നെഞ്ചുതുളച്ച വെളിച്ചത്തെ അത് ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷേ വെളിച്ചത്തെ എപ്പോഴും അവന്‍ ഭയന്നു.
കഥകേട്ട് ഷെഹറാസാദിന്റെ കാതുകളില്‍ വാക്കുകള്‍ ക്ഷോഭിച്ചു. കാതുകള്‍ പറഞ്ഞു… കഥകളെ ഇനിയും ലഘൂകരിക്കൂ മനുഷ്യാ… ഇരുട്ടിനെക്കുറിച്ച് ഇതിലും മനോഹരമായി കാതുകള്‍ കോരിത്തരിക്കുന്നൊരു കഥ പറയൂ… !
ഷെഹറാസാദ് നീ ഇപ്പോള്‍ രാജ്ഞിയും ഞാന്‍ നിന്റെ അടിമയുമായോ…
കാതുകള്‍ കോരിത്തരിക്കുന്ന കഥ…! അവളുടെ കാതുകളെ അതിരിട്ടും കമ്മലിനെ തിളക്കിയും നിലാവും; അതിനുള്ളിലെ നിഗൂഡതയില്‍ ഇരുട്ടും, ഇരുട്ടിന്റെ അവസാനം വെളുത്ത തലച്ചോറും. ഷെഹറസാദിന്റെ തലച്ചോറിനെ ഇരുട്ട് കൂട്ടാക്കിയാവണം ഇരുട്ടിനെ മോഹിക്കുന്നൊരു കഥ പറയാന്‍ ആവശ്യപ്പെടുന്നത്…
ഷെഹറാസാദ് നീ ഇപ്പോള്‍ രാജ്ഞിയും ഞാന്‍ നിന്റെ അടിമയുമായോ…?
ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. രാജകൊട്ടാരത്തില്‍ എല്ലാവരും അവളെ സ്‌നേഹിച്ചു. എന്നു പറഞ്ഞാല്‍ ഇലകളും പൂക്കളും പക്ഷികളും തുമ്പികളും ചിത്രശലഭങ്ങളും മൃഗങ്ങളുമെല്ലാം.. അവളെ കാണുമ്പോള്‍ മള്‍ബെറിച്ചെടികള്‍ ഏറ്റവും മധുരമായ മള്‍ബറി പഴം അവള്‍ക്ക് സമ്മാനിച്ചു. തുമ്പികളും ചിത്രശലഭങ്ങളും അവളുടെ പിന്‍ കഴുത്തില്‍ വന്ന് ചിറകിട്ടുരച്ച് അവളെ ഇക്കിളിപ്പെടുത്തി. പൂക്കള്‍ അവളുടെ മൂക്കിന്‍ തുമ്പിലേക്ക് സുഗന്ധം എത്തിച്ചപ്പോള്‍ പക്ഷികള്‍ ഏറ്റവും മനോഹരമായ ഗാനത്താലാണ് അവളുടെ കാതിനെയും ഹൃദയത്തെയും തൃപ്തിപ്പെടുത്തിയത്…
അപ്പോഴും രാജകുമാരിയില്‍ നേര്‍ത്തൊരു നൊമ്പരമുണ്ടായിരുന്നു… തോഴികളോടൊപ്പം ആമ്പല്‍പ്പൊയ്കയില്‍ നീരാടുമ്പോഴും, പൊയ്കയിലെ ജലം അവളെ പുണരുമ്പോഴും രാജകുമാരിയുടെ കണ്ണുകള്‍ എന്തോ തിരഞ്ഞിരുന്നു…
ഒരു ദിവസം പകല്‍ രാജകുമാരി കണ്‍തുറന്നപ്പോള്‍ കൊട്ടാരത്തിലെ ഉദ്യാനത്തെ മഞ്ഞുപൊതിഞ്ഞിരുന്നു. ഉദ്യാനത്തിലെ മാവിന്‍ ചുവട്ടില്‍ ഒരനക്കം. രാജകുമാരി നോക്കുമ്പോള്‍ മാമ്പഴം ശേഖരിക്കുന്ന ഒരുവന്‍. തന്റെ അതേ പ്രായം. ഒരു കള്ളനെപ്പോലെ പതുങ്ങിവന്ന് മാമ്പഴം മോഷ്ടിക്കുന്നവനെ രാജകുമാരി കൈയ്യൊടെ പിടികൂടി…
അവന്‍ രാജകുമാരിയുടെ മുന്നില്‍ ധൈര്യത്തോടെ നിന്നു. “ആരാണു നിനക്ക് അനുവാദം തന്നത് ഈ ഉദ്യാനത്തില്‍ കടക്കാന്‍..?”
“എനിക്കാരുടെയും അനുവാദം ആവശ്യമില്ല.. കാരണം, മാവുകള്‍ ആരോടും ചോദിച്ചിട്ടല്ല പൂക്കുന്നതും ഫലങ്ങള്‍ തരുന്നതും.”
പ്രതിഷേധം രാജകുമാരി ആദ്യം കേള്‍ക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തിലെ ചൈതന്യം രാജകുമാരിയെ ആകര്‍ഷിച്ചു. അവള്‍ ആലോചിച്ചു.. ശരിയാണല്ലോ മാവുകള്‍ പൂക്കുന്നതിന് മുന്നെ തന്നോട് ചോദിച്ചിരുന്നില്ല…
“ഇന്നാ ഇതൊന്ന് ഇങ്ങനെ വലിച്ചു കുടിക്കൂ… അവന്‍ കൈയ്യിലിരുന്ന മാമ്പഴത്തിന്റെ മൂടു കടിച്ചെറിഞ്ഞ് ചൊന ഞെക്കിപ്പിഴിഞ്ഞ് ഒരു മാമ്പഴം രാജകുമാരിക്ക് നല്‍കി.
സ്വര്‍ണ്ണപ്പാത്രങ്ങളില്‍ മനോഹരമായി നുറുക്കിയ കഷ്ണങ്ങള്‍ തിന്നുമാത്രമാണു രാജകുമാരിക്ക് പരിചയം. അവള്‍ അവന്‍ പറഞ്ഞതുപോലെ മാമ്പഴം വലിച്ചു കുടിച്ചു.
മാവ് അതിന്റെ എല്ലാ സ്‌നേഹവും നിറച്ചുവെച്ചിരിക്കുന്ന മാമ്പഴം അതിന്റെ സ്‌നേഹമൊന്നായി രാജകുമാരിയുടെ നാവിലേക്കും വായിലേക്കും നിറച്ചുകൊടുത്തു..
ഒന്നൂടെ…
“രാജകുമാരി കൈ നീട്ടി…”
“ഒന്നൂടെ…”
അവന്‍ വീണ്ടും നല്‍കി…
“ഇനിയും”
“രാജകുമാരീ… മാമ്പഴങ്ങള്‍ തീര്‍ന്നു… ഇനി നാളെയാവട്ടെ… അവന്‍ മറഞ്ഞു.”
പിറ്റേന്ന് രാജകുമാരി നേരത്തെയുണര്‍ന്നു.. അവനെ കാത്തിരുന്നു. അവന്‍ വന്നില്ല. മാവ് ധാരാളം മാമ്പഴങ്ങള്‍ പൊഴിച്ചിരുന്നു. രാജകുമാരി ഒരു മാമ്പഴം മൂടുകടിച്ച് വലിച്ചുകുടിച്ചു. അവള്‍ക്ക് ഒരു സ്വാദും തോന്നിയില്ല. അവള്‍ അവനെ അന്ന് മുഴുവന്‍ കാത്തിരുന്നു… പിറ്റേന്നും അവന്‍ വന്നില്ല.
രാജകുമാരിക്ക് ഉറക്കം നഷ്ടമായി… ഭക്ഷണം വേണ്ടെന്നായി. രാജകൊട്ടാരം ദുഃഖിച്ചു. എല്ലാവരും അവളോട് “എന്തേ രാജകുമാരീ?” എന്ന് ചോദിച്ച് ചുറ്റും നിരന്നു… അവള്‍ക്ക് എല്ലാവരോടും വെറുപ്പു തോന്നി…തല പറിഞ്ഞുപോകുന്ന വേദന. നെഞ്ചില്‍ വല്ലാത്ത പെടപെടപ്പ്.. ഹൃദയം പറഞ്ഞു “രാജകുമാരി എനിക്ക് നോവുന്നു..” അവള്‍ ഹൃദയത്തിനോട് തിരിച്ചു ചോദിച്ചു… “ഞാന്‍ എന്താ ഹൃദയമേ ചെയ്യുക…?” ഹൃദയത്തിന്റെ കോണില്‍ ഒളിച്ചിരുന്ന ഇരുട്ട് പതിയെ പറഞ്ഞു…
രാജകുമാരി ഇനി അന്നത്തെ ആ പ്രഭാതത്തിലേക്ക് വരൂ…
രാജകുമാരിയ്ക്ക് മുന്നില്‍ അന്നത്തെ പ്രഭാതം.. അവിടെ അവന്‍… അവള്‍ അവനോട് പരിഭവിച്ചു.. അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു…
“രാജകുമാരി… കണ്ണുകള്‍ അടയ്ക്കൂ… ഞാന്‍ കണ്ണുകളിലേക്ക് വരാം…”
രാജകുമാരി കണ്ണുകള്‍ അടച്ചു. കണ്ണുകളിലേക്ക് ഇരുട്ട് കയറിച്ചെന്നു. വിശാലമായ ഇരുട്ടിന്റെ ക്യാന്‍വാസ്…
രാജകുമാരി ഇനി അന്നത്തെ ആ പ്രഭാതത്തിലേക്ക് വരൂ…
രാജകുമാരിയ്ക്ക് മുന്നില്‍ അന്നത്തെ പ്രഭാതം.. അവിടെ അവന്‍… അവള്‍ അവനോട് പരിഭവിച്ചു.. അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു…
രാജകുമാരിയെ നോക്കി നിന്നവര്‍ ആ പുഞ്ചിരി കണ്ട് സന്തോഷിച്ച് പുറത്തേയ്ക്ക് പോയി… ആരും രാജകുമാരിയെ ശല്യം ചെയ്യരുതെന്ന് രാജാവ് ആജ്ഞാപിച്ച് അദ്ദേഹവും പുറത്തേയ്ക്കിറങ്ങി…
“എന്നിട്ട്?” ഷെഹറാസാദിന്റെ ചുണ്ടുകള്‍ ചലിച്ചു…
അപ്പോള്‍ ആ അന്തഃപ്പുരത്തിന്റെ വാതിലിനുമറവില്‍ കൈയ്യില്‍ രാജകുമാരിക്ക് നല്‍കാന്‍ മാമ്പഴങ്ങളുമായി അവന്‍ കാത്തിരുന്നു…
വെളിച്ചത്തിലേക്ക് അവളെ സ്വീകരിക്കാന്‍…!
ഷെഹറസാദ്, നീ എന്തേ കണ്ണുകള്‍ വലിച്ചടക്കുന്നതെന്ന് എനിക്കറിയാം….!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: