| Thursday, 9th August 2012, 1:29 pm

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ കാല്‍ കടിച്ചെടുത്ത മോബിഡിക്കിനെ കൊല്ലാന്‍ അയാള്‍ പണിയിക്കുന്ന ചാട്ടുളി അയാളുടെയും അയാളുടെ അനുയായികളായ ചാട്ടുളിയേറുകാരുടെയും ചോരയിലാണു മുക്കിയെടുക്കുന്നത്. ആ ചാട്ടുളി പണിയുന്നതിനു കൊല്ലന് , അയാള്‍ താന്‍ സമ്പാദിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ മുഴുവന്‍ സമ്മാനമായി നല്‍കുന്നു.


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

വായന ചെറുപ്പത്തിലേ ശീലമാക്കിയവരുണ്ടെങ്കില്‍, സ്വപ്നങ്ങളിലും പകല്‍ കിനാവുകളിലും കഥാപാത്രങ്ങള്‍ കടന്നു വന്ന് അവരോട് കൂട്ടുകൂടും. ചെറുപ്പം എന്തിനെയും സ്വീകരിക്കും. മുതിര്‍ന്നതിനുശേഷമുള്ള വായനയില്‍ ഒരു വിമര്‍ശകന്‍ ഉണ്ടാവും.[]

ടിപ്പു സുല്‍ത്താനെപ്പോലെ കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പട നയിക്കുന്നതും വാളുകൊണ്ട് ശത്രുവിനെ വെട്ടിവീഴ്ത്തുന്നതും ഭഗത്  സിങ്ങും ചന്ദ്രശേഖര്‍ ആസാദും പോരാടുന്നതും നിങ്ങളാവും. സിന്‍ഡ്രല്ല രാജകുമാരിയെപ്പോലെ ഒരു സുന്ദരിയേയും ഷെഹറാസാദിനെപ്പോലെ കഥപറയാന്‍ കഴിയുന്നൊരു കൂട്ടുകാരിയേയും ബാല്യം ആഗ്രഹിക്കും.

ഏകാന്തമായൊരു വഴിയിലൂടെ നടക്കുമ്പോള്‍ ഷെര്‍ലക്ക് ഹോംസെന്ന് സ്വയം വിചാരിക്കും. പള്ളിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ എത്ര പടികളെന്ന് എണ്ണി നോക്കും.

അപ്പോഴൊക്കെ എന്നെ മോഹിപ്പിച്ച ഒരു നാവികനുണ്ട്… അഹാബ്…. കുളിക്കാന്‍ പോകുമ്പോള്‍, പുഴയിലേക്ക് എടുത്ത് ചാടി നീന്തുമ്പോഴൊക്കെ അത് കടലെന്നും, അവിടെ കപ്പലോടിക്കുന്ന അഹാബും കൂട്ടരുമാണ് ഞാനും എന്റെ കൂട്ടുകാരുമെന്നും വിചാരിക്കും..

എന്തായിരുന്നു അഹാബിലേക്ക് ഇത്രയും എന്നെ വലിച്ചടുപ്പിച്ചത് ?

തന്റെ കാല്‍ കടിച്ചെടുത്ത മോബി ഡിക്ക് എന്ന തിമിംഗലത്തെ കൊല്ലുകയെന്നതാണ് അഹാബിന്റെ ഏക ലക്ഷ്യം. അതിനായി ഈ ലോകത്തിലെ മുഴുവന്‍ കടലിലും കപ്പലോടിക്കുവാന്‍ അയാള്‍ ഒരുക്കമായിരുന്നു.

തന്റെ കാല്‍ കടിച്ചെടുത്ത മോബി ഡിക്ക് എന്ന തിമിംഗലത്തെ കൊല്ലുകയെന്നതാണ് അഹാബിന്റെ ഏക ലക്ഷ്യം.

ഹെര്‍മന്‍ മെല്‍വില്‍” എന്ന അമേരിക്കന്‍ എഴുത്തുകാരനാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ഇതുപോലെ തന്നെ മറ്റൊരു കടല്‍കഥയും അതിപ്രശസ്തമാണ്. “ഹെമിങ്ങ് വേയുടെ കിഴവനും കടലും.”

“എന്നെ ഇഷമേല്‍ എന്ന് വിളിക്കൂ “എന്ന് പറഞ്ഞാണു നോവല്‍ ആരംഭിക്കുന്നത്. പെക്വോഡ് എന്ന കപ്പലില്‍ തിമിംഗലങ്ങളെ വേട്ടയാടി അതിന്റെ നെയ്യ് ശേഖരിച്ച് വരുവാന്‍ അഹാബിന്റെ നേതൃത്വത്തില്‍ കടലിലേക്ക് പോയ ഒരു സംഘം. അതിലെ എല്ലാ കഥാപാത്രങ്ങളും തീവ്രതയുള്ളവര്‍ ആണ്. കടലിനോട് വെല്ലുവിളിക്കുന്നവന്റെ വാക്കും നോട്ടവും ചലനങ്ങളും, മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തം. കടലിലെ കാറ്റിനെ അനുകൂലമാക്കിയും, ചിലപ്പോള്‍ കടലിനോട് മല്ലിട്ട് ജയിച്ചും, മറ്റു ചിലപ്പോള്‍ നങ്കൂരമിട്ടും കിടക്കുന്ന കപ്പല്‍. കടല്‍ യാത്രക്കാരനില്‍ മല്ലനും കാടനും കരുത്തനുമായ ഒരുവനുണ്ട്. തിമിംഗലത്തിന്റെ നെയ്യ് പോലെ ആര്‍ദ്രമായ ഒരു മനസ്സും അവന് ഉണ്ടാവും. ചിലപ്പോള്‍ അവന്‍ ഒന്നും ചിന്തിക്കാതെ അലസമായി അങ്ങനെ ആകാശത്തിലെ നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കിക്കിടക്കും. കപ്പലില്‍ നങ്കൂരമിട്ട മനുഷ്യക്കപ്പലിനെപ്പോലെ.!

ഇഷമേല്‍ യാത്ര തിരിച്ച് ആറാം ദിവസമാണ് അഹാബ് എന്ന പ്രധാന കപ്പിത്താനെ കാണുന്നത്. മോബി ഡിക്ക് കടിച്ചെടുത്ത കാലിനു പകരം തിമിംഗലത്തിന്റ കവിളെല്ലില്‍ നിന്നും കടഞ്ഞെടുത്തൊരു കൃത്രിമക്കാലുമായി അഹാബിനെ ആദ്യം കാണുമ്പോള്‍ ഇഷമേല്‍ ഭയന്നു പോകുന്നു. ഒന്നിനോടും മെരുക്കമില്ലാത്ത ഒരു മനുഷ്യന്‍. അയാള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ല.

ഞാന്‍ നിന്നെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത് പിതാവിന്റെ പേരിലല്ല, പിശാചിന്റെ നാമത്തിലാണ്

തന്റെ കാല്‍ കടിച്ചെടുത്ത മോബിഡിക്കിനെ കൊല്ലാന്‍ അയാള്‍ പണിയിക്കുന്ന ചാട്ടുളി അയാളുടെയും അയാളുടെ അനുയായികളായ ചാട്ടുളിയേറുകാരുടെയും ചോരയിലാണു മുക്കിയെടുക്കുന്നത്. ആ ചാട്ടുളി പണിയുന്നതിനു കൊല്ലന് , അയാള്‍ താന്‍ സമ്പാദിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ മുഴുവന്‍ സമ്മാനമായി നല്‍കുന്നു. തീയില്‍ കാച്ചി, മനുഷ്യച്ചോരയില്‍ മുക്കിയെടുത്ത ആ ചാട്ടുളിയെക്കുറിച്ച് അഹാബ് പറയുന്നത്. “ഞാന്‍ നിന്നെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത് പിതാവിന്റെ പേരിലല്ല, പിശാചിന്റെ നാമത്തിലാണ് ” എന്നാണ്…

മറ്റു കപ്പലിലുള്ളവരോടൊക്കെ അഹാബിനു ഒരേയൊരു ചോദ്യം മാത്രം ” നിങ്ങള്‍ ഒരു വെള്ളത്തിമിംഗലത്തിനെ കണ്ടുവോ?..” മോബി ഡിക്കെന്ന വെള്ളത്തിമിംഗലത്തിനെ കണ്ടവരൊക്കെ ഭീതിയോടെ അഹാബിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അഹാബ് എല്ലാവരെയും പുച്ഛിച്ചുകൊണ്ട് തന്റെ കപ്പല്‍ കടലിലൂടെ പായിച്ചു.

ഒരു വര്‍ഷത്തെ തിമിംഗല വേട്ടയിലൂടെ അവര്‍ ശേഖരിച്ച എണ്ണ മുഴുവന്‍ ചോര്‍ന്നുപോകാന്‍ തുടങ്ങുമ്പോള്‍, ചോര്‍ച്ച അവസാനിപ്പിക്കാന്‍ സഹ ക്യാപ്റ്റന്‍ സ്റ്റാര്‍ ബക്ക് പറയുമ്പോള്‍,” ഈ എണ്ണ മുഴുവന്‍ പോയാലും കപ്പല്‍ നങ്കൂരമിടാനാവില്ല… മോബി ഡിക്കിനെ കൊന്നേ തീരൂ” എന്നാണ് അഹാബ് പറയുന്നത്…

കപ്പലിലുള്ളവരുടെ മുഴുവന്‍ ജീവന്‍ നഷ്ടത്തിലേക്കെന്നറിഞ്ഞിട്ടും അഹാബ് തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറിയില്ല. അയാള്‍ അവസാനം മോബി ഡിക്കിനെ കാണുന്നു.

ജീവിതം എന്റെയും ഒരു കാല്‍ കടിച്ചെടുത്തിരുന്നു. ജീവിക്കാനായി ജീവിതമെന്ന മോബി ഡിക്കിനോട് പൊരുതുകയും അതിനെ തോല്പിക്കുകയുമല്ലാതെ മറ്റുവഴികളില്ലായിരുന്നു.

മോബി ഡിക്ക് ഒരു മനുഷ്യനെക്കാള്‍ തന്ത്രപരമായി ഏറ്റുമുട്ടലുകള്‍ നടത്തുന്നവന്‍ ആണ് . മറ്റു തിമിംഗലങ്ങളെ കെട്ടിവലിക്കുന്ന കയര്‍ അവന്‍ കടിച്ച് പൊട്ടിക്കും. വഞ്ചികള്‍ തകര്‍ത്തെറിയും… അവസാനം അഹാബുമായി മോബിഡിക്ക് പോരാടുന്നത് അത്യുജ്ജ്വലമായ് നോവലിസ്റ്റ് വര്‍ണ്ണിക്കുന്നു… അഹാബ് അവന്റെ നെറ്റിയില്‍ ചാട്ടുളി എറിഞ്ഞ് പിടിപ്പിക്കുന്നു… അവന്‍ ആ ചാട്ടുളിയുമായി പെക്വോഡ് എന്ന കപ്പലിനു നേരെ ഇടിമിന്നല്‍പോലെ പാഞ്ഞുവന്ന് അതിനെ ഇടിച്ച് തകര്‍ത്ത്, അഹാബുമായി ആഴിയുടെ അടിയിലേക്ക് പോയ് മറഞ്ഞു…!

ഇഷമേല്‍ മാത്രം രക്ഷപ്പെട്ടു. അയാള്‍ തന്റെ കൂട്ടുകാരന്‍ ക്വിക്വെക്കിനു വേണ്ടി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കയറിക്കിടന്ന് മറ്റൊരു കപ്പലില്‍ കയറി നാടു പിടിച്ചു… അയാളാണു നമ്മോട് കഥ പറയുന്നത്.

മോബി ഡിക്കിന്റെ ചലച്ചിത്രാവിഷ്‌ക്കാരം

ഈ നോവല്‍ വായിക്കണം എന്ന് ഞാന്‍ നിങ്ങളെ മോഹിപ്പിക്കാന്‍ ഒരു കാരണം. തീവ്രമായ അവസ്ഥകളില്‍ മനുഷ്യന്‍ പറയുന്ന വാക്കുകള്‍ തിരിച്ചറിയാനാണു. അവന്‍ ഏറ്റവും ആഴമാര്‍ന്ന വാക്കുകള്‍ അപ്പോഴാവും പുറത്തെറിയുക.

എന്താവും എന്നെയീ നോവല്‍ ഇത്രയും സ്പര്‍ശിക്കാന്‍ കാരണം…?

കോളേജിലെത്തിയതിനു ശേഷം വീണ്ടും മോബി ഡിക്ക് വായിക്കുമ്പോള്‍ മനസ്സ് എന്നിലെ വിമര്‍ശകനെയും രൂപപ്പെടുത്തിയിരുന്നു. ഓരോ വാക്കിലും എന്തെങ്കിലും അര്‍ത്ഥരാഹിത്യം കണ്ടെത്തുകയെന്നത് ഒരു ഹോബിയായി മാറിയ കാലം. എന്നാല്‍ വായിച്ച് തീരുന്നതുവരെ എന്നിലെ വിമര്‍ശകന്‍ എവിടെയോ പോയൊളിച്ചിരുന്നു. ഇത്രയും വല്ലാത്ത മനുഷ്യര്‍ക്കൊപ്പമായിരിക്കുമ്പോള്‍ ഒരുവനിലെ വിമര്‍ശകന്‍ പത്തിമടക്കും.

നാം പരാജയപ്പെട്ടേക്കാം എന്നാല്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കരുത്…! ജീവിതമെന്ന മോബി ഡിക്ക് നമ്മളുമായി നിരന്തരമായ് വഴക്കിട്ടുകൊണ്ടിരിക്കും…

അത് മാത്രമല്ല. ജീവിതം എന്റെയും ഒരു കാല്‍ കടിച്ചെടുത്തിരുന്നു. ജീവിക്കാനായി ജീവിതമെന്ന മോബി ഡിക്കിനോട് പൊരുതുകയും അതിനെ തോല്പിക്കുകയുമല്ലാതെ മറ്റുവഴികളില്ലായിരുന്നു. ഹൃദയത്തിനു ശക്തി നല്‍കുവാനും, കണ്ണുകളും മുഖവും നിര്‍ജ്ജീവമാക്കുവാനും ജീവിതത്തെ അതിന്റെ അവസാനം വരെ വെല്ലുവിളിച്ച് തകര്‍ക്കാനും അഹാബ് പഠിപ്പിച്ചു. ജീവിതമെന്ന മോബി ഡിക്കിനെ വെല്ലുവിളിക്കാതെ കടന്നുപോകരുതെന്ന് രാവുകളില്‍ അഹാബ് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അഹാബ് ക്രൂരനായിരുന്നില്ല, ലോകത്തിലേക്കും ഏറ്റവും നല്ലൊരു സ്‌നേഹിതനായിരുന്നു… കാമുകനും അച്ഛനുമായിരുന്നു. അയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ജീവിതം വലിച്ചെറിയാന്‍ തയ്യാറുമായിരുന്നു…!

നാം പരാജയപ്പെട്ടേക്കാം എന്നാല്‍ ഒരിക്കലും പോരാട്ടം അവസാനിപ്പിക്കരുത്…! ജീവിതമെന്ന മോബി ഡിക്ക് നമ്മളുമായി നിരന്തരമായ് വഴക്കിട്ടുകൊണ്ടിരിക്കും… അതിനെ അന്വേഷിച്ച് ചെല്ലുന്തോറും അത് ആക്രമിച്ചുകൊണ്ടുമിരിക്കും.. അവസാനം നമ്മളെയും വലിച്ച് അത് മരണത്തിന്റെ ആഴങ്ങളിലേക്ക് പോകും… പക്ഷേ, അപ്പോഴും അഹാബിനെപ്പോലെ ധീരനാവുക…! മനുഷ്യനെപ്പോലെ മരിക്കുക…!


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

We use cookies to give you the best possible experience. Learn more