| Thursday, 19th July 2012, 1:01 am

മരം പറയുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

അതേയ്, അങ്ങനെയല്ല…
പിന്നെ എങ്ങനെ..?
അതു ഞാന്‍ പറയില്ല…
പറയൂന്നേ…
അവന്‍ അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു.. അവള്‍ കണ്ണു ചിമ്മാതെ അവനെയും…
[]
മരം അവര്‍പറയുന്നതുകേട്ട് നില്‍ക്കുകയായിരുന്നു. അത് ചെവികള്‍ തുറക്കാറേ ഇല്ലായിരുന്നു. പൂവുകള്‍ ഉണ്ടാവുമ്പോഴേ അവയുടെ ചെവിയില്‍ അത്, മഞ്ഞു തുള്ളിയുരുക്കിയൊഴിക്കും…ലോകത്തിന്റെ വാക്കുകള്‍ അവരെ കളങ്കപ്പെടുത്താതിരിക്കാന്‍…

എന്നാല്‍ വളരെ നാളുകള്‍ക്കു ശേഷം പ്രണയപൂര്‍വ്വം രണ്ടുപേര്‍ സംസാരിക്കുന്നു… അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ മരം തന്റെ അനന്തമായ ചെവികള്‍ തുറന്നു വെച്ചു..

“എനിക്ക്…. എനിക്ക്..”.

അവന്‍ കണ്ണിലൂടെ അവളോട് ചോദിച്ചൂ..
“പോടാ കള്ളാ ” അവള്‍ മിഴികളിലൂടെ പരിഭവിച്ചു..

മരത്തിനു അതു രസിച്ചു.. കൊള്ളാം..! അത് ഇലകള്‍ കുലുക്കി സമ്മതിച്ചു… “ഉമ്മ വെക്കണം..” പതിയെ മരം അവനോട് പറഞ്ഞൂ…

‘ഈ ചെക്കനിതെന്തിന്റെ കേടാ..?’ അവള്‍ അവന്റെ കവിളിലൊരു നുള്ളുകൊടുത്തു….


“ഹേയ് നീ വല്ലതും പറഞ്ഞുവോ…?” അവന്‍ അവളോട് ചോദിച്ചു .

” ഇല്ലാ, എന്തേ… ?” എനിക്ക് തോന്നിയതോ പെണ്ണേ.. അതോ നിന്റെ മനസ്സു പറഞ്ഞതോ.. അവനവളുടെ കവിളിലേക്ക് കവിള്‍ മുട്ടിക്കാന്‍ ചാഞ്ഞൂ..

“ഈ ചെക്കനിതെന്തിന്റെ കേടാ..?” അവള്‍ അവന്റെ കവിളിലൊരു നുള്ളുകൊടുത്തു…. “ശോ..!” നീറിപ്പോയല്ലോ അവനു..
മരത്തിനു ചിരി വന്നു.. ആ ചിരിയില്‍ പൊഴിഞ്ഞത് മൂന്നാലു പൂക്കള്‍… വീണതോ, അവളുടെ നെറ്റിയിലും മുടിയിലും മൂക്കിന്‍ തുമ്പിലും പിന്നെ…. ഹോ !മരത്തിനും നാണം വന്നൂ..! അത് കണ്ണുകളടച്ച് നാണിച്ചു.!

പൂ മണക്കുന്ന അവളെ അവന്‍ നോക്കി നോക്കി കൊതിച്ചു.. മരം അപ്പോള്‍ വീണ്ടും പറഞ്ഞൂ..”ഉമ്മ വെക്കൂ…”

അവളുടെ സ്വപ്നങ്ങള്‍ മണ്ണില്‍ വീണു കിടന്നു നിലവിളിക്കുന്നു…

ഇത്തവണ അവന്‍ അമാന്തിച്ചില്ല, അവളെ അമര്‍ത്തിയമര്‍ത്തിയുമ്മ വെച്ചു…

മരത്തിനു കോരിത്തരിച്ചു… അത് അവരെ പൂകൊണ്ടു മൂടി… ഇലകളില്‍ മുഖം പൊത്തിയിരുന്ന മഞ്ഞു തുള്ളീകളെ കളിയോടെ കുടഞ്ഞിട്ട് അവരെ കുളിരില്‍ മൂടീ…..

കാറ്റു വന്നു മരത്തിന്റെ താടിക്കൊരു തട്ടുകൊടുത്തപ്പോഴാണല്ലോ മരം ഉണര്‍ന്നത്.. .. അപ്പോള്‍ അവള്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോയൊരു മരമായി മാറിയിരുന്നു..

അവളുടെ സ്വപ്നങ്ങള്‍ മണ്ണില്‍ വീണു കിടന്നു നിലവിളിക്കുന്നു…
ഒരു പൂവിന്‍ കുഞ്ഞുമാത്രം അവളുടെ നെറ്റിയിലിരുന്നു പറഞ്ഞു….

“ഇല്ല, അതിമോഹമാണു നിന്റെ സ്വപ്നം! ഇനി ഭൂമിയില്‍ മനുഷ്യര്‍ പ്രണയിക്കില്ല….. !”

എവിടെ നിന്നോ പറന്നു വന്നൊരു കുരുവിക്കുഞ്ഞുപറഞ്ഞൂ “സാരമില്ലാട്ടോ… ഞാന്‍ വലുതാവട്ടെ… പ്രണയിച്ച് എന്റെ കൂട്ടുകാരിയുമായ് വന്ന് ഇതില്‍ ഞാന്‍ കൂടുകെട്ടാം കേട്ടോ.”. എന്നിട്ട് അവനൊരു കുരുവിക്കൊത്ത് കൊടുത്തൂ അവളുടെ ഇലനാമ്പില്‍;…..

“ഹെന്റെ കുരുവിക്കുട്ടീ…….!” മരത്തിന്റെ നാവുണര്‍ന്നു വിളിച്ചു.


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

We use cookies to give you the best possible experience. Learn more