പെണ്‍കുട്ടികള്‍ അങ്ങനെയാണ്.. പ്രിയപ്പെട്ടവന്‍ മറ്റു പെണ്‍കുട്ടികളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞാല്‍ അവരുടെ വാക്കിന്‍ മുന ഒടിഞ്ഞൊടിഞ്ഞുപോകും…!
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
അവര്‍ നടന്നിറങ്ങി വരുന്നത് സാഹിത്യലോകത്തു നിന്നാണ്. ഞാനവരെ സ്വാഗതം ചെയ്യട്ടെ… എവിടെ? സ്വാഗതം ചെയ്യുന്നതിനു മുന്നെ അവര്‍ കയറി ഇരുന്നു കഴിഞ്ഞു. അവര്‍ അങ്ങനെയാണ്. അവര്‍ ആരെയും കാത്തിരിക്കാറില്ല. പ്രണയമൊഴികെ ആ സ്ത്രീകളെ ആര്‍ക്കും സ്പര്‍ശിക്കാന്‍ പോലുമാവില്ല. ഈ ലോകത്തിലെ സകല സ്വത്തുക്കളും അവരുടെ മുന്നില്‍ കൂട്ടിയിടൂ…….. അവര്‍ എന്തു ചെയ്യുമെന്ന് അവര്‍ തന്നെ പറയട്ടെ…. []
എന്റെ പ്രിയപ്പട്ട നസ്താഷാ……… ദയവായി ഒന്നു പറയുമോ… നീയ്..
“ഞാനത് തീയിലേക്ക് വലിച്ചെറിയും……”
നിങ്ങള്‍ കേട്ടില്ലേ ഈ പെങ്കൊച്ചു പറയുന്നത്. ദാസ്‌തേവസ്‌കിയുടെ പ്രിയപ്പെട്ട പെണ്‍കുട്ടിയാണിവള്‍. “ഇഡിയറ്റ്” എന്ന നോവലിലാണിവളുള്ളത്. ജീവിതത്തില്‍ ഇതുപോലെ ഒരു പെണ്‍കുട്ടിയെ ദാസ്‌തേവസ്‌കി കണ്ടിട്ടുണ്ടോ? അതോ ഒരു സ്ത്രീയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പമോ നസ്താഷ ?
എന്നെ ഇഷ്ടപ്പെടാതെ എന്റെ സ്ത്രീധനത്തെ മോഹിച്ചവനേ ഇതാ ആ പണം നിനക്കാണ്.!
അവള്‍ ആവശ്യപ്പെട്ട ഒരു ലക്ഷം റൂബിള്‍ തന്റെ വിലയായ് റൊഗോഷില്‍ നല്‍കിയപ്പോള്‍ അത് തീയിലേക്ക് വലിച്ചെറിഞ്ഞവള്‍… അതിനു ശേഷം അവള്‍ തന്റെ സ്ത്രീധനം കാംക്ഷിച്ച് തന്നെ വിവാഹം ചെയ്യാന്‍ വന്ന ഗാനിയായോട് പറയുന്നു തനിക്കത് എടുക്കാം…. എന്നെ ഇഷ്ടപ്പെടാതെ എന്റെ സ്ത്രീധനത്തെ മോഹിച്ചവനേ ഇതാ ആ പണം നിനക്കാണ്.!
പോളിന ചിരിക്കുന്നു. ചിരിക്കാത്ത പെണ്ണാണവള്‍. അലക്‌സി ഇവാനോവിച്ച് അവളുടെ പിന്നാലെ നടന്നിട്ടുണ്ട്. പ്രിയപ്പെട്ടവളേ എന്നെ നോക്കി ഒന്ന് ചിരിക്കൂ.. ഈ ലോകത്തിലെ എല്ലാ സമ്പത്തും ഞാന്‍ നിന്റെ കാല്‍ക്കീഴില്‍ വെക്കാമെന്നവന്‍ പറഞ്ഞിട്ടും ചിരിക്കാത്തവള്‍. ഒരിക്കള്‍ അവന്‍ ചൂതുകളിച്ച് നേടിയ എല്ലാ സമ്പത്തും അവളുടെ കാല്‍ക്കീഴില്‍ വെച്ചപ്പോള്‍ അവള്‍ അതും തട്ടിത്തെറിപ്പിച്ച് കടന്നുപോയത്…….. ഹോ.. എന്റെ പ്രിയ പോളിന. നിന്നെപ്പോലെ എന്തേ നിരവധി പെണ്‍കുട്ടികള്‍ ജനിക്കാതെ പോകുന്നു..?
ഇവളെക്കുറിച്ച് ദാസ്‌തേവസ്‌കി “ചൂതാട്ടക്കാരന്‍ “എന്ന നോവലില്‍ അന്നയെക്കൊണ്ട് കേട്ടെഴുതിക്കുമ്പോള്‍ അന്നയ്ക്ക് അസൂയ മൂത്ത് പെന്‍സില്‍ മുന ഒടിഞ്ഞു പോകുന്നു… പെണ്‍കുട്ടികള്‍ അങ്ങനെയാണ്.. പ്രിയപ്പെട്ടവന്‍ മറ്റു പെണ്‍കുട്ടികളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞാല്‍ അവരുടെ വാക്കിന്‍ മുന ഒടിഞ്ഞൊടിഞ്ഞുപോകും…! അന്നയ്ക്ക് അപ്പോള്‍ ദാസ്‌തേവസ്‌കിയെ മാന്തിപ്പൊളിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ആ വിശുദ്ധ സ്‌നേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കവേ അവളുടെ പുലി നഖങ്ങള്‍ ഉള്‍വലിയുന്നു.
സമ്പത്തിനെ കാലുകൊണ്ട് ചവിട്ടിയെറിയുന്ന പെണ്‍കുട്ടിയാണ് സ്ത്രീകളുടെ അഭിമാനം…!
എല്‍ സൂ, നീയെന്തേ മൗനമായിരിക്കുന്നു…..?… ജാക്ക് ലണ്ടന്റെ അതി മനോഹരമായൊരു കഥയിലാണ് ഇവളെ കണ്ടത്. “ദ് വിറ്റ് ഓഫ് പോര്‍പൊര്‍തുക്ക്””. കന്യാസ്ത്രീകള്‍ വളര്‍ത്തിയ റെഡ് ഇന്ത്യന്‍ പെണ്‍കുട്ടി. എന്നാല്‍ അവളുടെ അച്ഛന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മഠം ഉപേക്ഷിച്ച് അച്ഛന്റെ അരികിലേക്കെത്തി. അച്ഛനോ…….സല്‍ക്കാരപ്രിയന്‍. അവരുടെ വീട് എപ്പോഴും ഉല്‍സവത്തില്‍ മുഴുകിയിരുന്നു. വരുന്നവര്‍ക്കെല്ലാം മദ്യവും ഭക്ഷണവും സംഗീതവും. എന്നാല്‍ അതൊക്കെ പോര്‍പൊര്‍തുക്കിന്റെ കൈയ്യില്‍ നിന്നും വായ്പ് വാങ്ങിച്ചതും. അച്ഛന്‍ എല്ലാ സന്തോഷത്തോടെയും മരിക്കണമെന്ന് ആഗ്രഹിച്ച എല്‍ സു, അച്ഛന്റെ മരണം പോലും ഒരുല്‍സവമാക്കി.
അച്ഛന്‍ മരിച്ചു. അച്ഛന്റെ കടം വീട്ടാന്‍ എല്‍ സു സ്വയം ലേലം ചെയ്യുന്നു. ക്രൂരനായ പോര്‍പൊര്‍തുക്ക് അവളെ ലേലത്തില്‍ പിടിക്കുന്നു. അവളുടെ അച്ഛന്‍ വാങ്ങിയ കടത്തെക്കാള്‍ പതിനായിരം ഡോളര്‍ അധികം. അവള്‍ അതില്‍ നാലായിരം ഡോളര്‍ തന്റെ ഒപ്പം നിന്ന ആശ്രിതര്‍ക്കു നല്‍കി… ബാക്കി ആറായിരം ഡോളറിനുള്ള സ്വര്‍ണ്ണത്തരികള്‍ നദിയിലേക്കൊഴുക്കുന്നു…… ആഹ്ലാദ പൂര്‍വ്വം സ്വയം ആനന്ദിച്ചുകൊണ്ട്…
……. ഒരു നസ്താഷയെ, ഒരു പോളിനയെ, ഒരു എല്‍ സുവിനെ……. സമ്പത്തിനെ കാലുകൊണ്ട് ചവിട്ടിയെറിയുന്ന പെണ്‍കുട്ടിയാണ് സ്ത്രീകളുടെ അഭിമാനം…!
ആഹാ പോളിന ചിരിച്ചല്ലോ……….!
പ്രിയപ്പെട്ട നസ്താഷ, മൈഷ്‌കിന്‍ പ്രഭുവിന്റെ സ്‌നേഹം നിന്റെ കല്ലറകള്‍ തുളച്ചു കയറി വരട്ടെ..
എല്‍ സു, നിന്റെ കാല്‍പാദങ്ങളില്‍ വെടിവെച്ച് ഇനിയൊരിക്കലും നിന്നെ കലമാനെപ്പോലെ കുതിച്ച് പായാന്‍ സമ്മതിക്കാത്ത പോര്‍പൊര്‍തുക്കിന്റെ നെഞ്ചില്‍ ഞാനൊന്നു ചവിട്ടട്ടെ…
ഇനി ഞാന്‍ നിന്റെ കാല്‍പാദത്തില്‍ പതിയെ പതിയെ ഊതിത്തരാം….!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: