| Monday, 1st October 2012, 6:53 pm

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാക്ഷസന്മാര്‍ ഉപചാപങ്ങള്‍ നടത്താറില്ല…..അവര്‍ എന്തിനെയും നേര്‍ക്കുനേരെ എതിര്‍ക്കുന്നവരാണ്.. എന്നിട്ടുമെന്നിട്ടും ദേവന്മാര്‍ എന്നും അവരെ ക്രൂരന്മാരായി നിലനിര്‍ത്താന്‍ നുണകള്‍ പറഞ്ഞുകൊണ്ടെയിരിക്കുന്നു…. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിനു ശേഷവും മനുഷ്യര്‍ ആ കഥകള്‍ വിശ്വസിക്കുകയും വിഴുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു…സൂര്യന്‍ എഴുതുന്നു..


ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****/ സൂര്യന്‍

ലോകം കണ്ട ഏറ്റവും വലിയ ഉപജാപം ഒഥല്ലോയ്‌ക്കെതിരെ ഇയാഗോ നടത്തിയതാണ്. ഒരു തൂവാലകൊണ്ട് അയാള്‍ക്ക് ഒഥല്ലോയുടെ കൈകള്‍ പ്രാണനു തുല്യം സ്‌നേഹിച്ച ഡെസ്ടിമോണയുടെ കഴുത്തിലേക്കെത്തിക്കാന്‍ സാധിച്ചു. ഏറ്റവും അമൂല്യവും ആത്മാര്‍ത്ഥവുമായൊരു പ്രണയത്തെ കഴുത്ത് ഞെരിച്ച് കൊന്നപ്പോള്‍ ഇയാഗോ ആര്‍ത്തു ചിരിച്ചിരിക്കാം… അല്ലെങ്കില്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന സൗഭാഗ്യകാലത്തെക്കുറിച്ചോര്‍ത്ത് സ്വപ്നത്തില്‍ ലയിച്ചിരിക്കാം…[]

മന്ഥരയുടെ ഒരു വാക്കില്‍ ശ്രീരാമന് പതിനാലു വര്‍ഷം കാട്ടില്‍ കഴിയേണ്ടി വന്നു. ഉപജാപങ്ങളുടെ വൃദ്ധജന്മമായി ഇന്നും മന്ഥര വിലസുന്നു.

ശകുനിയുടെ കുടില തന്ത്രങ്ങളില്‍ പാണ്ഡവര്‍ അരക്കില്ലത്തിന്റെ ദുരന്തത്തിലും കാടിന്റെ വന്യതയിലും നരകയാതന അനുഭവിച്ചു. കുതന്ത്രങ്ങളുടെ അമ്മാവന്മാരെ ഇപ്പോഴും ശകുനിയെന്ന വിളിയിലൂടെ ലോകം ആദരിക്കുന്നു.

ചന്ദ്രഗുപ്തമൗര്യനെ ചക്രവര്‍ത്തിയാക്കാനും, തന്റെ പ്രതികാര നിര്‍വ്വഹണത്തിനുമായി ചാണക്യന്‍ ചെയ്തുകൂട്ടിയ, പറഞ്ഞുവെച്ച കാര്യങ്ങള്‍ ഇന്നും ശാസ്ത്രമായി വാഴ്ത്തപ്പെടുന്നു. കൗടില്യ ശാസ്ത്രം.

ചുംബനത്തെ കുടിലതയാക്കി മാറ്റിയ യൂദാസ് ഒറ്റുകൊടുക്കലിനെ കാല്പനിക കലയാക്കി മാറ്റിയവനാണ് !

ഒന്നും ചെയ്യാനില്ലാതാവുമ്പോള്‍ മനുഷ്യന്‍ പരദൂഷണം പറഞ്ഞു തുടങ്ങുന്നു. ആഹ്ലാദമായി അനുഭവപ്പെട്ടു തുടങ്ങിയാല്‍ പിന്നീട് അതില്‍ നിന്നും രക്ഷ പ്രാപിക്കുക ദുഷ്‌ക്കരമാവും

ജൂലിയസ് സീസറിനെ വധിക്കാന്‍ ബ്രൂട്ടസും ചങ്ങാതിമാരും നടത്തിയ ഗൂഡാലോചനയേക്കാള്‍ ഉജ്ജ്വലവും ഭംഗിയുള്ളതുമായിരുന്നു മാര്‍ക്ക് ആന്റണിയുടെ തന്ത്രം. ലോക ചരിത്രത്തില്‍ ഉപജാപ സംഘത്തിനെതിരെ ഇത്രയും മഹനീയമായൊരു ഉപജാപം ഒറ്റക്കൊരാള്‍ നടത്തിയ കഥയുണ്ടാവില്ല. എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന ബൈബിള്‍ ചിന്തയെ അന്വര്‍ത്ഥമാക്കുന്നതുപോലെ മാര്‍ക്ക് ആന്റണിയും ഒരു തെറ്റായ വാര്‍ത്തയിലൂടെയാണ് പരാജയപ്പെടുന്നത്. ഏറ്റവും പ്രിയപ്പെട്ടവള്‍ ക്ലിയോപാട്ര കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത.

ലോകത്തില്‍ നടന്ന ഉപജാപങ്ങളൊക്കെ അധികാരത്തിനും സ്ത്രീകള്‍ക്കും വേണ്ടിയാണ്. പുരുഷ കേന്ദ്രീകൃതമായ ലോകത്ത് ഇത് എന്നും സംഭവിച്ചുകൊണ്ടുമിരിക്കും. അടിച്ചമര്‍ത്തലും അമര്‍ത്തിവെക്കലും പുരുഷത്വത്തിന്റെ ലക്ഷണമായ് പ്രകീര്‍ത്തിക്കപ്പെടുന്ന കാലത്തോളം..

ഷേക്ക് സ്പിയറിനെക്കൊണ്ട് “യുദ്ധത്തിലും പ്രണയത്തിലും എന്തുമാവാ”മെന്ന തത്വചിന്തയിലേക്ക് നയിച്ചതും, കേരളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ “കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം” എന്ന് തുള്ളിച്ചതും മനുഷ്യരെ മനസ്സിലാക്കിയെന്നതിനാലാണ്.

ആധുനിക ലോകത്തെ മഹാരഥന്മാരായി ഇക്കാര്യത്തില്‍ വിലസുന്നത് മാക്കിയവെല്ലിയും ഹിറ്റ്‌ലറുടെ ആത്മ മിത്രം ഗീബല്‍സുമാണ്. ഒരേ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് സത്യമായി മാറുമെന്ന തന്ത്രം ആവിഷ്‌ക്കരിച്ചവനാണു ഗീബല്‍സ്.

ഒന്നും ചെയ്യാനില്ലാതാവുമ്പോള്‍ മനുഷ്യന്‍ പരദൂഷണം പറഞ്ഞു തുടങ്ങുന്നു. അതൊരു ആഹ്ലാദമായി അനുഭവപ്പെട്ടു തുടങ്ങിയാല്‍ പിന്നീട് അതില്‍ നിന്നും രക്ഷ പ്രാപിക്കുക ദുഷ്‌ക്കരമാവും. പുതിയ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനും അത് തെളിയിക്കാനുമായ് അഹോരാത്രം പണിപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. അത് അപാരമായൊരു നിര്‍വൃതി നല്‍കുമ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ പറയുന്നവര്‍ പോലും അവരുടെ ശത്രുക്കളായി മാറും. എല്ലാ മതങ്ങളും കാലാകാലങ്ങളായി ഇതിനെ എതിര്‍ത്തിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ കയറ്റില്ലെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. ഏത് സ്വര്‍ഗ്ഗത്തെക്കാള്‍ മഹനീയവും മഹത്തരവുമാണ് ഞങ്ങള്‍ക്കീ ഉപജാപമെന്ന് പറഞ്ഞ് അവര്‍ ദൈവത്തെയും വിരട്ടുന്നു. ഞങ്ങളുടെ സന്തോഷങ്ങളില്‍ ദൈവവും ഞങ്ങളും തമ്മിലെന്ത് ? എന്നാണവരുടെ ചോദ്യം… ദൈവത്തിനുള്ളത് ദൈവത്തിനും ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കും !

ലോകത്തില്‍ നടന്ന ഉപജാപങ്ങളൊക്കെ അധികാരത്തിനും സ്ത്രീകള്‍ക്കും വേണ്ടിയാണ്

കുടിലതയും കുന്നായ്മയും കുശുമ്പും സൂക്ഷിക്കുമ്പോള്‍ അത് ശരീരത്തെ ബാധിക്കും. മുഖസൗന്ദര്യം കൂട്ടാന്‍ ബ്യൂട്ടീ പാര്‍ലറുകളിലേക്ക് പോവുകയല്ല വേണ്ടത് പകരം എവിടെയെങ്കിലും ഈ ക്യാന്‍സറിനെ കരിച്ചു കളയാന്‍ കഴിയുന്ന സംവിധാനങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയാണു വേണ്ടത്.

അത്തരം സംവിധാനങ്ങള്‍ പ്രകൃതി ധാരാളമായി ഒരുക്കിയിട്ടുണ്ട്. വിടര്‍ന്നു പരിമളം പരത്തുന്ന ഒരു പൂവിനെ നോക്കി നോക്കി നിന്നാല്‍ മതി… അതിന്റെ സ്‌നേഹവിടരലില്‍ സ്വയം വിടരാന്‍ കഴിഞ്ഞാല്‍ മതി.. ഒരു പൂവിന്റെ നൈമിഷികമായ ജീവിതത്തില്‍ അത് ലോകത്തിനു നല്‍കുന്ന സേവനത്തെക്കുറിച്ചോര്‍ത്താല്‍ മതി… അടുത്ത നിമിഷം അത് ഞെട്ടറ്റുവീഴുമ്പോള്‍ തന്നെക്കുറിച്ച് ഒരു ചിന്ത ഉണര്‍ന്നാല്‍ മതി….. മനസ്സിനെ ബാധിക്കുന്ന അര്‍ബുദ ചികില്‍സ സാമ്പത്തിക ബാധ്യത നല്‍കുന്നതല്ല പക്ഷേ….. അത് സങ്കീര്‍ണ്ണവും പ്രയാസമേറിയതുമായ ഒരു ചികില്‍സയാണ്.. ഡോക്ടര്‍ ഇല്ലാതെ രോഗി സ്വയം ശീലിക്കേണ്ട ഒരു ചികില്‍സ..!

രാക്ഷസന്മാര്‍ ഉപചാപങ്ങള്‍ നടത്താറില്ല…..അവര്‍ എന്തിനെയും നേര്‍ക്കുനേരെ എതിര്‍ക്കുന്നവരാണ്.. എന്നിട്ടുമെന്നിട്ടും ദേവന്മാര്‍ എന്നും അവരെ ക്രൂരന്മാരായി നിലനിര്‍ത്താന്‍ നുണകള്‍ പറഞ്ഞുകൊണ്ടെയിരിക്കുന്നു…. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിനു ശേഷവും മനുഷ്യര്‍ ആ കഥകള്‍ വിശ്വസിക്കുകയും വിഴുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു….


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

We use cookies to give you the best possible experience. Learn more