കാളിദാസന്‍...
Discourse
കാളിദാസന്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 4:23 pm

ആ ഇടയനു മരത്തില്‍ കയറാനും മരം മുറിക്കാനും അറിയാമായിരുന്നു. എന്നാല്‍ ഒരു കൊമ്പ് മുറിക്കുമ്പോള്‍ ഏത് വശത്തിരിക്കണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. മരത്തില്‍ കയറാനും മരം മുറിക്കാനും അറിയാവുന്നൊരുവന്‍ അത് രണ്ടും അറിയാത്ത വരരുചിയെക്കാള്‍ ബുദ്ധിമാനാണു.സൂര്യന്‍ എഴുതുന്നു…

kalidasn-580-406


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


[]തോറ്റു മടങ്ങുകയാണു വരരുചി. എപ്പോഴും പെണ്ണുങ്ങളാല്‍ തോല്പിക്കപ്പെടുന്നു. എന്തൊരു ഗര്‍വ്വായിരുന്നവള്‍ക്ക്. തന്നെ ചോദ്യശരങ്ങളാല്‍ പരാജയപ്പെടുത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ ജ്വലിച്ചിരുന്നു.. തീപ്പന്തം പോലെ.. ഒരിക്കല്‍ പറച്ചിപ്പെണ്ണിനെ നദിയിലെറിഞ്ഞപ്പോള്‍ നെറ്റിയില്‍ തറച്ച പന്തത്തിന്റെ ജ്വാലകള്‍ കണ്ണിനെ മൂടുന്നു..

ഈ തോല്‍വി, സഹിക്ക വയ്യ ! ഇനിയും ഈ നാട്ടില്‍ വരരുചി എന്തിനു ജീവിച്ചിരിക്കണം..?[]

മരത്തില്‍ മഴുപതിയ്ക്കുന്ന ശബ്ദം കേട്ടാണു വരരുചി മുകളിലേക്ക് നോക്കിയത്. കണ്ടതേ ഉള്ളില്‍ നിറഞ്ഞ വിഷാദമകന്ന് വരരുചി ആര്‍ത്തു ചിരിച്ചു പോയി. ബ്രാഹ്മണബൗദ്ധികത ഇത്രയും ഉച്ചത്തില്‍ ചിരിക്കുമോ എന്ന് മറന്ന് വീണ്ടും വീണ്ടും ചിരിച്ചു.

മരത്തിനു മുകളിലിരുന്ന് ഒരുവന്‍ കൊമ്പ് മുറിക്കുന്നു. ഇരിക്കുന്ന കൊമ്പു തന്നെയാണു മുറിക്കുന്നത്. ഈ ലോകത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ശിഖരം മുറിച്ചിടുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ അവന്‍ ആഞ്ഞാഞ്ഞു മരത്തില്‍ മഴുമുന പതിപ്പിക്കുന്നു. മരക്കഷ്ണങ്ങള്‍ ചിതറിത്തെറിക്കുന്നു..

“ഹേയ് വിഡ്ഡി ” വരരുചി വിളിച്ചു.

അവന്‍ തലയുയര്‍ത്തി നോക്കി. പക്ഷേ അവന്റെ കൈകള്‍ അപ്പോഴും ശിഖരത്തില്‍ ആഞ്ഞു പതിച്ചുകൊണ്ടിരുന്നു..

“നീ ഇപ്പോള്‍ താഴെ വീഴും…” വരരുചി ചിരിച്ചുകൊണ്ട് പറഞ്ഞു..

അവനതു ഗൗനിക്കാതെ ചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും ആഞ്ഞാഞ്ഞു വെട്ടി.

അല്പം പിന്നിലേക്ക് മാറി നിന്നിരുന്നില്ലെങ്കില്‍ ഇലച്ചാര്‍ത്തും ഒപ്പം അവനും വരരുചിയുടെ ദേഹത്ത് പതിക്കുമായിരുന്നു.

ഇലകള്‍ക്കിടയില്‍ നിന്നും ആശ്ചര്യമാര്‍ന്ന മുഖത്തോടെ അവന്‍ എണീറ്റു വന്നു . വരരുചിയെ വണങ്ങി നിന്നു ചോദിച്ചു.

“എന്തൊരത്ഭുതം . എങ്ങനെയാണു താങ്കള്‍ക്കിത് നേരത്തെ മുന്‍ കൂട്ടിക്കാണുവാന്‍ സാധിച്ചത്..?”

വരരുചി പുഞ്ചിരിച്ചു.

അയാള്‍ നടന്നു നീങ്ങി.. പിന്നാലെ തൊഴുകൈയ്യോടെ അവനും നടന്നു ചെന്നു. അവനെ ആട്ടിന്‍ പാലു മണക്കുന്നുണ്ടായിരുന്നു.

അല്പം നടന്ന് വരരുചി തിരിഞ്ഞു നിന്നു. ഇടയനെ കൗതുകത്തോടെ വീക്ഷിച്ചു. അയാള്‍ അവനെ നോക്കി ഒരിക്കല്‍ കൂടി പുഞ്ചിരിച്ചു. തീരുമാനിച്ചു. മതി. ഇവന്‍ മതി.

“വരൂ…”

വരരുചി വീണ്ടും ആ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുകയാണു. വിവാഹം കഴിക്കണമെങ്കില്‍ താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കണമെന്ന് വാശിപിടിക്കുന്ന അവളുടെ അരികിലേക്ക്.

വാദപ്രതിവാദത്തില്‍ വാക്കുകളില്ലാത്തവന്‍ വിജയിച്ചു. പെണ്‍കുട്ടി, ഗര്‍വ്വിഷ്ട, ഇടയന്റെ ഭാര്യയായി.


സ്വന്തം സുരക്ഷിതത്ത്വത്തെക്കുറിച്ചുള്ള ബോധ്യമാണു ഒരുവനെ ബുദ്ധിമാനാക്കുന്നതെന്ന ആധുനിക ചിന്ത തൊട്ടു തീണ്ടാത്തവന്‍. മരം മുറിക്കുകയെന്നതാണു അവനു പ്രധാനം. “സേഫ്റ്റി ഫസ്റ്റ്” എന്ന മുതലാളിത്ത ചിന്ത തൊഴിലാളിയെ സംരക്ഷിക്കാനല്ല… പകരം ഒരു “ആക്‌സിഡന്റ്” കമ്പനിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നതാണു പ്രധാനം..”

വരരുചി ഹൃദയം നിറഞ്ഞ ആഹ്ലാദത്തോടെ ഇറങ്ങി നടന്നു..

പെണ്‍കുട്ടി ഇടയനൊപ്പം അവന്റെ കുടിലിലേക്കും.

എന്തിനായിരുന്നു വരരുചി സന്തോഷിച്ചത്…? ഒരു മണ്ടനെക്കൊണ്ട് തന്നെ തോല്പിച്ചവളെ വരണമാല്യം അണിയിച്ചിരിക്കുന്നു.

ആരാണു മണ്ടന്‍ എന്ന ചോദ്യം ഇക്കഥയില്‍ പലപ്പോഴും വേതാളത്തിനു തോന്നിയിട്ടുണ്ട്…

“ആ ഇടയനു മരത്തില്‍ കയറാനും മരം മുറിക്കാനും അറിയാമായിരുന്നു. എന്നാല്‍ ഒരു കൊമ്പ് മുറിക്കുമ്പോള്‍ ഏത് വശത്തിരിക്കണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. മരത്തില്‍ കയറാനും മരം മുറിക്കാനും അറിയാവുന്നൊരുവന്‍ അത് രണ്ടും അറിയാത്ത വരരുചിയെക്കാള്‍ ബുദ്ധിമാനാണു.
സ്വന്തം സുരക്ഷിതത്ത്വത്തെക്കുറിച്ചുള്ള ബോധ്യമാണു ഒരുവനെ ബുദ്ധിമാനാക്കുന്നതെന്ന ആധുനിക ചിന്ത തൊട്ടു തീണ്ടാത്തവന്‍. മരം മുറിക്കുകയെന്നതാണു അവനു പ്രധാനം. “സേഫ്റ്റി ഫസ്റ്റ്” എന്ന മുതലാളിത്ത ചിന്ത തൊഴിലാളിയെ സംരക്ഷിക്കാനല്ല… പകരം ഒരു “ആക്‌സിഡന്റ്” കമ്പനിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നതാണു പ്രധാനം..”

വിക്രമാദിത്യത്തില്‍ ഇടത്തെ തോളില്‍ നിന്നും വേതാളത്തെ വലത്തെ തോളിലേക്ക് മാറ്റിക്കിടത്തി..

വേതാളം ശബ്ദം കുറച്ച് വിക്രമാദിത്യന്റെ ചെവിയില്‍ സംസാരിച്ചു…

“ഈ ഇടയനെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണു…? ഇതില്‍ ആരാണു ബുദ്ധിമാന്‍.. ?”

കഥയുടെ ഇടയ്ക്ക് വെച്ചു ചോദ്യം ചോദിക്കുന്ന വേതാളത്തിന്റെ രീതികള്‍ വിക്രമാദിത്യന്‍ ഇപ്പോള്‍ സഹിക്കാറില്ല. അതിനാല്‍ അവന്‍ വേതാളത്തിന്റെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഇടയ ഭവനത്തിലേക്ക് നടന്നു…

ആട്ടിന്‍ കുട്ടികള്‍ ഓടി നടക്കുന്ന ഇടയന്റെ വീടിന്റെ മുറ്റത്ത് അവള്‍ നില്‍ക്കുന്നു. ആടയാഭരണങ്ങളെല്ലാം വെടിഞ്ഞ് അവള്‍ ഒരു കാട്ടുകന്യയെപ്പോലെ അവിടെ നിന്നു. ഇടയന്‍ അവളോട് എന്തൊക്കയോ പറയുന്നു… പറയുന്നതിനെല്ലാം ആ പെണ്‍കുട്ടി അവനെ ശകാരിക്കുന്നു.
“പോയ്‌ക്കോ എന്റെ മുന്നില്‍ നിന്നും ഇത്രയും വിഡ്ഡിയായൊരുവന്റെ ഭാര്യയായിരിക്കാന്‍ എനിക്കാവില്ല. ബുദ്ധിയില്ലാത്തവനേ…!”

ഇടയനെ ആശ്വസിപ്പിക്കാനെന്ന ഭാവേന അവന്റെ കാലുകളില്‍ മുഖമുരസി ആട്ടിന്‍ കുട്ടികള്‍ നിന്നു..ഒടുവില്‍ അവള്‍ വീടിന്റെ വാതില്‍ അടച്ചുകൊളുത്തിട്ടപ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു “കാളീക്ഷേത്രത്തിലേക്ക് ചെല്ലൂ…….. അവിടെ ഭജനമിരിക്കൂ…. നിങ്ങളെ രക്ഷിക്കാന്‍ ഇനി കാളീദേവിയ്‌ക്കേ കഴിയൂ…”

അടഞ്ഞ വാതിലിനു മുന്നില്‍ പകച്ചു നിന്ന ഇടയന്‍ അല്പം കഴിഞ്ഞ് മെല്ലെ തിരിഞ്ഞു നടന്നപ്പോള്‍ അവന്റെ ആട്ടിന്‍ പറ്റവും അവനെ അനുഗമിച്ചു. അവന്‍ തിരിഞ്ഞു നിന്ന് അവയെ ആശ്വസിപ്പിച്ചു. അവയെ ഉമ്മവെച്ചു… പിന്നെ അവയെ തിരിച്ചയച്ചു.. “ചെല്ലൂ… അവള്‍ തനിച്ചാ”ണെന്ന് അവന്‍ അവരോട് പറഞ്ഞ്…നടന്നകന്നു…
ആട്ടിന്‍ കൂട്ടം ഇടയനെ അനുസരിച്ച് വീടിന്റെ മുറ്റത്തേയ്ക്ക് തിരികെ നടന്ന് പച്ചില തിന്നാന്‍ മറന്ന്…

അവന്റെ നോവിന്റെ ഇലകള്‍.. എപ്പോഴും ആടുകള്‍ക്ക് തീറ്റ കൊടുക്കാന്‍ മരത്തില്‍ കയറുകയും മരം വെട്ടുകയും താഴെവീഴുകയും ചെയ്തപ്പോഴൊക്കെ അവന്റെ വേദന മാറിയിരുന്നത് ആട്ടിന്‍ കുട്ടികള്‍ മെല്ലെമെല്ലെ അയവെട്ടുമ്പോഴായിരുന്നു…

kalidasn-450വനത്തിലെ കാളീക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞിരുന്നു. പാമ്പുകള്‍ കൂട്ടത്തോടെ വസിക്കുന്ന പുറ്റുകള്‍.. കിളികള്‍ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നു… തണുവാര്‍ന്ന അന്തരീക്ഷത്തിലൂടെ നടന്ന് അവന്‍ കാളീക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കയറി വാതിലടച്ചു… ഉള്ളിലിരുന്നു വിമ്മി വിമ്മിക്കരഞ്ഞു.. എന്തിഷ്ടമായിരുന്നു അവളെ. ആദ്യമായാണു ഒരു സ്ത്രീയുടെ കൈ പിടിക്കുന്നത്. ആദ്യമായിരുന്നു ഒരു സ്ത്രീയുടെ ഗന്ധം ഇത്രയും ഉന്മാദത്തോടെ വലിച്ചെടുത്താസ്വദിച്ചത്….

സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്ക് താഴേക്ക് അവന്‍ വീണുകൊണ്ടിരുന്നു… കരഞ്ഞപ്പോള്‍ കണ്ണുനീര്‍ ധാരധാരയായി പൊഴിഞ്ഞുവീണു… അവനിരുന്ന തറ നനഞ്ഞു കുതിര്‍ന്നു… ആ നനവില്‍ അവന്‍ കിടന്നുറങ്ങിപ്പോയി…

മനോഹരമായ സ്വപ്നങ്ങള്‍… മരത്തില്‍ കയറുമ്പോള്‍ എന്ത് ചെയ്യണമെന്ന് ഗര്‍വ്വിഷ്ട പറഞ്ഞു കൊടുക്കുന്നു..
“ദേയ് ആ കൊമ്പിന്റെ ഇപ്പുറത്തിരിക്കൂ… അങ്ങനെ… എന്നിട്ട് ഇടം കൈകൊണ്ട് മറ്റേ കൊമ്പില്‍ പിടിക്കൂ… പിന്നെ വലം കൈയ്യാല്‍ മരം മുറിക്കൂ….”

ശിഖരം മുറിഞ്ഞു വീണു… ആദ്യമായ് അവന്‍ മരത്തില്‍ നിന്നും താഴെ വീഴാതെ മരത്തിലിരുന്നു.. ശിഖരം വീണതിന്റെ ആഘാതത്തില്‍ മരമുലഞ്ഞപ്പോള്‍ അവന്‍ ഊഞ്ഞാലാട്ടത്തിന്റെ ലഹരിയില്‍ ഗര്‍വ്വിഷ്ടയെ നോക്കി പുഞ്ചിരിച്ചു…

അവര്‍ ഒരുമിച്ച് ആട്ടിന്‍ പറ്റത്തിനു തീറ്റ നല്‍കി…

അവള്‍ അവനെ പുല്‍കിയപ്പോള്‍ അവന്‍ കോരിത്തരിച്ചു…

അവന്‍ അവളുടെ കൈകള്‍ കവര്‍ന്നു… ഒരു വണ്ട് പൂവിനോടെന്നപോലെ അവളുടെ മുഖത്തേയ്ക്ക് മുഖം ചേര്‍ത്തു….

ഉണര്‍വ്വിനും ഉറക്കത്തിനുമിടയ്ക്ക് എപ്പോഴോ കാളി പ്രത്യക്ഷപ്പെട്ടു.. “അകത്താരു…” എന്നാക്രോശിച്ചു… “പുറത്താരെ”ന്നവന്‍ ആരാഞ്ഞൂ…

“പുറത്ത് കാളി”യെന്നവള്‍…

“അകത്ത് ദാസ”നെന്ന് അവനും…

പുറത്ത് കാളിയുടെ ഉഗ്രമായ ശബ്ദത്തിനിടയില്‍ ഒരു ചെറിയ തേങ്ങല്‍ കേട്ടുവോ ഇടയന്‍…

വീണ്ടും ഉറക്കത്തിലേക്ക് പോയ ഇടയന്റെ നാവില്‍ കാളി മന്ത്രം കുറിച്ചു… ഒരു തുള്ളിച്ചോര നുണഞ്ഞ് അവന്‍ ഉറക്കത്തിലേക്ക് ആഴ്ന്നാഴ്ന്നു വീണു…ഒടുവില്‍ ശ്വാസം മുട്ടിയുണര്‍ന്നപ്പോള്‍…

അവന്‍ ജീവിതത്തിന്റെ മനോഹാരിതയിലേക്കാണു തെന്നിവീണത്…

കിളികള്‍ പാടുന്നത് അവന്‍ തിരിച്ചറിഞ്ഞു… കുയിലുകള്‍ മാന്തളിരുണ്ട് പാടുന്നു.. സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തി പിണഞ്ഞാടുന്നു… കുളിര്‍മയുള്ള കാറ്റു ചുറ്റിനും വീശുന്നു….

ആകാശത്തേയ്ക്ക് കയറി വന്ന കറുത്ത മേഘങ്ങള്‍ ആനക്കൂട്ടമെന്നവനു തോന്നി…. നടന്നുപോകുന്ന വഴികളില്‍ അവന്റെ കാല്പാദത്തെ തലോടുവാന്‍ മണ്ണില്‍ പമ്മിക്കിടന്ന ചെടികള്‍ മല്‍സരിച്ചു… കാട്ടുതേന്‍ നുകര്‍ന്ന് മത്തുപിടിച്ച ശലഭങ്ങള്‍ അവനെ ചുംബിച്ചു..

അവന്‍ വീട്ടിലേക്ക് ചെന്നപ്പോള്‍, അവനെ കണ്ടപ്പോള്‍ ആട്ടിന്‍ പറ്റം മധുരമായൊരു ഓടക്കുഴല്‍ നാദത്തിലെന്നതുപോലെ മനം മയങ്ങി നിന്നു…

അവള്‍ വാതില്‍ തുറന്നു….

അവനെ വിടര്‍ന്ന മിഴിയോടെ നോക്കി നിന്നു…. ലോകത്തെ ഏറ്റവും മനോഹരിയായ സ്ത്രീ തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന ഭാവത്തില്‍ അവന്‍ അവളെ നോക്കി.. അവന്റെ നോക്കിന്റെ മാസ്മരികതയില്‍ അവള്‍ പൂവുപോലെ വിടര്‍ന്നുപോയി….

അവന്‍ അവളുടെ കൈകള്‍ കവര്‍ന്നു… ഒരു വണ്ട് പൂവിനോടെന്നപോലെ അവളുടെ മുഖത്തേയ്ക്ക് മുഖം ചേര്‍ത്തു….

അടക്കിപ്പിടിച്ചൊരു തേങ്ങല്‍ അവളില്‍ നിന്നുണര്‍ന്നു….

അവന്‍ ഞെട്ടിപ്പോയി……

അവന്‍ വിളിച്ചു…….. “കാളീ……..ദേവീ……”

അവള്‍ വിളികേട്ടില്ല…

അവന്‍ വീണ്ടും വിളിച്ചു

“ഗുരോ….”

അവള്‍ അവന്റെ കാല്പാദത്തില്‍ വീണു… അവനവളെ പിടിച്ചുയര്‍ത്തി…. ഞാന്‍ ദാസനാണു… എന്നും…

പിന്നെ തിരിഞ്ഞ് നടക്കവേ… അവനെ പൂമ്പൊടി ചൂടിയ കാറ്റും അവളുടെ തേങ്ങലും അനുഗമിച്ചു…!

“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

 

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….

എഴുത്തിലെ കുരു

മരണം

ഉപ്പ്…..

മെറ്റമോര്‍ഫോസിസ്…

എഴുത്തിന്റെ സൂത്രവാക്യം…

ചിന്തകളുടെ ചിതറല്‍…

സൗഹൃദം…

ഖസാക്കിനെ ചുറ്റിയ സര്‍പ്പം

ഫാബി എന്ന ഒറ്റമരം

ഫാബിമരംii

ഫാബിമരംiii