ദളപതിയില്‍ മമ്മൂട്ടിയുടെ ഡയലോഗ് വരുമ്പോള്‍ ഞാന്‍ കൂവുമായിരുന്നു: സൂരി
Entertainment
ദളപതിയില്‍ മമ്മൂട്ടിയുടെ ഡയലോഗ് വരുമ്പോള്‍ ഞാന്‍ കൂവുമായിരുന്നു: സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2024, 10:40 pm

കോമഡി വേഷങ്ങളില്‍ നിന്ന് ട്രാക്ക് മാറ്റി വെട്രിമാരന്‍ ചിത്രമായ വിടുതലൈയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് സൂരി. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടത് മറുമലര്‍ച്ചി സിനിമയുടെ ഷൂട്ടിനിടയില്‍ ആണെന്നും ആ സിനിമയില്‍ താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെന്നും സൂരി പറഞ്ഞു. പുതിയ ചിത്രമായ ഗരുഡന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയായിരുന്നെന്നും ആ സമയത്ത് ദളപതിയില്‍ മമ്മൂട്ടിയെ കണ്ട ഓര്‍മയാണ് മനസില്‍ വന്നതെന്നും സൂരി പറഞ്ഞു.

ആ സമയത്ത് രജിനികാന്തിന്റെയല്ലാതെ വേറെ ആരുടെയും ഡയലോഗ് കേള്‍ക്കാന്‍ പാടില്ല എന്ന വാശിയായിരുന്നെന്നും, ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂട്ടിയാണെന്ന് പോലും നോക്കാതെ ഓരോ ഡയലോഗിനും കൂവി ബഹളമുണ്ടാക്കാറുണ്ടായിരുന്നെന്നും സൂരി പറഞ്ഞു. ഒടുവില്‍ ബാക്കിയുള്ളവര്‍ തന്നെയും കൂട്ടുകാരെയും പൊലീസിന്റെ കൈയില്‍ ഏല്പിക്കുമെന്ന് പറഞ്ഞതോടെയാണ് അടങ്ങിയിരുന്നതെന്നും സൂരി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ നാടായ മധുരൈയില്‍ നിന്ന് ഓരോ സിനിമക്കും ആളുകള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുപോകുമായിരുന്നു. എനിക്കും അങ്ങനെ പോകണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ മറുമലര്‍ച്ചി സിനിമയുടെ ഷൂട്ടിന് വേണ്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വേണമെന്ന് ചോദിച്ച് ആളുകള്‍ വന്നത്. വീട്ടിലൊക്കെ ചോദിച്ച് ഒരുവിധത്തില്‍ സമ്മതം വാങ്ങി തിരുവണ്ണാമലൈയിലേക്ക് പോയി. ഞാന്‍ വിചാരിച്ചതിനെക്കാള്‍ വലിയ ലൊക്കേഷനയിരുന്നു അത്. മമ്മൂട്ടി സാറായിരുന്നു അതിലെ നായകന്‍. മമ്മൂട്ടി സാറിനെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ അന്തം വിട്ട് നിന്നുപോയി.

പെട്ടന്ന് എന്റെ ഓര്‍മ ദളപതി സിനിമ ഇറങ്ങിയ സമയത്തേക്ക് പോയി. ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ മമ്മൂട്ടി വരുന്ന സീനിലൊക്കെ ഞാനും കൂട്ടുകാരും നിര്‍ത്താതെ കൂവുമായിരുന്നു. രജിനികാന്ത് അല്ലാതെ വേറെ ആരുടെയും ശബ്ദം കേള്‍ക്കാന്‍ പാടില്ല എന്ന വാശിയായിരുന്നു ആ സമയത്ത്. ഒടുവില്‍ നാട്ടുകാര്‍ ഞങ്ങളെ പൊലീസിന്റെ കൈയില്‍ ഏല്പിക്കുമെന്ന് പറഞ്ഞപ്പോള്‍ മിണ്ടാതിരുന്നു. ഈ മനുഷ്യന്റെ ഡയലോഗിനാണല്ലോ ഏന്ന് കൂവിയത് എന്നായിരുന്നു മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ തോന്നിയത്,’ സൂരി പറഞ്ഞു.

Content Highlight: Soori shares the experience when he saw Mammootty for first time