| Saturday, 14th November 2020, 5:03 pm

സൂര്യയിലൂടെ ഗോപിനാഥിനെ ലോകമറിഞ്ഞു, ഒരു വെടിയുണ്ടയില്‍ തീര്‍ത്തുകളഞ്ഞ ആ മലയാളിയെയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടി റിലീസിലൂടെ ഹിറ്റായി മാറിയിരിക്കുന്ന സൂര്യ ചിത്രം ‘സുരരൈ പോട്ര്’ ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സംവിധായിക സുധ കൊങ്കാര ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചിരിക്കുന്നത്.

പാവപ്പെട്ട ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിക്കുകയും, കന്നഡ മീഡിയത്തില്‍ പഠിക്കുകയും ചെയ്ത്, പിന്നീട് കൃഷിയിലും ഹോട്ടല്‍ മേഖലയിലും പ്രവര്‍ത്തനമാരംഭിച്ച് ഏവിയേഷന്‍ രംഗത്ത് വന്‍ സാമ്രാജ്യം പണിതുയര്‍ത്തിയ കര്‍ണാടക സ്വദേശി ജി.ആര്‍ ഗോപിനാഥിനെ നെടുമാരന്‍ എന്ന കഥാപാത്രത്തിലൂടെ സൂര്യ അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഒരു കാലഘട്ടത്തെ ചിത്രീകരിച്ച ‘സുരരൈ പോട്ര്’ കണ്ടവരില്‍ പല മലയാളികള്‍ക്കും ഓര്‍മ വന്ന് കാണുക ജി.ആര്‍ ഗോപിനാഥിനും മുമ്പേ ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലയില്‍ തിളങ്ങി നിന്ന ഒരു തിരുവനന്തപുരത്തുകാരനെയാണ്. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയുടമയും മലയാളിയുമായ തഖിയുദീന്‍ അബ്ദുല്‍ വാഹിദിനെ.

ആരായിരുന്നു തഖിയുദീന്‍ അബ്ദുള്‍ വാഹിദ്

ജി.ആര്‍ ഗോപിനാഥ് തന്റെ കമ്പനിയായ എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നതിനും ഒരു ദശാബ്ദം മുമ്പ് തന്നെ തഖിയുദ്ദീന്‍ വാഹിദ് തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു തഖിയുദീന്‍. ഇന്ത്യയില്‍ ആഗോളവത്കരണം പച്ചപിടിക്കാന്‍ തുടങ്ങിയ സമയത്ത് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യവസായമായിരുന്നു വ്യോമയാന മേഖല. ജെറ്റ് എയര്‍വേയ്‌സിനൊപ്പം ആ രംഗത്തേക്ക് കടന്നുവന്നതാണ് തഖീയുദ്ദീന്‍ ആരംഭിച്ച ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.

1992 ല്‍ ഗള്‍ഫ് മലയാളികള്‍ക്ക് പുതിയ അനുഭവമായി മാറിയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ അന്നത്തെ മുടക്കുമുതല്‍ എഴുപത് കോടി രൂപയായിരുന്നു. മൂന്ന് ബോയിങ് 737 വിമാനങ്ങളുമായി ആരംഭിച്ച കമ്പനി ആറുമാസം കൊണ്ട് 12 സെക്ടറുകളായി സര്‍വ്വീസ് വ്യാപിപ്പിച്ചു. ഒപ്പം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും തഖിയുദീന്റെതായി വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ന്നു വന്നു.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരൊക്കെ പലപ്പോഴും ഈസ്‌ററ് വെസ്റ്റ് എയര്‍ലൈന്‍സില്‍ അതിഥികളായി എത്താറുണ്ടായിരുന്നു. ഈ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദര്‍ തെരേസ. മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഈസ്റ്റ് വെസ്റ്റിലെ എല്ലാ വിമാനങ്ങളിലും ഇവര്‍ക്ക് ടിക്കറ്റ് സൗജന്യമായിരുന്നു.

അപ്രതീക്ഷിതമായ കൊലപാതകം

1995 ഒക്ടോബറിലായിരുന്നു ഈസ്റ്റ് വെസ്റ്റ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ മാസം. തൊട്ടടുത്ത മാസം നവംബര്‍ 13 നാണ് തഖിയുദീന്‍ മുംബൈയില്‍വെച്ച് കൊല്ലപ്പെടുന്നത്. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേ മൂന്നംഗ സംഘം, അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. ബിസിനസ് വളര്‍ച്ചയിലെ പകയാണ് തഖിയുദീന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്നുയര്‍ന്നുവന്ന പ്രധാന ആരോപണം.

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ആരംഭിക്കാന്‍ തീരുമാനമെടുത്തത് മുതല്‍ തഖിയുദ്ദീന് വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എതിരാളികളുടെ ഭീഷണികള്‍ ഒരു ബിസിനസ് തന്ത്രമായി മാത്രമേ അദ്ദേഹം കരുതിയിരുന്നുള്ളൂവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

രണ്ട് സംഘങ്ങളായി നിന്ന് പരസ്പരം പോരടിച്ചിരുന്ന ദാവൂദ് ഇബ്രാഹിം-ചോട്ടാ രാജന്‍ കുടിപ്പകയുടെ ഇരയാവുകയായിരുന്നു തഖിയുദ്ദീന്‍ എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. ദാവൂദിനെ സഹായിക്കുന്നുവെന്ന സംശയത്താല്‍ തഖീയുദ്ദീനെ ചോട്ടാ രാജിന്റെ സംഘം കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം പിന്നീട് 1996 ല്‍ ഒരു ഇംഗീഷ് മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ചോട്ടാ രാജ് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാല്‍ തഖിയുദീന്റെ കുടുംബം ഈ ആരോപണം നിഷേധിച്ചിരുന്നു.

തഖിയുദ്ദീന്റെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് തുടക്കം മുതലേ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. തഖിയുദ്ദീന്റെ ഭാര്യയടക്കം അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മൊഴിയെടുക്കാന്‍ മുംബൈ പൊലീസ് തയ്യാറായിരുന്നില്ല എന്ന് അവര്‍ പറയുന്നു. മുംബൈ അധോലോകം നടത്തിയ അനേകം കൊലപാതകളില്‍ ഒന്ന് എന്ന നിലയില്‍ മാത്രമായിരുന്നു പൊലീസ് കേസ് കൈകാര്യം ചെയ്തിരുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

രോഹിത് വര്‍മ, ജോസഫ് ജോണ്‍ ഡിസൂസ, സുനില്‍ മല്‍ഗോകര്‍, ബണ്ടി പാണ്ഡെ, ഇജാസ് ലക്‌ഡെവാലെ എന്നിവരടങ്ങിയ സംഘമാണ് തഖിയുദീനെ വധിച്ചതെന്ന് പൊലീസ് കുറ്റപത്രം തയ്യാറാക്കി. ഇതില്‍ ബണ്ടിപാണ്ഡെയുടേയും ഇജാസ് ലക്‌ഡെവാലെയുടെയും പേരുകള്‍ ആദ്യഘട്ടത്തില്‍ കുറ്റപത്രത്തിലുണ്ടായിരുന്നില്ലെങ്കിലും പീന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു.

തഖിയുദീന്റെ മരണത്തിന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്ക് കൊലപാതകത്തിന് പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്ന സൂചന ലഭിച്ചു. പിന്നാലെ പുനഃരന്വേഷണത്തിന് റോ നിര്‍ദേശിച്ചിരുന്നെങ്കിലും അത് നടന്നില്ല.

തഖിയുദ്ദീന്‍ കൊലപാതക കേസിലെ പ്രതികളിലൊരാളായ ഇജാസ് ലക്‌ഡെവാലെയെ 2020 ജനുവരിയില്‍ പട്‌നയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇരുപത്തൊന്ന് വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഇന്ത്യയിലും വിദേശത്തുമായി കഴിയുകയായിരുന്നു ഇജാസ്. 2019 ഡിസംബര്‍ 28 ന് മകള്‍ സോണിയയെ പിടികൂടിയതോടെയാണ് ഈജാസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഇജാസ് പിടിക്കെപ്പെട്ടതോടെ തഖിയൂദിന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹകതള്‍ പുറത്തു വരുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വ്യോമയാന രംഗത്തേക്ക് കടന്നുവരികയും വന്‍ വ്യവസായ ലോകം കെട്ടിപ്പടുക്കുകയും ഒടുവില്‍ തകരുകയും ചെയ്ത ജി.ആര്‍ ഗോപിനാഥന്റെ ജീവിതം വെള്ളിത്തിരയില്‍ കാണുമ്പോള്‍ അതിന്റെയും വര്‍ഷങ്ങള്‍ക്ക് മുന്നേ ഉന്നതങ്ങളിലേക്ക് കുതിക്കുന്നതിനിടയില്‍ വെടിയുണ്ടയ്ക്കിരയായ തഖിയുദ്ദീന്‍ വാഹിദ് എന്ന മലയാളിയെ കേരളം ഓര്‍ക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Soorarai Pottru behind stroies, Malayalees remember Thakkiyudheen’s East West Airlines

We use cookies to give you the best possible experience. Learn more