|

പരാജയ പരമ്പരക്ക് സുധ കൊങ്കാര അവസാനമിടുമോ? സൂരരൈ പോട്ര് ഹിന്ദി റീമേക്കിന്റെ റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍ നായകനാവുന്ന സൂരറൈ പോട്ര് ഹിന്ദി റീമേക്കിന്റെ റിലീസ് ഡേറ്റ് പുറത്ത്. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക മദന്‍, പരേഷ് റാവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂര്യയെ നായകനാക്കി സുധ തന്നെ സംവിധാനം ചെയ്ത സൂരരൈ പോട്ര് 2020ലാണ് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സൂര്യക്ക് മികച്ച നടനും അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഹിന്ദി റീമേക്കില്‍ ഗസ്റ്റ് അപ്പിയറന്‍സായി സൂര്യയുമെത്തുന്നുണ്ട്.

അതേസമയം ഒടുവിലിറങ്ങിയ ചിത്രങ്ങളെല്ലാം നിരത്തി പരാജയപ്പെട്ട അക്ഷയ് കുമാറിന് സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്കില്‍ വലിയ പ്രതീക്ഷയാണുള്ളത്.

സെല്‍ഫിയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ ഈ ചിത്രവും പരാജയപ്പെട്ടിരുന്നു.

അക്ഷയ്‌യുടെ പുതിയ ചിത്രമായ ഓ മൈ ഗോഡ് ഒ.ടി.ടി റിലീസായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അമിത് റായ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlight: soorarai potru hindi remake release date

Video Stories