തളര്‍ത്താന്‍ നോക്കേണ്ട, തളരില്ലടോ...; ചിത്രക്കെതിരെയുള്ള വിമര്‍ശനത്തില്‍ സൈബറാക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ്
കൊച്ചി: ഗായിക കെ.എസ്. ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ്. വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി താന്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നുവെന്നും അത് എല്ലാ പരിധികളും കടന്ന് കൂടുതല്‍ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നുവെന്നും സൂരജ് ഫേസ്ബുക്കില്‍ കുറിച്ചു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ നല്‍കുന്ന ശക്തമായ പിന്തുണയാണ് തനിക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നതെന്ന് സൂരജ് ചൂണ്ടിക്കാട്ടി. നീതിക്ക് വേണ്ടി നിലകൊണ്ട ഓരോരുത്തര്‍ക്കും കുറിപ്പിലൂടെ സൂരജ് നന്ദിയറിക്കുകയും ചെയ്തു. തളര്‍ത്താന്‍ നോക്കേണ്ടെന്നും അതിന് ശ്രമിച്ചാല്‍ തളരാന്‍ തയ്യാറല്ലെന്നും സൂരജ് സന്തോഷ് വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരിലും തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതിന്റെ പേരിലും ഇതിനു മുമ്പും സൂരജ് സന്തോഷ് സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ അയോധ്യ രാമക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട കെ.എസ്. ചിത്രയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് സൂരജ് നിലവില്‍ നേരിടുന്നത്. ഈ ഒരു സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന തീരുമാനത്തിലേക്ക് സൂരജ് എത്തിയത്.
കെ.എസ് ചിത്രക്കെതിരായ വിമര്‍ശനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും സൂരജ് സന്തോഷ് വ്യക്തമാക്കിയിരുന്നു. തന്റേതായ നിലപാടുകള്‍ വ്യക്തമാക്കാന്‍
കെ.എസ്. ചിത്രക്ക് അവകാശമുള്ളതുപോലെ ആ അവകാശത്തെ വിമര്‍ശിക്കാന്‍ ഉള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സൂരജ് പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും കെ.എസ്. ചിത്ര കഴിഞ്ഞ ദിവസം ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ചിത്രക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു.
Content Highlight: Sooraj Santhosh says that legal action will be taken against those who are cyberattacking the criticism against K.S. Chithra