'അമ്പലം പൊളിച്ചിട്ടാണ് ബാബരി മസ്ജിദ് പണിതതെന്ന കാര്യം നീ സൗകര്യ പൂര്‍വം മറന്നോ'; ചിത്രയെ വിമര്‍ശിച്ച സൂരജിനെതിരെ സൈബര്‍ ആക്രമണം
Film News
'അമ്പലം പൊളിച്ചിട്ടാണ് ബാബരി മസ്ജിദ് പണിതതെന്ന കാര്യം നീ സൗകര്യ പൂര്‍വം മറന്നോ'; ചിത്രയെ വിമര്‍ശിച്ച സൂരജിനെതിരെ സൈബര്‍ ആക്രമണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th January 2024, 10:27 am

ഗായിക കെ. എസ്‌ ചിത്രയുടെ രാമക്ഷേത്ര പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം.

സോഷ്യൽ മീഡിയയിൽ സൂരജിന്റെ ഫോട്ടോയ്‌ക്കും വീഡിയോക്കും താഴെ നിരവധി പേരാണ് സൂരജിനെതിരെ കമന്റ്‌ ചെയ്യുന്നത്. അമ്പലം പൊളിച്ച് പള്ളി പണിത കാര്യം നീ സൗകര്യം പൂർവ്വം മറന്നോയെന്നാണ് ചില കമന്റുകൾ.

കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ് കെ. എസ്‌ ചിത്ര വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെ സൂരജ് അടക്കമുള്ള നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയത്.

‘സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം,’ എന്നായിരുന്നു സൂരജ് സന്തോഷ്‌ തന്റെ ഇൻസ്റ്റാഗ്രം സ്റ്റോറിയിലൂടെ ചിത്രയെ വിമർശിച്ചു കൊണ്ട് കുറിച്ചത്.

ഇതിന് പിന്നാലെയാണ് സൂരജിപ്പോൾ വലിയ തോതിൽ സൈബർ ആക്രമണം നേരിടുന്നത്. ചിത്രയെ വിമർശിക്കാൻ മാത്രം എന്ത് യോഗ്യതയാണ് നിനക്ക്, താൻ ജീവനോടെയുണ്ടെന്ന് അറിയിച്ചതാണോ എന്ന രീതിയിലെല്ലാം നിരവധി കമന്റുകൾ സൂരജിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

അയോധ്യയിൽ നിന്നുള്ള അക്ഷതം ആർ. എസ്‌. എസ്‌ നേതാക്കളിൽ നിന്ന് കെ. എസ്‌. ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ മലയാള താരങ്ങളായ മോഹൻലാൽ, ദിലീപ്, കാവ്യ മാധവൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ആര്‍.എസ്.എസ്സില്‍ നിന്ന് രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Content Highlight: Sooraj Santhosh Faces Cyber Attacks