| Saturday, 16th November 2024, 10:09 pm

സംഭവം കുറച്ച് സീരിയസാണ്; ബേസിലിന്റേയും നസ്രിയയുടെയും 'സൂക്ഷ്മദര്‍ശിനി' ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ്മെന്റ് മുതല്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം.സിയാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. സൂക്ഷ്മദര്‍ശിനിയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ഹാപ്പി ഹവേഴ്സ് എന്റടെയ്ന്‍മെന്റ്സിന്റേയും എ.വി.എ. പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിക്കുന്നത്. അതുല്‍, ലിബിന്‍ എന്നിവരാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഭ്രമയുഗം, ടര്‍ബോ എന്ന ചിത്രങ്ങളിലൂടെ ജനപ്രിയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

പരസ്പരം നിരീക്ഷിക്കുന്ന അയല്‍വാസികളായിട്ടാകും നസ്രിയയും ബേസിലും ചിത്രത്തിലെത്തുക എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ‘നിങ്ങളുടെ അയല്‍വാസിയെ നിങ്ങള്‍ക്ക് എത്ര നന്നായി അറിയാം’ എന്ന ചോദ്യവും ട്രെയ്‌ലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.

സൂക്ഷ്മദര്‍ശിനിയുടെ അടുത്തിടെ പുറത്തിറങ്ങിയിരുന്ന പ്രൊമോ സോങ് ‘ദുരൂഹ മന്ദഹാസമേ..’ എന്ന ഗാനം സോഷ്യല്‍ മീഡിയിലടക്കം ഹിറ്റായിരുന്നു. ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോയാണ് നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Content Highlight: Sookshmadarshini Movie  Official Trailer Is Out

Latest Stories

We use cookies to give you the best possible experience. Learn more