സൂചിമുന/തുന്നല്‍ക്കാരന്‍
ഒന്ന്.
ഒരു പേരില്‍ എന്തിരിക്കുന്നുവെന്നാണു ഷേക്ക്‌സ്പിയര്‍ റോമിയോയിലൂടെ ചോദിച്ചത്. റോസാപ്പൂവിന്റെ പേരു മാറ്റിയാലും അതിന്റെ ഗുണത്തിനൊരു മാറ്റവുമില്ലെന്ന് പറഞ്ഞ് പേരിന്റെ വേരില്ലായ്മയെ അദ്ദേഹം തുറന്നു കാട്ടി.
റോസ്സ്പ്പൂവിനു പേരുവേണ്ട ! പേരിനപ്പുറമുള്ളൊരു നേരിനെ പ്രകാശിപ്പിക്കുന്ന സൗന്ദര്യസുഗന്ധമാണത്.
മനുഷ്യന്റെ പേരില്‍ പലതുമുണ്ട്. ബാല്യത്തില്‍ തനിക്ക് ലഭിച്ചൊരു പേരില്‍ വളര്‍ന്നവന്‍ പേരിനപ്പുറത്തേക്ക് വളരുമ്പോള്‍ പേരൊരു ഭാരവും ബാധ്യതയുമായി മാറും. അങ്ങനെ പേരിനപ്പുറത്തേയ്ക്ക് വളരുകയെന്നത് ഏതൊരു മനുഷ്യന്റെയും ലക്ഷ്യമായ് മാറുമ്പോള്‍ പഴമയില്‍ നിന്നും പുതുമയിലെക്കൊരു വളര്‍ച്ചയെന്നോ പുരോഗമനമെന്നോ അതിനെ വിളിക്കാം.
ഒരു ജാതിപ്പേരും ചുമന്ന് വളരുന്നൊരുവന്‍ ജീവിതത്തില്‍ തന്റെ പേരിനപ്പുറത്തേയ്ക്ക് ചിന്തകള്‍ എത്തുമ്പോള്‍ തന്റെ ജാതിവേരു മുറിച്ചു മാറ്റുന്നതില്‍ എന്താണു തെറ്റ് ?
ഇന്ന് കേരളീയന്‍ സമ്പന്നനായപ്പോള്‍ അവന്റെ ജാതീയതയും മതവും തിരിച്ചു വന്നു. അവനിലെ പുരോഗമനവാദിയെ പുറത്താക്കി വാതിലടച്ചു.
രണ്ട്.
ഇന്ന് പേരുകള്‍ ആഗോളതലത്തില്‍ തന്നെ വെല്ലുവിളികള്‍ നേരിടുന്നു. നിന്റെ പേരാണു പ്രശ്‌നമെന്ന് സാമ്രാജ്യത്വം പ്രഖ്യാപിക്കുമ്പോള്‍ അതിനൊരു കാരണമായി അവര്‍ പറയുന്നത് ലോകത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊക്കെ ഒരു പേരാണെന്നാണ്. മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ബോംബു സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഓരോ മുസ്ലിം നാമധാരിയും ഏറ്റെടുക്കണമെന്നും ആ പേരുകള്‍ വലിയ സ്‌ഫോടനശേഷിയുള്ളതെന്നും അവര്‍ സ്ഥിരീകരിക്കുന്നു.[]
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചവന്റെ പേരിനു നേരിടേണ്ടി വരാതിരുന്ന ചോദ്യം. ഇറാക്കിലെ നിരവധി നിരപരാധികളുടെ ജീവന്‍ നക്കിത്തുടച്ചവന്റെ പേരിനെയും ആരും ചോദ്യം ചെയ്യ്തില്ല. ആ പേരുകളൊക്കെ , ആ ഭീകര പ്രവര്‍ത്തനങ്ങളൊക്കെ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. ആ പേരിന്റെ പേരില്‍ ഒരുത്തന്റെയും വസ്ത്രം ഉരിയപ്പെടുകയും ചെയ്യ്‌പ്പെട്ടിട്ടില്ല.
ഇവിടെയാണു പേരുകള്‍ വെറും പേരുകളല്ലാതായി മാറുന്നതും പേരുകള്‍ എല്ലാമായിത്തീരുന്നതും.
മൂന്ന്.
കേരളത്തിലെ പുരോഗമനവാദികളായവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ജാതിമതാതീതമായ പേരുകള്‍ നല്‍കി ഒരു കാലത്ത് മാന്യതയും മാതൃകയും കാട്ടിയിരുന്നു. കുട്ടികളെ വേര്‍തിരിക്കാതെ ഒരുമിച്ചിരുത്തി വിദ്യാഭ്യാസം നല്‍കിയിരുന്നു.
ഇന്ന് കേരളീയന്‍ സമ്പന്നനായപ്പോള്‍ അവന്റെ ജാതീയതയും മതവും തിരിച്ചു വന്നു. അവനിലെ പുരോഗമനവാദിയെ പുറത്താക്കി വാതിലടച്ചു. ഓരോരുത്തനും അവന്റെ കുട്ടികള്‍ക്ക് മതപ്പേരുകളും ജാതിപ്പേരുകളും നല്‍കി. അങ്ങനെ ഏറ്റവും സങ്കുചിതമായ ഒരു ലോകത്തിലേക്ക് നാം തന്നെ നടന്നു കയറി.
സങ്കുചിതത്വം ശ്വാസമുട്ടലാണ്. നാം ശ്വസിക്കാനാവാതെ നട്ടം തിരിയുന്ന നാളുകള്‍ വരാനിരിക്കുന്നതേയുള്ളൂ.
മുറിക്കഷ്ണം.
ജാതിയും മതവും തിരിച്ച് പേരിടുമ്പോള്‍, പ്രണയത്തിലും സൗഹൃദത്തിലും അവരവര്‍ക്ക് വേണ്ടുന്നവരെ കണ്ടെത്താമെന്ന അതി നീചവും അതി ഗൂഡവുമായൊരു ദുരുദ്ദേശ്യവുമുണ്ട്. തങ്ങളുടെ കുട്ടികള്‍ എന്നും തങ്ങളുടെ കൂട്ടില്‍ തന്നെ വളരണമെന്ന പൗരോഹിത്യ തന്ത്രം.
സൂചിമുന.
പേരുകള്‍ സൂക്ഷിക്കുമ്പോഴല്ല പേരുകള്‍ ഉപേക്ഷിക്കുമ്പോഴാണു ഒരാള്‍ മനുഷ്യനിലേക്ക് വളരുന്നത്.