കൊച്ചി: ജയസൂര്യയും ബോളിവുഡ് താരം അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് അര്‍ധരാത്രി എത്തും. നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ഒരുക്കുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ചിത്രം ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ കാണാന്‍ കഴിയും. പ്രൈം മെമ്പര്‍ഷിപ്പ് ആദ്യമായി എടുക്കുന്നവര്‍ക്ക് ഒരുമാസം സ്ട്രീമിംഗ് സൗജന്യമാണ്.
ഒരുമാസത്തേക്ക് 129 രൂപയാണ് പ്രൈം സ്ട്രീമിംഗിന് ഈടാക്കുക. ഒരു വര്‍ഷത്തേക്ക് 999 രൂപയുടെ പാക്കേജും ലഭ്യമാണ്. ഇതിന് പുറമെ പ്രൈം മ്യൂസിക് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലാണ് അതിഥി റാവു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് അതിഥി റാവു മലയാളത്തില്‍ വേഷമിടുന്നത്.
അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിനയ് ബാബുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക