സൂചിമുന/ തുന്നല്‍ക്കാരന്‍
ഒന്ന്.
ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേലാ, എന്നതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ശേലാണെന്നാണു കോണ്‍ഗ്രസ് ബി.ജെ.പിക്കാരുടെ വിചാരം. മണി താനും തന്റെ പാര്‍ട്ടിയും കൊലപാതകികളെന്ന് വിളിച്ചു പറഞ്ഞ് ഉറഞ്ഞുതുള്ളിയപ്പോള്‍ അവര്‍ പുന്നെല്ലുകണ്ട എലിയുടെ കണക്കെ സന്തോഷിച്ചു.
“ഒരുത്തനെ വെട്ടിയാ കൊന്നേ, ഒരുത്തനെ അടിച്ചു കൊന്നു, മറ്റൊരുത്തനെ വെടിവെച്ചാ കൊന്നേ, എന്ന് മാത്രമല്ല നമ്പരിട്ടാ കൊന്നത്. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ” എന്നൊരു പഴഞ്ചൊല്ലും മണിയാശാന്‍ കീച്ചി. ഉണ്ണാമന്‍, ഉലക്ക, മണ്ണാങ്കട്ട, ഊച്ചാളി, വായിനോക്കി ഇത്യാദി പ്രയോഗത്തിനിടയ്ക്ക് അത്യാവശ്യം പഴഞ്ചൊല്ലിലുള്ള തന്റെ പ്രാഗല്‍ഭ്യവും മണിയാശാന്‍ തെളിയിച്ചു. മുന്നിലിരുന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ വിനീതവിധേയരായ സഖാക്കളും.
[]
സഖാവ് ഇ.എം.എസിന്റെയും ഏ.കെ.ജിയുടെയുമൊക്കെ പ്രസംഗം കേട്ട് മധുരിച്ചുപോയ കാതുകളെ ഈ ഭ്രാന്തന്‍ സംസാരം എങ്ങനെയാണു സന്തോഷിപ്പിക്കുന്നതെന്ന് ഗവേഷണം നടത്തണം. ഈ പ്രതിവിപ്ലവത്തെ നിര്‍വ്വചിക്കാന്‍ സാക്ഷാല്‍ ഗ്രാംഷിയ്ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല.
മണികിലുക്കം ഇന്ത്യ മുഴുക്കെ കേള്‍പ്പിക്കാന്‍ മണിയ്ക്ക് സാധിച്ചു. അതിന്റെ ആഹ്ലാദത്തില്‍ നാവുകൊണ്ട് ചുണ്ടു തുടച്ച് മണി സംതൃപ്തനായപ്പോള്‍ അങ്ങകലെ തൃശൂലം കൊണ്ട് ഗര്‍ഭിണികളുടെ വയറു കുത്തിപ്പൊളിക്കാന്‍ നേതൃത്വം നല്‍കിയവനു സഹിച്ചില്ല. “ഞാനൊഴിഞ്ഞുണ്ടോ രാമനീ തൃഭുവനത്തിങ്കല്‍” എന്നായി ചോദ്യം…
രണ്ട്.
മണികിലുങ്ങിയത് വി.എസിനെ ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍ അത് എല്ലാ സഖാക്കളെയും ഒറ്റുകൊടുക്കുന്ന രീതിയിലുള്ള ഒരു പ്രകടനമായിപ്പോയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് തന്നെ മണി പറഞ്ഞത് പാര്‍ട്ടി നയമല്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.
കാലങ്ങളായി ഒരു പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുകൊണ്ടുവന്ന മഹാന്മാരായ നേതാക്കളെയും സ്‌നേഹസമ്പന്നരായ സഖാക്കളെയും ഒറ്റുകൊടുത്ത ഒരുവനോട് കാണിക്കാവുന്നതിലേറെ ഔദാര്യത്തോടെയാണു പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചത്…. അങ്ങനെ പ്രതികരിച്ചിരുന്നില്ലെങ്കില്‍ കാണാമായിരുന്നു…
മണിയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ പിന്നെ വിജയനും രക്ഷയുണ്ടാവില്ല..!
മൂന്ന്.
ക്രിസ്തുവിനെ വിപ്ലവകാരിയായും പാര്‍ട്ടിയുടെ അംബാസിഡറായും നിയമിച്ചപ്പോഴെങ്കിലും അദ്ദേഹം പറഞ്ഞ രണ്ട് വാചകമെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു.
പാര്‍ട്ടി സമ്പന്നമായപ്പോള്‍ അതിന്റെ നേതാക്കള്‍ പണ്ടത്തെ ഫ്യൂഡലിസ്റ്റ് കുടുംബങ്ങളിലെ മുടിയന്മാരായ പുത്രന്മാരെപ്പോലെയും അനന്തിരവന്മാരെപ്പോലെയുമായിരിക്കുന്നു. അവര്‍ക്ക് തോന്നിയതെല്ലാം പറയാനും ചെയ്യാനുമുള്ള അടിയാളരായി സാധാരണ സഖാക്കള്‍ മാറിയിരിക്കുന്നു. പണ്ടത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെക്കാള്‍ ഭയാനകമാണീ അവസ്ഥ!.
പണ്ട് ചോദ്യം ചോദിച്ച അടിയാളരെ ജന്മിത്വം ജീവനോടെ കുഴിച്ചുമൂടി, ചോദ്യങ്ങള്‍ മണ്ണിനടിയില്‍ നിന്നും നിരന്തരം മുറവിളിച്ചുകൊണ്ടിരുന്നു. ആ മുറവിളി കേട്ടത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ്.
ജന്മിത്വത്തെ വേരോടെ പിഴുതെറിയാന്‍ സാധിച്ചു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചകരായി അവര്‍ പാര്‍ട്ടിയെ കണ്ടു. പാര്‍ട്ടി എല്ലാ രീതിയിലും അതിനോട് നീതികാണിക്കുകയും അവരുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്യ്തു.
എന്നാല്‍ മുതലാളിത്തം അതിന്റെ എല്ലാവിധ ഭീകരതയോടെയും പാര്‍ട്ടിയെ ആക്രമിച്ചു കീഴടക്കിയിരിക്കുന്നു. പാര്‍ട്ടിയിലേക്ക് ഏറ്റവും മോശപ്പെട്ടവര്‍ കടന്നു വന്നിരിക്കുന്നു. അവരുടെ ചെയ്യ്തികളിലൂടെ ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു…..
അകന്നു പോകുന്നില്ലെങ്കില്‍ അവരെ മണി കിലുക്കി ഓടിയ്ക്കുക എന്നതാണു ഇത്തരം മുടിഞ്ഞ പുത്രന്മാരുടെ ലക്ഷ്യം.
മുറിക്കഷ്ണം..
ഇത് പഴയ കേരളമല്ലെന്നും ഇവിടെ പഴയ ഫ്യൂഡലിസ്റ്റ് മുതലാളിത്ത വിത്തുകള്‍ വിതച്ച് വിളവെടുക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടിയെ മനസ്സിലാക്കിക്കുന്നതായിരുന്നു സഖാവ് ടി.പിയുടെ രക്തസാക്ഷിത്വം. ഒരാള്‍ കൊല ചെയ്യപ്പെട്ടാല്‍ എന്ത് സംഭവിക്കാന്‍ എന്ന് മുതലാളിത്തം വിചാരിച്ചു.
ആശയം തലയില്‍ ഇല്ലാതെ വരുമ്പോള്‍ വാളെടുക്കുമെന്നത് ക്രിസ്തു പണ്ടേ പറഞ്ഞതാണു. പത്രോസിനോട് ഊരിയ വാള്‍ ഉറയിലിടാന്‍ ആജ്ഞാപിക്കുകയും “വാളെടുത്തവന്‍ വാളാല്‍” എന്ന് പറഞ്ഞ് പഠിപ്പിക്കുകയും ചെയ്യ്തതാണ്.
ക്രിസ്തുവിനെ വിപ്ലവകാരിയായും പാര്‍ട്ടിയുടെ അംബാസിഡറായും നിയമിച്ചപ്പോഴെങ്കിലും അദ്ദേഹം പറഞ്ഞ രണ്ട് വാചകമെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു.
സൂചിമുന.
എല്ലാ ചോരയും പോലെയല്ല കമ്യൂണിസ്റ്റിന്റെ ചോര……. !!
എത്ര “മണി” കിലുങ്ങിയാലും അത് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്നും ഒരു കൊലയാളിയും രക്ഷപ്പെടില്ല.
2012 മെയ് 31 ന് പ്രസിദ്ധീകരിച്ചത്