സൂചിമുന/ തുന്നല്‍ക്കാരന്‍
ഒരാള്‍ ഏറ്റവും സുന്ദരമായി സംസാരിക്കുക, താന്‍ ഇഷ്ടപ്പെടുന്നൊരു വിഷയത്തെക്കുറിച്ചാവും. കാമുകീ കാമുകന്മാര്‍ ഉപയോഗിക്കുന്ന ഭാഷ അതീവ ചാരുതയുള്ളതാവുന്നത് അത്രയും ആഴത്തിലും ആത്മാര്‍ത്ഥമായുമാണവര്‍ പരസ്പരവും മറ്റുള്ളവരോടും പ്രണയത്തെക്കുറിച്ച് സംസാരിക്കുക എന്നതിനാലാണ്.
വിജയന്‍ മാഷ് കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതൊരു പ്രണയഭാഷയായി മാറുകയും കേള്‍വിക്കാരന്‍ സ്‌നേഹപൂര്‍വ്വം അത് കേട്ടിരിക്കുകയും ചെയ്യുന്നത് മാഷിനു കമ്മ്യൂണിസത്തിലുള്ള വിശ്വാസത്താലും അതിനോടുള്ള പ്രണയത്താലുമാണ്. ആ പ്രണയത്തില്‍ മാഷിനു സംശയമൊന്നുമില്ല. അതിനാല്‍ കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാഷില്‍ നിന്നും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ഭാഷ ഹൃദ്യമായി പരന്നൊഴുകുന്നു. വാക്കുകള്‍ കൊണ്ട് മാത്രമല്ല ഒരു കമ്മ്യൂണിസ്റ്റ് സംവദിക്കുന്നത്, അയാളുടെ ശരീരവും നോട്ടവും പുഞ്ചിരിയും എല്ലാം മറ്റുള്ളവരോടുള്ള സ്‌നേഹസംവദിക്കലുകളാണ്.
കമ്മ്യൂണിസ്റ്റുകളുടെ ഭാഷ പൊതുവെ അഴകാര്‍ന്നതും ആത്മാര്‍ത്ഥവുമാണ്. അവരുടെ വാക്കുകള്‍ ഉപേക്ഷിച്ച് നടക്കാന്‍ അത്രയെളുപ്പമല്ല. കമ്യൂണിസ്റ്റുകള്‍ മഹത്വരമായൊരു ലോകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനുഷ്യരായവര്‍ക്ക് അതില്‍ നിന്നും ചെവി തിരിയ്ക്കാന്‍ സാധ്യമല്ല. ആ സമത്വസുന്ദരലോകത്തിലേക്ക് നമുക്കൊരുമിച്ച് യാത്ര ചെയ്യാമെന്നു കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ അയാള്‍ എല്ലാവരെയും കൂട്ടുചേര്‍ക്കുകയും കൂട്ടാവുകയുമാണ് ചെയ്യുന്നത്.
കമ്മ്യൂണിസത്തെ വലിയ മണിമേടകളില്‍ അടച്ചിട്ട് ഭരിക്കാമെന്ന് കരുതുന്നുവെങ്കില്‍, ഒന്നെങ്കില്‍ അവള്‍ പട്ടിണി കിടന്ന് മരിക്കുകയോ അല്ലെങ്കില്‍ ജനാലവഴി പുറത്തേയ്ക്ക് ചാടി തന്നെ ആവശ്യമുള്ളവരുടെ കൈകളിലേക്ക് എത്തുകയോ ചെയ്യുമെന്നതാണ് ചരിത്രം.
കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ വിചാരിക്കുന്നത് അവര്‍ കമ്മ്യൂണിസത്തിന്റെ ആങ്ങളമാരെന്നും അപ്പന്മാരെന്നുമാണ്; തങ്ങളുടെ പെങ്ങള്‍ക്ക്, തന്റെ മകള്‍ക്ക്, തെറ്റായൊരു പ്രണയം ഉണ്ടായിപ്പോയെന്നും അതിനാല്‍ അവളെ പ്രണയിച്ചവരെ ആദ്യം ചീത്ത വിളിക്കണമെന്നും തല്ലിയൊതുക്കണമെന്നും പിന്നെയും പ്രണയിക്കുന്നവരെ തെരുവിലിട്ട് വെട്ടിക്കൊല്ലണമെന്നും അത് മറ്റു കാമുകര്‍ക്കൊരു പാഠമാകണമെന്നുമാണ്!!.
ലോക ചരിത്രത്തില്‍ ഇന്നോളം പ്രണയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പ്രണയം ഒരു വിപ്ലവമാണ്. അത് ഇസത്തിനോടാവുമ്പോള്‍ ഏറ്റവും
തങ്ങളുടെ ശബ്ദമാണു കേള്‍പ്പിക്കപ്പെടേണ്ടതെന്ന രീതിയില്‍ പലതും വിളിച്ചു പറയുകയും അത് ശ്രദ്ധിക്കപ്പെടാനായി മനുഷ്യനു തരം താഴാവുന്നതിന്റെ അങ്ങേയറ്റം വരെ പോകാനും ശ്രമിക്കുന്നവര്‍ ലോക ചരിത്രത്തില്‍ നിരവധിയുണ്ടായിട്ടുണ്ട്. മാക്കിയാവെല്ലിയും നുണകളുടെ രാജാവായ ഗീബല്‍സും അങ്ങനെ ശബ്ദം കേള്‍പ്പിച്ചവരാണ്. നുണകള്‍ ഉച്ചത്തിലും ആവര്‍ത്തിച്ചും പറഞ്ഞാല്‍ മറ്റുള്ളവരുടെ ശബ്ദത്തിനുമപ്പുറത്തേയ്ക്ക് കടന്ന് തങ്ങള്‍ പറയുന്നത് മാത്രമാകും കേള്‍ക്കുകയെന്ന് വിചാരിക്കുന്നവര്‍…
പക്ഷേ, ഇവര്‍ എല്ലാവര്‍ക്കും മുകളില്‍ ശബ്ദമുയര്‍ത്തുകയും വീണ്ടും വീണ്ടും അന്തരീക്ഷത്തെയും മനസ്സിനെയും മലീമസമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.
എത്രയ്ക്ക് കഠിന കഠോരപദങ്ങളാല്‍ ഭര്‍ത്സിച്ചാലും കമ്മ്യൂണിസത്തെ ഇവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവരുടെ ജല്പനങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന കാതുകള്‍ ഇന്ന് കേരളത്തിലില്ല. കേള്‍ക്കാനുള്ള ഭാഷ കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞു. അതിനെ എത്രയ്ക്ക് വെട്ടുകളാല്‍ തുണ്ടം തുണ്ടമാക്കീയാലും ആ വാക്കുകള്‍ പിന്നെയും കോര്‍ത്തിണക്കപ്പെടും.
രക്തസാക്ഷിത്വം വലിയൊരു കേള്‍വിയാണ്…..! വാക്കുകള്‍ക്കും അപ്പുറത്തേയ്ക്കുള്ള കേള്‍വി.
വിജയന്‍ മാഷും സഖാവ് ചന്ദ്രശേഖരനുമൊക്കെ കേരളത്തിനൊരു ഭാഷ നല്‍കിയവരാണ്. ആ ഭാഷയെ കടന്നുപോകുന്നൊരു ഭാഷ മുതലാളിവര്‍ഗ്ഗത്തിന്റെ കാവല്‍ നായ്ക്കള്‍ക്ക് ഉണ്ടാവില്ല… അത് വെറും കുരമാത്രമായിരിക്കും…
ഭ്രാന്തന്‍ ഓരിയിടലുകള്‍ !!
ഇതൊന്നവസാനിക്കാന്‍ ജനം കാത്തിരിക്കും.സ്വയം അവസാനിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ അതവസാനിപ്പിക്കും..!
സൂചിമുന.
ഒരു റോസാപ്പൂവിനെ അമ്പത്തൊന്നായി പിച്ചിക്കീറുമ്പോള്‍………. അതിന്റെ സുഗന്ധത്തെ നിങ്ങള്‍ എന്തു ചെയ്യും..?