സോണിയുടെ ഫോണുകളും കമല്‍ഹാസന്റെ ചില സിനിമകളും ഒരേ സ്വഭാവത്തിലുള്ളവയാണ്. ഇറങ്ങുംവരെ സകലവിവരങ്ങളും രഹസ്യമായിരിക്കും! ഇറങ്ങിക്കഴിഞ്ഞതിനു ശേഷമേ നമ്മള്‍ അറിയൂ ഇതെന്താ സംഭവമെന്ന്. അതിനിടെ കേട്ടറിഞ്ഞതും മണത്തറിഞ്ഞതുമൊക്കെയായി ഒരു കൂട്ടം ഊഹാപോഹങ്ങളുടെ പെരുമഴയും നനയേണ്ടിവരും ആരാധകര്‍ക്ക്. സോണി ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന എക്‌സ്പീരിയ Z5സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചും പരന്നുതുടങ്ങിയിരിക്കുന്നു ഊഹാപോഹങ്ങള്‍. യൂട്യൂബില്‍ റിലീസായ ഒരു വീഡിയോയാണ് ഇപ്പോള്‍ ടെക്ക് കുതുകികള്‍ക്ക് ഊര്‍ജ്ജമേകിയിരിക്കുന്നത്.
4K വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യസ്മാര്‍ട്ട് ഫോണ്‍ എന്നതാണ് എക്‌സ്പീരിയ Z5നെക്കുറിച്ചുള്ള വീഡിയോയിലെ പ്രധാന ആകര്‍ഷണം. ഒപ്പം HD വീഡിയോ റെക്കോഡിങ്ങിനായി 23 MP ക്യാമറയും. സോണി കമ്പനിയിലെ ഒരു ഉന്നതോദ്യാഗസ്ഥനാണ് താന്‍ എന്ന രീതിയിലാണ് ഒരാള്‍ Z5നെ അവതരിപ്പിക്കുന്നത്. മൂന്നു വേര്‍ഷനുകളാണ് ഫോണിന് ഉണ്ടാവുക; 5.2 ഇഞ്ച്, 5.5 ഇഞ്ച്, 5.5 ഇഞ്ച് പ്രീമിയം എന്നിവ. ഇതില്‍ 5.5 ഇഞ്ച് പ്രീമിയത്തിനാണ് 4K ഡിസ്‌പ്ലേ ഉള്ളത്. ഒപ്പം 5X സൂം ഉള്ള 23 MP പിന്‍ക്യാമറയും, 8 MP മുന്‍ക്യാമറയും. “സെല്‍ഫിക്കാരെ” ഉദ്ദേശിച്ചാണെന്നു ചുരുക്കം.
സെക്യൂരിറ്റി കൂട്ടാനായി ഫിങ്കര്‍ പ്രിന്റ് വഴി തുറക്കാവുന്ന ലോക്കാണ് Z5ന് നല്‍കിയിരിക്കുന്നത്. 3GB RAM, 32 GB Internal Storage എന്നിങ്ങനെ പോകുന്നു വീഡിയോയിലെ വിശദീകരണങ്ങള്‍. തീര്‍ന്നില്ല, വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നിങ്ങനെ “ഓള്‍ ഇന്‍ ഓള്‍” പ്രൊട്ടക്ഷനാണ് Z5ന് കമ്പനി നല്‍കിയിരിക്കുന്നതത്രെ. മിക്കവാറും നാളെ ബെര്‍ലിനില്‍ നടക്കുന്ന IFA 2015ലാവും ഈ മൊബൈല്‍ ഭീമന്റെ എഴുന്നള്ളത്ത്. അതിനാല്‍ അല്‍പ്പംകൂടി കാത്തിരിക്കാം വിലകേട്ട് കണ്ണു തള്ളുമോ എന്നറിയാന്‍.