ദണ്ഡേവാഡ: മനുഷ്യാവകാശ പ്രവര്‍ത്തക സോണി സോറിയ്ക്ക് ചികിത്സ നിഷേധിച്ച് ഛത്തീസ്ഗഢ് ബിജെപി സര്‍ക്കാര്‍.
വിളര്‍ച്ച രൂക്ഷമായതിനേത്തുടര്‍ന്ന് സോണി സോറിയ്ക്ക് അടിയന്തിരമായി രക്തം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിനുള്ള ഒരു സൗകര്യവും സര്‍ക്കാരോ പൊലീസോ ഒരുക്കി നല്‍കിയില്ല.
ദണ്ഡേവാഡ ജില്ലാ ബ്ലഡ് ബാങ്ക് അവധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ചികിത്സ നിഷേധിക്കുന്നത്. രക്തം സ്വീകരിക്കണമെങ്കില്‍ തിങ്കളാഴ്ച്ചയാകണമെന്നും അധികൃതര്‍ പറഞ്ഞു.
ഇതേ ആശുപത്രിയില്‍ കൃത്യസമയത്ത് രക്തം നല്‍കാത്തതിനേത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി മരണപ്പെട്ടതായി സോണിയുടെ സുഹൃത്തും സന്നദ്ധപ്രവര്‍ത്തകനുമായ ലിംഗാറാം കൊഡോപ്പി പറഞ്ഞു.
കൃത്യമായി ചികിത്സ ലഭിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് സോണി സോറി. അവര്‍ക്ക് അനീമിയ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അവര്‍ക്ക് ഉടനടി രക്തം നല്‍കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
സോണി സോറിക്ക് രക്തം നല്‍കാമെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദന്തേവാഡയിലെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അടച്ചിരിക്കുയാണെന്നാണ് അവര്‍ പറയുന്നത്.
സോണി സോറിയുടെ കാര്യത്തിലും ഞങ്ങള്‍ക്ക് ഭയമുണ്ട്. എത്രയും പെട്ടെന്ന് തന്നെ അവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സോണി സോറി കഴിയുന്ന ആശുപത്രിയില്‍ വൈദ്യുതി പോലുമില്ലെന്നും രോഗികള്‍ പരിഭ്രാന്തരാണെന്നും ലിംഗാറാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.