കണ്ണിനുള്ളിലെ ക്യാമറയുമായി സോണിയും
Big Buy
കണ്ണിനുള്ളിലെ ക്യാമറയുമായി സോണിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2016, 1:07 pm

contact lense cam

ഗൂഗിളിനും സാംസങിനും ശേഷം കണ്ണടകള്‍ക്ക് പകരം കണ്ണിനുള്ളില്‍ ധരിക്കുന്ന കോണ്ടാക്ട് ലെന്‍സില്‍ ക്യാമറയെന്ന നൂതന സാങ്കേതിക വിദ്യയുമായി സോണി കമ്പനി രംഗത്ത്. ഇതിനുള്ള ആശയത്തിന് സോണി പേറ്റന്റ് ഫയല്‍ ചെയ്തു.

വിവിധ തരത്തില്‍ ഉള്ള കണ്ണുചിമ്മല്‍ ഉപയോഗിച്ചാണ് ഈ ക്യാമറയുടെ പ്രവര്‍ത്തനം.

ക്യാമറ, സ്റ്റോറെജ് സംവിധാനം, പ്രോസസിങ് യൂണിറ്റ് എന്നിവയാകും ഒരു കണ്ണിനുള്ളില്‍ ധരിക്കുന്ന കോണ്ടാക്ട് ലെന്‍സില്‍ ഉണ്ടാവുക. സാധാരണ രീതിയിലുള്ള കണ്ണു ചിമ്മലുകള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് സോണി സെന്‍സറുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

ക്യാമറ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉള്ള കണ്‍ചിമ്മലുകള്‍ മൂലം വീഡിയോയില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത് ചെറുക്കാനുള്ള സാങ്കേതിക വിദ്യയും അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗൂഗിളിനും സാംസങ്ങിനും ശേഷമാണ് സോണി ഇത്തരം ക്യാമറയുമായി രംഗത്ത് വരുന്നതെങ്കിലും മറ്റുള്ളവയേക്കാള്‍ ധാരാളം ഫീച്ചേഴ്‌സ് അവര്‍ തങ്ങളുടെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂം, അപ്പര്‍ച്ചര്‍ കണ്‍ട്രോള്‍ എന്നിവ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. എങ്കിലും അവ എങ്ങനെ ആകും പ്രവര്‍ത്തിപ്പിക്കുക എന്ന് സോണി പേറ്റന്റിനുവേണ്ടി സമര്‍പ്പിച്ച പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല.

പുതിയ ക്യാമറയുടെ വെളിപ്പെടുത്തലിനെ ആവേശത്തോടെയും അതോടൊപ്പം അല്‍പ്പം സംശയത്തോടെയുമാണ് ഐ.ടി. ലോകം കാണുന്നത്. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ക്യാമറയില്‍ കാണുമോ എന്നുള്ളത് കാത്തിരുന്നു തന്നെ കാണണം.