|

സോണി ലിവിന്റെ ആദ്യ മലയാളം സീരീസ്: പ്രൊമോ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ക്രൈം ഫയല്‍സിന് ശേഷം രാഹുല്‍ റിജി നായരിന്റെ പുതിയ മലയാളം സീരിസിന്റെ പ്രൊമോ ടീസറും റിലീസ് ഡേറ്റും പുറത്ത്. സൈജു കുറുപ്പ് നായകനായി വരുന്ന ‘ജയ് മഹേന്ദ്രന്‍’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് രാഹുല്‍ റിജി നായരാണ്. സംവിധാനം ശ്രീകാന്ത് മോഹന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്.

പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന സീരീസിന്റെ രസകരമായ പ്രൊമോ വീഡിയോ സോണി ലിവ് അവരുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി ഒമ്പതിന് സോണി ലിവ് ഒ.ടി.ടി വഴി റിലീസ് ചെയ്യും.

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കേരളാ ക്രൈം ഫയല്‍സാണ് മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്. ഇതിനു ശേഷം മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരീസുകളും റിലീസായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വഴിയായിരുന്നു ഈ സീരീസുകള്‍ പുറത്തിറങ്ങിയത്. സോണി ലിവ് വഴി റിലീസാവുന്ന ആദ്യ സീരീസാണ് ജയ് മഹേന്ദ്രന്‍.

സൈജു കുറുപ്പിനെക്കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിയന്‍പിള്ള രാജു, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും സീരീസിലുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം ചെയ്യുന്ന സീരീസിന്റെ സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്.

Content Highlight: Sony Liv first Malayalam series Jai Mahendran promo teaser

Latest Stories