കൂടെ കൊണ്ട് നടക്കാവുന്ന പോക്കറ്റ് പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി
Science and Technology
കൂടെ കൊണ്ട് നടക്കാവുന്ന പോക്കറ്റ് പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 11:53 pm

ഏത് പ്രതലവും സ്‌ക്രീനാക്കി മാറ്റാന്‍ സാധിക്കും എന്ന പരസ്യവാചകത്തോടെ ആഗോള ഭീമന്‍ മാരായ സോണി തങ്ങളുടെ കുഞ്ഞന്‍ പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കീശയില്‍ കൊണ്ട് നടക്കാവുന്നതും ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുമാണ് സോണി പ്രൊജക്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

എം.പി സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജകടര്‍ ആഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് സ്പീക്കറിന്റെ വിപണി വില.

ഇന്റല്ലി ബ്രൈറ്റ് ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പ്രൊജക്ടര്‍ മികച്ച ബ്രൈറ്റ്‌നെസ്സ് നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം. വികലമാവാത്ത മിഴിവേറിയ ദൃശ്യാനുഭവം പ്രൊജക്ടര്‍ നല്‍കും എന്നും സോണി പറയുന്നുണ്ട്.

അലൂമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രൊജക്ടറിന് 120 ഇഞ്ച് ദൂരേക്ക് (304 സെന്റിമീറ്റര്‍) വരെ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. 854 x 480 ആണ് പ്രൊജക്ടറിന്റെ റെസല്യൂഷന്‍.

5000 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് പ്രൊജകടറിലുള്ളത്. ഇതുവഴി രണ്ട് മണിക്കൂര്‍ സമയം വരെ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. എച്ച്.ഡി.എം.ഐ, യു.എസ്.ബി കേബിളുകള്‍ വഴി ലാപ്‌ടോപ് സമാര്‍ട്ട്‌ഫോണ്‍ എന്നിവ ഘടിപ്പിക്കാന്‍ സാധിക്കും.