ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നായ സി.ഐ.ഡിയുടെ പുതിയ സീസണിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഒരു മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ശിവാജി സതം, ആദിത്യ ശ്രീവാസ്തവ, ദയാനന്ദ് ഷെട്ടി എന്നിവര്‍ തന്നെയാകും ഈ സീസണിലും പ്രധാന വേഷത്തില്‍ എത്തുക. നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് പിന്നാലെ പലരും തങ്ങളുടെ പ്രിയ പരമ്പര തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്.
മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള ജനപ്രിയ ഹിന്ദി ക്രൈം ഡിറ്റക്ടീവ് ടെലിവിഷന്‍ പരമ്പരയായിരുന്നു സി.ഐ.ഡി. മുമ്പ് സോണി ടി.വിയില്‍ ആയിരുന്നു സി.ഐ.ഡി സംപ്രേഷണം ചെയ്തിരുന്നത്. 1998 ജനുവരി 21നായിരുന്നു ഈ പരമ്പര സോണിയില്‍ പ്രദര്‍ശനം തുടങ്ങിയത്.
2008 ജനുവരിയിലായിരുന്നു സി.ഐ.ഡിയുടെ 500ാം എപ്പിസോഡ് പ്രദര്‍ശിപ്പിച്ചത്. പിന്നീട് 2013 സെപ്റ്റംബറില്‍ 1000 എപ്പിസോഡും 2018 മാര്‍ച്ചില്‍ 1500 എപ്പിസോഡും എത്തി. 2018 ഒക്ടോബര്‍ 27നായിരുന്നു സി.ഐ.ഡിയുടെ അവസാന എപ്പിസോഡ് സംപ്രഷണം ചെയ്തത്. ആകെ 1547 എപ്പിസോഡുകളായിരുന്നു ഈ പരമ്പരക്ക് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ ടെലിവിഷന്‍ പരമ്പരയിലെ കള്‍ട്ട് ക്ലാസിക്കായി വിശേഷിപ്പിക്കുന്ന സി.ഐ.ഡി 2024 ഡിസംബര്‍ 21ന് 18 എപ്പിസോഡുകളായി സി.ഐ.ഡി റിട്ടേണ്‍സ് എന്ന പേരില്‍ എത്തിയിരുന്നു. നാളെ (ഫെബ്രുവരി 22) മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി പത്ത് മണിക്കാകും സി.ഐ.ഡിയുടെ എപ്പിസോഡുകള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക.
Content Highlight: Sony CID Series New Season Comes In Netflix