| Thursday, 6th May 2021, 10:58 pm

കൊവിഡ്  ബാധിച്ച അമ്മായിയ്ക്ക് ഓക്‌സിജന്‍ വേണമെന്ന് യോഗിയോട് റെയ്‌ന; പത്ത് മിനിറ്റില്‍ ഓക്‌സിജന്‍ എത്തിച്ച് സോനു സൂദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ : കൊവിഡ് ബാധിച്ച അമ്മായിയ്ക്ക് ഓക്‌സിജന്‍ വേണമെന്ന് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സുരേഷ് റെയ്‌നയ്ക്ക് സഹായമെത്തിച്ചത് സോനു സൂദ്. റെയ്‌നയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സോനു പത്ത് മിനിറ്റിനുള്ളില്‍ ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയായിരുന്നു.

കൊവിഡ് ബാധിച്ച തന്റെ അമ്മായിയ്ക്ക് ഓക്‌സിജന്‍ വേണമെന്നായിരുന്നു റെയ്‌നയുടെ ട്വീറ്റ്.  മീററ്റില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ അമ്മായിക്ക് ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് റെയ്ന അഭ്യര്‍ഥിച്ചത്.

2020ല്‍ കൊറോണ വൈറസ് തീവ്രമായി പടരാന്‍ തുടങ്ങിയ സമയം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവും സഹായങ്ങളും നല്‍കിക്കൊണ്ട് കൊവിഡ് പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് സോനു സൂദ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനായി ശ്രമിക്കുകയാണ് സോനു സൂദ് ഇപ്പോള്‍.

രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ തന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയത് നന്നായെന്ന് തോന്നുകയാണെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ നേരത്തെ പറഞ്ഞിരുന്നു.

‘എന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയതാണ്. ഇപ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ അതിന് ദൈവത്തോട് നന്ദി പറയാറുണ്ട്. അല്ലെങ്കില്‍ അവര്‍ തീര്‍ത്തും നിസ്സഹായരായി പോയേനെ, എനിക്ക് ഒന്നും ചെയ്യാനുമാകുമായിരുന്നില്ല.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓക്സിജന്‍ എത്തിക്കാന്‍ പറ്റാതാകുമ്പോള്‍ ഒരു തോറ്റുപോയ മനുഷ്യനെ പോലെ തോന്നിപ്പോകും. എന്താണ് ഈ ജീവിതത്തില്‍ നേടിയതെന്നൊക്കെ ആലോചിക്കും. ദല്‍ഹിയില്‍ വലിയ വീടുകളുള്ളവരാണ് ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഒരു പ്രിവില്ലേജുമില്ലാത്ത പാവപ്പെട്ടവരുടെ കാര്യം ആലോചിച്ചു നോക്കൂ,’ സോനു സൂദ് പറഞ്ഞു.

കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സോനു സൂദ് ആവശ്യപ്പെട്ടു. അങ്ങനെയാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട ആ കുട്ടികള്‍ക്കും ജനങ്ങള്‍ക്ക് മുഴുവനും ആരൊക്കെയോ തങ്ങള്‍ക്കുണ്ടെന്ന് തോന്നും. എപ്പോഴാണ് നമ്മള്‍ അവരെ സഹായിക്കാന്‍ പോകുന്നതെന്ന് ആലോചിച്ച് ഞാന്‍ നിസ്സഹായനാകുകയാണ്.

എല്ലാ ദിവസവും പുതിയ പ്രശ്നങ്ങളെ കുറിച്ച് അറിയുമ്പോള്‍ ഏത് രാജ്യത്താണ് ഈ ജീവിക്കുന്നതെന്ന് തോന്നിപ്പോകാറുണ്ടെന്നും സോനു സൂദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonu Sood comes to Suresh Raina’s aid after cricketer requests oxygen cylinder for relative

We use cookies to give you the best possible experience. Learn more