മുംബൈ: മുബൈയില്‍ നടന്ന സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനെതിരെ ശിവസേന എം.എല്‍.എയുടെ മകന്റെ ആക്രമണം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.എല്‍.എ പ്രകാശ് ഫതേര്‍പക്കറിന്റെ മകനാണ് ഗായകനെ സ്‌റ്റേജില്‍ കയറി ആക്രമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വേദിയില്‍ ഗാനമാലപിക്കുന്നതിനിടെ പ്രതി ഫോട്ടോയെടുക്കാനായി സ്‌റ്റേജിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. സോനു നിഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഗുലാം മുസ്തഫ ഖാനിന്റെ മകന്‍ റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പരിപാടി നടക്കുന്നതിനിടെ എം.എല്‍.എയുടെ മകന്‍ വേദിയിലേക്ക് കയറുന്നതും സോനുവിനെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സെല്‍ഫിയെടുക്കാന്‍ എം.എല്‍.എയുടെ മകന്‍ നിര്‍ബന്ധിച്ചൂവെന്നും ഇതിനിടെ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായെന്നും പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രകാശ് ഫതേര്‍പക്കറാണ് സോനുവിനെ മുംബൈ ചെമ്പൂരിലെ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. നാലു ദിവസമായി നീണ്ടുനിന്ന പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊതുവേദികളില്‍ പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാരുടെ സുരക്ഷ സംബന്ധമായ ചര്‍ച്ചകളും ഉയരുന്നുണ്ട്.
സംഭവത്തില്‍ സോനു നിഗം പ്രതികരിച്ചിട്ടില്ല. അതേസമയം താന്‍ സുഖമായിരിക്കുന്നെന്നും സഹോദരനും ബോഡിഗാര്‍ഡിനും പരിക്കേറ്റിട്ടുണ്ടെന്നും സോനു നിഗം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കലാകാരന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ അപലപനീയമാണെന്ന് റബ്ബാനിയുടെ സഹോദരന്‍ മുര്‍തുസയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സംഭവത്തിനോട് പ്രതികരിക്കാന്‍ എം.എല്‍.എയും തയ്യാറായിട്ടില്ല. വിഷയത്തില്‍ ചെമ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: Sonu Nigan attacked by MLA’s son amid live concert in Mumbai, case registered