| Monday, 17th April 2017, 6:09 pm

'പള്ളികളിലെ ബാങ്കുവിളികള്‍ അരോചകം,മുസ്‌ലിം അല്ലാത്ത ഞാനെന്തിന് ഈ അപസ്വരം കേള്‍ക്കണം'; ബാങ്കുവിളിയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത് ബോളിവുഡ് ഗായകന്‍ സോനു നിഗം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇടയ്ക്കിടെ ട്വീറ്റുകളിലൂടെ വിവാദത്തില്‍ ചെല്ലുന്നയാളാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ഇപ്പോഴിതാ മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് സോനു നിഗം വീണ്ടും വിവാദത്തില്‍ ചാടിയിരിക്കുകയാണ്. വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്‌ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്ന ട്വീറ്റാണ് സോനു ന്ിഗത്തിന് വിനയായത്.. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

പ്രവാചകന്‍ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കേണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ചോദിക്കുന്നു. മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തേസമയം, അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.


Also Read: 1000 കോടി മുതല്‍ മുടക്കില്‍ എം.ടിയുടെ രണ്ടാമൂഴം സിനിമയാകുന്നു; ഭീമനായി മോഹന്‍ലാല്‍


ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിക്കുന്നു. എന്നാല്‍ സോനു നിഗത്തെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നത് ട്വിറ്ററില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more