'മാറിനില്‍ക്കാനൊരുങ്ങി ഗാന്ധിമാര്‍?' കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സോണിയ ഗാന്ധി; പ്രിയങ്കയും സ്ഥാനമൊഴിഞ്ഞേക്കും
national news
'മാറിനില്‍ക്കാനൊരുങ്ങി ഗാന്ധിമാര്‍?' കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സോണിയ ഗാന്ധി; പ്രിയങ്കയും സ്ഥാനമൊഴിഞ്ഞേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 9:16 pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
പ്രയങ്കാ ഗാന്ധിയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും ഞായറാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപനം നടത്തുമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജി 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമര്‍ശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് നയിച്ചത്. നാളത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു.

മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.

ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അശോക്  ഗെലോട്ടിനെയോ ഖാര്‍ഗെയെയോ നേതൃസ്ഥാനമേല്‍പ്പിക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കള്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി, ഏറ്റവും പുതിയ പാര്‍ട്ടിയായ ആം ആദ്മിക്കൊപ്പം എത്തിയിരിക്കുകയാണ്.

ഇരു പാര്‍ട്ടികള്‍ക്കും ഇന്ത്യയിലാകെ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തര്‍പ്രദേശില്‍ മൂന്ന് ശതമാനം വോട്ട് പോലും നേടാന്‍ കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാല്‍ ഇന്നത്തെ ഫലം വന്നതോടെ കോണ്‍ഗ്രസ് പഞ്ചാബില്‍ അടിതെറ്റി വീണു.

ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ച് സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ വിജയിക്കാനായത് 55 സീറ്റുകളില്‍ മാത്രം. യു.പിയില്‍ 403 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയം രണ്ട് സീറ്റില്‍ ഒതുങ്ങി.