റായ്ബറേലിയില്‍ തനിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന എസ്.പിക്കും ബി.എസ്.പിക്കും നന്ദി അറിയിച്ച് സോണിയ ഗാന്ധി
D' Election 2019
റായ്ബറേലിയില്‍ തനിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന എസ്.പിക്കും ബി.എസ്.പിക്കും നന്ദി അറിയിച്ച് സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 10:42 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തും ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. റായ്ബറലേയില്‍ തനിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന എസ്.പിക്കും ബി.എസ്.പിക്കും സോണിയ നന്ദി അറിയിക്കുകയും ചെയ്തു.

പാര്‍ലമെന്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള  കോണ്‍ഗ്രസിന്റെ ഏക സാന്നിധ്യമാണ് റായ്ബറേലിയില്‍ നിന്നും ജയിച്ച സോണിയ.

‘എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പും പോലെ ഈ പ്രാവശ്യവും നിങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, എന്റെ ജയത്തിനായി ആഗ്രഹിച്ച എസ്.പി, ബി.എസ്.പി സ്വാഭിമാന്‍ ദള്‍ എന്നീ പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു’- സോണിയ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം തങ്ങളുടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നില്ല.

‘നിങ്ങളുടെ മുന്നിലെ ഒരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. ഞാന്‍ നിങ്ങളില്‍ നിന്നുമാണ് കരുത്ത് ആര്‍ജിക്കുന്നത്. നിങ്ങളാണ് എന്റെ യഥാര്‍ത്ഥ സ്വത്ത് റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സോണിയ പറയുന്നു.

‘രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും, കോണ്‍ഗ്രസില്‍ മുമ്പുണ്ടായിരുന്ന നേതാക്കളുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും ഞാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാണ്’- സോണിയ പറയുന്നു.

വരാനുള്ള കാലം കഠിനമായിരിക്കുമെന്നും, എന്നാല്‍ ജനങ്ങളുടെ വിശ്വാസം കൂടെയുള്ളതിനാല്‍ കോണ്‍ഗ്രസ് എല്ലാ പ്രതിസന്ധികളും തങ്ങള്‍ തരണം ചെയ്യുമെന്നും സോണിയ പറയുന്നു.


17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ അമേഠിയില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും തോറ്റിരുന്നു. സഖ്യം ചേര്‍ന്ന് മത്സരിച്ച എസ്.പി-ബി.എസ്.പി സഖ്യത്തിനും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നിന്നത് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഒമ്പത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥി നേടിയ ഭൂരിപക്ഷത്തെക്കാള്‍ ഒരുപാട് കൂടുതലാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.