| Wednesday, 30th December 2015, 11:50 am

ഗുരുദേവന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികളുടെ ശ്രമം: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:  ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഗുരുദേവന്റെ പൈതൃകം തട്ടിയെടുത്ത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. എസ്.എന്‍.ഡി.പിയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ ചിലര്‍ വളച്ചൊടിക്കുകയാണ്. ഗുരുദേവ ദര്‍ശനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ പറഞ്ഞു. 83ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായത് പിന്നാക്കക്കാരുടെ ശാക്തീകരണത്തിന്റെ ഫലമാണെന്നും സോണിയഗാന്ധി പറഞ്ഞു. മതേതര മൂല്യങ്ങള്‍ പ്രചരിപ്പിച്ച ശ്രീനാരായണഗുരു മത സംഘര്‍ഷങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ആഹ്വാനം ചെയ്തത്.എസ്.എന്‍.ഡി.പിയുടെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമാണ്.

കേരളത്തെ സാമൂഹികമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ എസ.്എന്‍.ഡി.പി യോഗത്തിന്റെ ഇടപെടലുകളോടെ ആര്‍.ശങ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ സോണിയ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം ഇന്നുവൈകീട്ട് തന്നെ സോണിയ ദല്‍ഹിയിലേക്ക് മടങ്ങും.

We use cookies to give you the best possible experience. Learn more