ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കു പുതിയ വ്യക്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തകസമിതി യോഗം ദല്‍ഹിയില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ മുഖം കാണിച്ചശേഷം യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തിരികെപ്പോയി.
അധ്യക്ഷപദവിയില്‍ അടുത്തയാളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുന്ന സ്ഥലത്തു തങ്ങളുടെ ആവശ്യം ഇല്ലെന്ന് സോണിയ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കിഴക്ക്, വടക്ക്-കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് മേഖലകളെ പ്രതിനിധീകരിച്ചുള്ള സമിതികളും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം മേഖലാ സമിതികളില്‍ തന്റെയും രാഹുലിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയതു പിഴവാണെന്നും സോണിയ പറഞ്ഞു.
ഇന്നത്തെ യോഗത്തില്‍ പുതിയ അധ്യക്ഷനെയോ അധ്യക്ഷയെയോ തെരഞ്ഞെടുക്കുമോ അതോ പതിവുപോലെ നാമനിര്‍ദ്ദേശം വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മുകുള്‍ വാസ്നികിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്‍പന്തിയില്‍ ഉള്ളത്. 59കാരനായ മുകുള്‍ വാസ്നിക് സംഘടന കാര്യങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിപരിചയമുള്ള നേതാവാണ്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയെങ്കിലും മുകുള്‍ വാസ്നിക് അദ്ധ്യക്ഷനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദളിത് വിഭാഗത്തില്‍ നിന്നുള്ളൊരാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണം എന്ന മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യവും കോണ്‍ഗ്രസ് പരിഗണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാവും നറുക്ക് വീഴുക.
ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേര് നേരത്തേ പറഞ്ഞുകേട്ടിരുന്നെങ്കിലും അവര്‍ തന്നെ സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസിനു മുന്നില്‍ അനായാസം അധ്യക്ഷപദവിയില്‍ തീരുമാനമുണ്ടാക്കാനുള്ള മാര്‍ഗം അടയുകയായിരുന്നു.
അതേസമയം ഒരു ഇടക്കാല അധ്യക്ഷനെ തീരുമാനിച്ച്, വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാവും ആ സ്ഥാനത്തേക്കു പരിഗണിക്കുക.
യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും പരിഗണിച്ചിരുന്നെങ്കിലും കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തെ അഭിനന്ദിച്ച സിന്ധ്യക്ക് ഇനി സാധ്യതയുണ്ടോ എന്നു സംശയമാണ്.