| Tuesday, 7th April 2020, 5:17 pm

'വിദേശയാത്രകള്‍ ഒഴിവാക്കണം, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തണം'; കൊവിഡ് പ്രതിരോധത്തിന് മോദിക്ക് നിര്‍ദേശം നല്‍കി സോണിയാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കി പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് നീക്കിവെക്കാന്‍ സര്‍ക്കാരിന് നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനായി എം.പി ഫണ്ടടക്കം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് നിര്‍ദേശവുമായി സോണിയാ ഗാന്ധി കത്തെഴുതിയത്.

എം.പി കെയര്‍ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാണ് സോണിയ പ്രധാനമായും ആവശ്യപ്പെട്ടത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചെലവിന്റെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ഇത് സഹായമാകുമെന്നും സോണിയ കത്തില്‍ വിശദമാക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ചെലവു ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അതിനായി പ്രധാനമന്ത്രി, മറ്റു കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

സര്‍ക്കാര്‍ പരസ്യങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നും സോണിയ കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചരണവും ഇളവുകളോടെ തുടരാമെന്നും സോണിയ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും നിര്‍മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിര്‍ത്തിവെക്കണമെന്നും സോണിയ ആവശ്യപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണമെന്നും സോണിയ കത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തിരുന്നു. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിന്നു. ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക എന്നും അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more