ന്യൂദല്‍ഹി: വനിതാസംവരണ ബില്ലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സ്ത്രീ പ്രാതിനിധ്യത്തിനായി ലോക്സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സോണിയ കത്തയച്ചത്.
Also Read: ആന്ധ്രയുടെ പുതിയ നിയമസഭയുടെ ഡിസൈന്‍ തയ്യാറാക്കുന്നത് രാജമൗലി ???
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കത്തിനെ തള്ളികളഞ്ഞ ബി.ജെ.പി മുന്‍സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ബില്‍ പാസാക്കിയില്ലെന്നും ചോദിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ ബില്ല് വനിതാ ശാക്തീകരണത്തിലെ സുപ്രധാന ചുവടുവെയ്പാകുമെന്ന് പറഞ്ഞ സോണിയ ബില്ലിന് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അറിയിക്കുകയായിരുന്നു.
രാജ്യസഭ 2010 ല്‍ പാസ്സാക്കിയ ബില്‍ ഇന്നും ലോകസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സഭയിലെ നിങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ബില്‍ പാസാക്കണമെന്നുമായിരുന്നു സോണിയ ആവശ്യപ്പെട്ടത്.
എന്നാല്‍ കത്തിനെ തള്ളി രംഗത്തെത്തിയ ബി.ജെ.പി നേതാവ് നരസിംഹ റാവു സോണിയ കത്തെഴുതേണ്ടത് പ്രധാനമന്ത്രിക്കല്ലെന്നും തന്റെ സഖ്യകക്ഷികള്‍ക്കാണെന്നും തുറന്നടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണക്കാലത്ത് ആര്‍.ജെ.ഡിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ബില്ലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറിയിരുന്നത് ഇത് പരാമര്‍ശിച്ചാണ് ബി.ജെ.പി നേതാക്കളുടെ പരിഹാസം.
യു.പി.എ അധികാരത്തിലിരുന്ന കാലയളവില്‍ വനിതാ സംവരണബില്ലിനെ എതിര്‍ത്തത് എന്തിനെന്ന് ചോദിച്ച് സഖ്യകക്ഷി നേതാക്കളായ ലാലു പ്രസാദ് യാദവിനും മുലായം സിങ് യാദവിനുമാണ് സോണിയ ഗാന്ധി എഴുതേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.