| Monday, 13th May 2024, 12:12 pm

ഇന്ത്യയിലെ ദുഷ്‌കരമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമുണ്ട്; വീഡിയോ സന്ദേശവുമായി സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ വനിതാ വോട്ടര്‍മാര്‍ക്ക് വീഡിയോ സന്ദേശവുമായി രാജ്യസഭാ എം.പിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി. രാജ്യത്തെ ദുഷ്‌കരമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സന്ദേശം.

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം ലഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും സോണിയ വാഗ്ദാനം നല്‍കി. രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയില്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ‘മഹാലക്ഷ്മി പദ്ധതി’ ഒരു ജീവനാഡിയായി മാറുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

പ്രതിമസം 8,500 രൂപ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവര്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് മോചിതരാവുമെന്ന് മഹാലക്ഷ്മി പദ്ധതി ഉറപ്പുനല്‍കുന്നുണ്ടെന്നും സോണിയ പറയുന്നു. കര്‍ണാടകയിലെയും തെലങ്കാനയിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ കോണ്‍ഗ്രസ് പദ്ധതികള്‍ മികച്ച രീതിയില്‍ സ്വാധീനിച്ചുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

വിവരാവകാശം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യസുരക്ഷ തുടങ്ങിയ പരിപാടികളിലൂടെ ഇന്ത്യന്‍ ജനതയെ ശാക്തീകരിക്കാനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതികളെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിലും ആധുനിക ഇന്ത്യയുടെ വികസനത്തിലും സ്ത്രീകള്‍ വഹിച്ച പങ്കും സോണിയ ചൂണ്ടിക്കാട്ടി.

അതേസമയം സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് അമിത് ഷാ പറഞ്ഞത്.

ഗാന്ധി കുടുംബം കള്ളം പറയുന്നതില്‍ വിദഗ്ദരാണെന്നും എല്ലാ സ്ത്രീകള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. കൂടാതെ ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Content Highlight: Sonia Gandhi with a video message to women voters in India

We use cookies to give you the best possible experience. Learn more