റായ്ബറേലിയിലെ ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി; ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സോണിയ ​ഗാന്ധി
India
റായ്ബറേലിയിലെ ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി; ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സോണിയ ​ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th February 2024, 5:58 pm

ന്യൂദൽഹി: പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജസ്ഥാനിലെ രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

2004 മുതൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സോണിയ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നത്. ഇന്ന് താൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം റായ്ബറേലിയിലെ ജനങ്ങളാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

‘നിങ്ങളെനിക്ക് നൽകിയ വിശ്വാസത്തെ മാനിക്കാൻ ഞാനെപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം വരുന്ന ലോക്‌സഭ തെരഞ്ഞെപ്പിൽ ഞാൻ മത്സരിക്കില്ല. അതിനാൽ ഇനിയങ്ങോട്ട് നിങ്ങളെ നേരിട്ട് സേവിക്കാൻ സാധിക്കില്ലെങ്കിലും എന്റെ മനസ്സ് നിങ്ങൾക്കൊപ്പം എന്നുമുണ്ടായിരിക്കും. മുൻകാലങ്ങളിലേത് പോലെ തന്നെ ഇനിയങ്ങോട്ടും നിങ്ങളെന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് അറിയാം’, സോണിയ ഗാന്ധി പറഞ്ഞു.

റായ്ബറേലി മണ്ഡലത്തിൽ തനിക്ക് പകരം നെഹ്‌റു കുടുംബാം​ഗം തന്നെയാകും മത്സരിക്കുകയെന്ന് സോണിയ ​ഗാന്ധി സൂചന നൽകി. മകൾ പ്രിയങ്ക ഗാന്ധിയായിരിക്കും റായ്ബറേലിയിൽ നിന്നും മത്സരിക്കുന്നതെന്ന ചർച്ചകളും സജീവമാണ്.

പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. റായ്ബറേലി നഷ്ടപ്പെടുമെന്ന് കോൺഗ്രസിന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു.’ കോൺഗ്രസിന് ഉത്തർപ്രദേശുമായി ഭാവിയിൽ ഒരു ബന്ധവുമുണ്ടാകില്ലെന്നത് വ്യക്തമാണ്. ഉത്തർപ്രദേശ് നെഹ്‌റു കുടുംബത്തെ രാഷ്ട്രീയമായി വളർത്തി. എന്നാൽ അമേഠി നഷ്ടപ്പെട്ടത് പോലെ റായ്ബറേലിയും നഷ്ടപ്പെടുമെന്ന് കോൺഗ്രസിനിപ്പോൾ ഭയമാണ്’, ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

രാജസ്ഥാനിലെ ബി.ജെ.പി വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ‘അഞ്ച് വർഷം രാജസ്ഥാൻ ഭരിച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്തെ സ്ത്രീകളുൾപ്പടെയുള്ള ജനങ്ങളെ പീഡിപ്പിക്കുകയാണ് ചെയ്തത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. എന്നിട്ടും സോണിയ ഗാന്ധി മൗനം പാലിച്ചു കൊണ്ട് സർക്കാരിനെ സംരക്ഷിക്കുകയാണ് ചെയ്തത്’, ലക്ഷ്മികാന്ത് ഭരദ്വാജ് പറഞ്ഞു

ഉത്തർപ്രദേശിലെ അമേഠിയും റായ്ബറേലിയും കോൺഗ്രസിന്റെ രണ്ട് ശക്തമായ അടിത്തറയായിരുന്നു. എന്നാൽ അമേഠിയിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

Contant Highlight: Sonia Gandhi will not contest the upcoming Lok Sabha elections