ന്യൂദല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. ലഖിംപൂരില്‍ പ്രിയങ്കയുടെയും രാഹുലിന്റേയും ഇടപെടല്‍ ഗുണം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
വിമതനേതാക്കളിലൊരാളായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്റേയും ജി 23 യോഗത്തിന്റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.
മുഴുവന്‍ സമയ അധ്യക്ഷനെ കോണ്‍ഗ്രസിന് വേണമെന്നാണ് ഗുലാം നബി ആസാദിന്റേയും കപില്‍ സിബലിന്റേയും ആവശ്യം. എന്നാല്‍ വിമത ശബ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.