| Friday, 7th May 2021, 4:08 pm

മോദി ജനങ്ങള്‍ക്ക് മുന്നില്‍ തോറ്റു; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ അടിയന്തര സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് സോണിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെപ്പറ്റി വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു സോണിയ ഈ ആവശ്യമുന്നയിച്ചത്.

‘രാജ്യത്ത് ഇന്ന് 4.14 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3900 പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. ഈ മഹാമാരി കൈകാര്യം ചെയ്യാന്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ ഒന്നിച്ചുചേര്‍ന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമാണിത്. ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എന്തെങ്കിലും ഉടനടി ചെയ്‌തേ മതിയാകൂ,’ സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് സോണിയയുടെ പരാമര്‍ശം.

നിലവില്‍ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നത്. 117 പേരാണ് പശ്ചിമബംഗാളില്‍ മാത്രം മരിച്ചത്.

3915 പേരാണ് രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടിട്ടുള്ളത്. പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 2,30,168ലേക്കെത്തി.

അതേസമയം കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മൂന്നാം തരംഗം കൂടുതല്‍ രൂക്ഷമായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന കൊവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിലവിലത്തേതിനെക്കാള്‍ മരണനിരക്ക് ഉയരുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് കൊവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തല്‍. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജൂണ്‍ 11 ഓടെ 404000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.

രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sonia Gandhi  Urges all-party meet on Covid

Latest Stories

We use cookies to give you the best possible experience. Learn more