ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കുറച്ച് മാസം കൂടി സോണിയ ഗാന്ധി തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘തെരഞ്ഞെടുപ്പിന് സമയം വേണമെന്നിരിക്കെ ദ്രുതഗതിയിലുള്ള തീരുമാനം പ്രതീക്ഷിക്കരുത്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരണമെന്ന് തങ്ങള്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’
നേരത്തെ 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടു കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി അത്തരത്തിലൊരു വാക്ക് ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളിലും പ്രചരണങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.
പരസ്പരം പോരടിക്കുകയും കോണ്‍ഗ്രസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരം മോദി സര്‍ക്കാരിന്റെ നിര്‍ദ്ദയമായ ഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും സുര്‍ജേവാല പ്രതികരിച്ചു. കപില്‍ സിബലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്! ‘
കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. എന്നാല്‍ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തിപരമായി അറിയിച്ചതുകൊണ്ട് ആ വിഷയത്തില്‍ ഇട്ട ട്വീറ്റ് താന്‍ പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചിരുന്നു.
ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sonia Gandhi AICC President