| Sunday, 30th June 2024, 9:28 am

സമവായത്തിന്റെ മൂല്യത്തെ കുറിച്ച് പ്രസംഗിക്കുകയും ഏറ്റുമുട്ടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മോദിയുടേത്: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒരേസമയം സമവായത്തിന്റെ മൂല്യത്തെ കുറിച്ച് പ്രസംഗിക്കുകയും ഏറ്റുമുട്ടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കോൺഗ്രസ് നേതാവും രാജ്യ സഭാ എം.പിയുമായ സോണിയ ഗാന്ധി.

മോദി അടിയന്തരാവസ്ഥയെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത് ഭരണഘടനക്കെതിരെയുള്ള അക്രമണകളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ കാലത്ത് മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മോദിയെ പോലുള്ളവർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

Also Read: ജോഷി സാറിന്റെ സെറ്റില്‍ മറ്റൊരാളുടെയും ശബ്ദം കേള്‍ക്കില്ല; പക്ഷെ അദ്ദേഹം ഒരു പാവം മനുഷ്യനാണ്: ജിസ് ജോയ്

പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെയും നീറ്റ് വിഷയത്തെയും ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടന്നത്. സമവായത്തിൻ്റെ മൂല്യത്തെ കുറിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റുമുട്ടലിലാണ് താത്പര്യം എന്നും സോണിയ ഗാന്ധി പറഞ്ഞു.

‘ഒന്നും മാറിയിട്ടില്ലെന്ന മട്ടിൽ പ്രധാനമന്ത്രി തുടരുന്നു. അദ്ദേഹം സമവായത്തിൻ്റെ മൂല്യം പ്രസംഗിക്കുന്നു, എന്നാൽ ഏറ്റുമുട്ടലിന് മൂല്യം നൽകുന്നത് തുടരുന്നു,’ അവർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നും ഇതുവരെ ബി.ജെ.പി മുക്തി നേടിയിട്ടില്ലെന്നും, ലഭിച്ച സീറ്റുകളുടെ എണ്ണത്തോട് അവർക്ക് ഇത് വരെയും പൊരുത്തപ്പെടാനായിട്ടില്ലെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

‘1977 മാർച്ചിൽ, നമ്മുടെ രാജ്യത്തെ ജനങ്ങൾ അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായ വിധി പുറപ്പെടുവിച്ചു എന്നത് ചരിത്ര വസ്തുതയാണ്, അത് മടികൂടാതെ അംഗീകരിക്കുന്നു. മോദിയും അദ്ദേഹത്തിൻ്റെ പാർട്ടിയും ഒരിക്കലും നേടിയിട്ടില്ലാത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നതും ആ ചരിത്രത്തിൻ്റെ ഭാഗമാണ്,’ സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ ഭാവിയിൽ ഒരു ശ്രദ്ധയും ചെലുത്താത്ത പ്രധാനമന്ത്രി ഇപ്പോഴും പഴയ കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെട്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു. പരീക്ഷ പേ ചർച്ചക്കു പകരം തകർന്നടിഞ്ഞ കുടുംബങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് നടക്കേണ്ടതെന്നും, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Sonia Gandhi takes ‘assault on Constitution’ dig at PM over Emergency remarks

We use cookies to give you the best possible experience. Learn more