| Saturday, 2nd November 2019, 8:49 pm

'പ്രധാനമന്ത്രി തിരക്കിലാണ്, അദ്ദേഹത്തിന് തലക്കെട്ടുകള്‍ സൃഷ്ടിക്കാനുണ്ട്'; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവച്ച കേന്ദ്രത്തിനെതിരെ സോണിയാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.സി.ഇ.പി കരാറില്‍ ഒപ്പുവച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി തലക്കെട്ടുകള്‍ ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും സോണിയ പറഞ്ഞു.

ആര്‍.സി.ഇ.പി കരാര്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുകയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണുകയാണ് വേണ്ടത്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തലക്കെട്ടുകള്‍ ഉണ്ടാക്കുന്നതിന്റെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ്’, സോണിയ വിമര്‍ശിച്ചു.

‘ഒരു പൗരന്‍ എന്ന നിലയിലും ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ അംഗമെന്ന നിലയിലും രാജ്യം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ എനിക്ക് അതിയായ വേദനയുണ്ട്. സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് അതിനേക്കാള്‍ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം’.

‘സാമ്പത്തിക മേഖലയില്‍ അവരെടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുകഴിയാത്തത് കൊണ്ടാവും ഇപ്പോള്‍ ആര്‍.സി.ഇ.പി കരാറിനും കൈ കൊടുക്കുന്നത്. ഇത് രാജ്യത്തെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട തൊഴിലാളികള്‍ക്കും തീരാ ദുരിതമാവും സമ്മാനിക്കുക’, സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

വാട്‌സ് ആപ്പിലൂടെ ഇസ്രഈലി കമ്പനി രാജ്യത്തെ പ്രമുഖരായ പലരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിലും സോണിയ കേന്ദ്രത്തിനെതിരെ ആരോപണമുന്നയിച്ചു. ‘ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ വിവരം രാജ്യത്തെ ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു എന്നതാണ്. ഇത് നിയമലംഘനം മാത്രമല്ല, മറിച്ച് ഭരണഘടനാ വിരുദ്ധവും നാണക്കേടുണ്ടാക്കുന്ന കാര്യവുമാണ്’.

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി.എസ്.ടിയും തെറ്റായ സാമ്പത്തിക നയങ്ങളും സൃഷ്ടിച്ചത് അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്. ആറ് വര്‍ഷങ്ങള്‍കൊണ്ട് 90 ലക്ഷം ആളുകളാണ് തൊഴില്‍ രഹിതരായതെന്നും സോണിയാഗാന്ധി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more