'കര്‍ഷകരുടെ വിളകള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കണം, അതാണ് രാജധര്‍മ്മം'; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയാ ഗാന്ധി
national news
'കര്‍ഷകരുടെ വിളകള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കണം, അതാണ് രാജധര്‍മ്മം'; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 2:44 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജധര്‍മ്മം പാലിക്കാന്‍ ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ക്കിത് നിറംമങ്ങിയ ദീപാവലിയാണെന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മിനിമം താങ്ങുവിലയേക്കാള്‍ കുറഞ്ഞ നിരക്കാണ് കര്‍ഷകള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്നതെന്നും സോണിയ പറഞ്ഞു.

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സോണിയഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ 2018ല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എന്തായിരുന്നെന്ന് തിരിഞ്ഞുനോക്കണം. ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്കില്‍ മിനിമം താങ്ങുവില നല്‍കുമെന്നാണ് അന്ന് കേന്ദ്രം പറഞ്ഞിരുന്നത്. കൃഷിക്കാര്‍ ഇടനിലക്കാരുടെ ചൂഷണത്തില്‍ വലയുകയാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവിലയേക്കാള്‍ 22.5 ശതമാനം കുറവാണ് ലഭിക്കുന്നതെന്നും ഇതുമൂലം കര്‍ഷകര്‍ക്ക് 50,000 കോടിയുടെ നഷ്ടമുണ്ടായെന്നും സോണിയ പറഞ്ഞു. ആരാണ് ഇതിന് നഷ്ടമേറ്റെടുക്കുകയെന്നും അവര്‍ ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധികാരത്തിലേറിയതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ വിലയും നികുതിയും കൂട്ടിയതും ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതും കര്‍ഷകര്‍ക്ക് ഇരുട്ടടി കിട്ടിയതുപോലെയായെന്നും സോണിയ പറഞ്ഞു.

‘ഒരുഭാഗത്ത് ബി.ജെ.പി സര്‍ക്കാര്‍ വളത്തിന് നാല് ശതമാനവും ഉപകരണങ്ങള്‍ക്ക് 12 ശതമാനവും കീടനാശിനിക്ക് 18 ശതമാനവും ജി.എസ്.ടി ചുമത്തി കര്‍ഷകരെ പിഴിയുന്നു. മറുഭാഗത്ത് ഡീസല്‍ വില വര്‍ദ്ധനയും വിളവുകളുടെ വിലയിടിവും മൂലം അവരുടെ ജീവിതങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു’

‘കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഇരട്ടി പ്രഹരം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അവരുടെ വിളകള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കണം. അതാണ് യഥാര്‍ത്ഥ രാജധര്‍മ്മം’ സോണിയ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ