| Saturday, 18th April 2020, 9:10 pm

എ.കെ ആന്‍ണി, അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കളെ അരികിലേക്കൊതുക്കി സോണിയ; രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിന് കളമൊരുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശനിയാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ ഉപദേശക സമിതിയില്‍ ഇടം കണ്ടെത്തിയതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിന് വേഗതയേറി. കഴിഞ്ഞ 20 വര്‍ഷമെങ്കിലും ആയി ഉപദേശക സമിതിയില്‍ അംഗങ്ങളായിരുന്ന എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരെ ഒഴിവാക്കി രാഹുല്‍ അനുകൂലികളായ നേതാക്കളാണ് സമിതിയില്‍ ഇടം കണ്ടെത്തിയത്.

വരും ദിവസങ്ങളില്‍ ഈ സമിതിയുടെ തീരുമാനങ്ങളായിരിക്കും കോണ്‍ഗ്രസ് രാജ്യത്ത് ഏത് രീതിയില്‍ ചലിക്കണമെന്ന് തീരുമാനിക്കുക. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ ഇടപെടാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ പ്രാവീണ്യമുള്ള നേതാക്കളാണ് സമിതിയില്‍ ഇടം നേടിയിരിക്കുന്നത്.

പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ് പോലെയുള്ള നേതാക്കളെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് തന്നെ വരും നാളുകളില്‍ ഇനി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കുക രാഹുലും അനുകൂലികളായ യുവസംഘവുമായിരിക്കും എന്നതിന്റെ പ്രഖ്യാപനമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താലും ഇല്ലെങ്കിലും കോണ്‍ഗ്രസ് സംഘടന കാര്യങ്ങളില്‍ ഇനി രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാന തീരുമാനങ്ങളെടുക്കുക എന്നതിന്റെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനമെന്നും നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം.

പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടിയാണ് ഉപദേശക സമിതി രൂപീകരിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് സമിതിയുടെ ചെയര്‍മാന്‍.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗമായ ഈ സമിതിയുടെ കണ്‍വീനര്‍ പാര്‍ട്ടി മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ്. എല്ലാ ദിവസവും നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ സമിതി യോഗം ചേരും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കൂടാതെ മുന്‍ ധനമന്ത്രി പി.ചിദംബരം, മുന്‍ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരി, ജയറാം രമേഷ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളായ പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥെ, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രോഹന്‍ ഗുപ്ത എന്നിവരും സമിതിയിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more