| Wednesday, 22nd July 2015, 8:20 pm

തരൂരിന് സോണിയയുടെ ശക്തമായ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശക്തമായ താക്കീത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ശശി തരൂര്‍ പരസ്യമായി നിലപാടെടുത്തുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി തരൂരിനോട് ചൂടായത്.

മൂന്നു ബി.ജെ.പി നേതാക്കളുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്ന തതരൂരിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. “നിങ്ങള്‍ എല്ലായ്‌പോഴും ഇങ്ങനെ ചെയ്യുന്നു, ഇത് നിങ്ങള്‍ക്ക് ശീലമായിട്ടുണ്ട്” എന്നാണ് സോണിയ തരൂരിനോട് പറഞ്ഞത്. കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ വെച്ചാണ് സോണിയ തരൂരിന് താക്കീത് നല്‍കിയത്. രാഹുല്‍ ഗാന്ധി ഇടപെട്ടാണ്‌ രംഗം തണുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തരൂര്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതായി മറ്റു എം.പിമാരും പരാതിപ്പെട്ടിരുന്നു. ലളിത് മോദി വിഷയത്തില്‍ ആരോപിതരായ വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരെയും വ്യാപം കേസില്‍  ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് എം.പിമാര്‍ നടത്തുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിലെ സഭ പരാചയപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more